
ലോക്ക്ഡൗൺ കാലം കഴിഞ്ഞ് അൺലോക്കിന്റെ ആശ്വാസത്തിലേക്ക് എത്തുമ്പോൾ സേവ് ദ ഡേറ്റ് വെഡ്ഡിംഗ് ഫോട്ടോ ഷൂട്ടും വീണ്ടും സജീവമാകുകയാണ്. ഫോട്ടോ ഗ്രാഫറുടെ ആശയമാണ് വെഡ്ഡിംഗ് ഫോട്ടോയിലൂടെ പുറത്ത് വരുന്നതെങ്കിലും പലപ്പോഴും സമൂഹത്തിന്റെ പ്രതികരണങ്ങൾ ഏറ്റുവാങ്ങേണ്ടി വരുന്നത് പ്രതിശ്രുത വരനും വധുവിനുമാകും. സേവ് ദ ഡേറ്റ് ഫോട്ടോകൾ വീണ്ടും സജീവമാകുമ്പോൾ ഏറെ ശ്രദ്ധേയമാവുകയാണ് കരിവീരന്റെ പശ്ചാത്തലത്തിൽ തയ്യാറാക്കിയ ഈ സേവ് ദ ഡേറ്റ് ഫോട്ടോകൾ. ആദർശ് രാജ് - സ്‌നേഹ മുരളി എന്നിവരുടെ വിവാഹത്തിന് മുന്നോടിയായിട്ടാണ് ഈ ചിത്രങ്ങൾ തയ്യാറാക്കിയത്. സമൂഹമാദ്ധ്യമങ്ങളിൽ ഈ ചിത്രങ്ങളിപ്പോൾ വൈറലാണ്.
പാരമ്പര്യം മുറുകെ പിടിച്ചുള്ള ആശയമാണ് ഫോട്ടോഷൂട്ടിന് ഉപയോഗിച്ചിരിക്കുന്നത്. പുത്തൻകുളം ഉണ്ണിമങ്ങാട് ഗണപതിയെന്ന ആനയെയാണ് ഫോട്ടോഷൂട്ടിൽ ഉപയോഗിച്ചത്. കൊല്ലം അയത്തിലുള്ള പുളിന്താനത്ത് തറവാടും പശ്ചാത്തലമാകുന്നുണ്ട്. തൃശൂരിലെ ബ്ലാക് പെപ്പറിനു വേണ്ടി ജിജീഷ് കൃഷ്ണനും സംഘവുമാണ് ചിത്രങ്ങൾ പകർത്തിയത്. കേരളപ്പിറവി ദിനമായ നവംബർ ഒന്നിനാണ് ആണ് ആദർശ് രാജിന്റെയും സ്‌നേഹ മുരളിയുടേയും വിവാഹം. ഇരുവർക്കും വിവാഹ ആശംസകൾ...





