kumanam-rajasekharan

പത്തനംതിട്ട: തനിക്കെതിരായ സാമ്പത്തിക ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്ന് ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ. തന്റെ ഒപ്പമുണ്ടായിരുന്ന പ്രവീണിന് ഇതിൽ എത്ര മാത്രം പങ്കുണ്ടെന്ന് അറിയില്ല. താൻ ഗവർണർ ആയിരുന്നപ്പോഴാണ് ഒരു സെക്രട്ടറിയെ വേണമെന്നതിനാൽ പ്രവീണിനെ ഒപ്പം കൂട്ടിയത്. അതിനു ശേഷം എന്താണ് നടന്നതെന്ന് അറിയില്ലെന്നും കുമ്മനം രാജശേഖരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.

പാർലമെന്റ് തിരഞ്ഞെടുപ്പിന് ശേഷം താൻ ബി.ജെ.പിയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് പ്രവർത്തിക്കുകയാണ്. ഈ കമ്പനിയുടെ പ്രവർത്തനത്തെ കുറിച്ച് തനിക്ക് അറിയില്ല. ഇന്ന് രാവിലെ മാദ്ധ്യമങ്ങളിലൂടെയാണ് ഇക്കാര്യം അറിയുന്നത്. എഫ്.ഐ.ആർ ഇടുന്നത് ആരായാലും എന്നെ പോലൊരാൾക്കെതിരെ പരാതി ലഭിക്കുമ്പോൾ വിശദീകരണം ചോദിക്കേണ്ടതാണ്. ഇതിന് പിന്നിൽ രാഷ്ട്രീയമുണ്ട്. രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടിയുളള ശ്രമമാണ് ഇതെന്നും കുമ്മനം ആരോപിച്ചു.

വ്യക്തിപരമായോ അല്ലാതെയോ തനിക്ക് ഈ ഇടപാടിൽ ബന്ധമില്ല. എന്നാൽ എന്നെ ഇതിൽ കുടുക്കി നേട്ടമുണ്ടാക്കാനാണ് പൊലീസ് വരെ ശ്രമിക്കുന്നത്. രാഷ്ട്രീയ നീക്കത്തിന് പൊലീസ് നേതൃത്വം കൊടുക്കുന്നത് ശരിയല്ല. ഫ്ലക്സ് നിരോധിക്കണം എന്ന മുറവിളി ഉയർന്നപ്പോൾ കോയമ്പത്തൂർ കേന്ദ്രീകരിച്ച് പരിസ്ഥിതി സൗഹാർദമായ പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു. പ്ലാസ്‌റ്റിക്കിന് എതിരായ ഒരു വസ്തുവായിരുന്നു ഇത്. കേരളത്തിലും ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും പ്രവർത്തനം ഉണ്ടായിരിക്കണമെന്ന് താൻ ആഗ്രഹിച്ചു. അല്ലാതെ സാമ്പത്തിക കുറ്റകൃത്യങ്ങളൊന്നും താൻ ചെയ്‌തിട്ടില്ലെന്നും കുമ്മനം ആവർത്തിച്ചു.