cashew

കൊല്ലം ജില്ലയിലെ ആകെ ജനസംഖ്യയുടെ 10 ശതമാനം പേരും കശുഅണ്ടി വ്യവസായവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ്. ഇവരിൽത്തന്നെ 90 ശതമാനം പേരും സ്ത്രീകൾ. 11 അസംബ്ളി മണ്ഡലങ്ങളുള്ള ജില്ലയിൽ കൂടുതൽ സീറ്റിൽ ജയിക്കുന്നവർക്ക് കേരളഭരണം ലഭിക്കുമെന്നതാണ് ചരിത്രം. അതിനാൽ കശുഅണ്ടി മേഖലയിലെ ചെറിയ ചലനങ്ങൾ പോലും ജനവിധിയിൽ പ്രതിഫലിക്കും.

കശുഅണ്ടി വ്യവസായ മേഖലയിലെ മൂന്ന് ലക്ഷത്തോളം വരുന്ന തൊഴിലാളി കുടുംബങ്ങളെ മുൻനിറുത്തി ഭരണക്കാർ കാലാകാലങ്ങളിൽ നടത്തിയ അഴിമതികളും കോടികളുടേതാണ്. സർക്കാർ പൊതുമേഖലാസ്ഥാപനമായ കശുഅണ്ടി വികസന കോർപ്പറേഷനിൽ ആര് ഭരിച്ചാലും തൊഴിലാളികളെ മറയാക്കിയുള്ള അഴിമതിക്കഥകൾ പതിവാണ്. അത്തരത്തിൽ നടന്ന കോടികളുടെ അഴിമതിയിൽ നടന്നുവന്ന സി.ബി.ഐ അന്വേഷണം ഏതാണ്ട് അന്തിമഘട്ടത്തിലെത്തി നിൽക്കുകയായിരുന്നു. കോർപ്പറേഷനിലെ വിവാദമായ തോട്ടണ്ടി അഴിമതിക്കേസിൽ പ്രതികളായ കോർപ്പറേഷൻ മുൻ ചെയർമാനും ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റുമായ ആർ. ചന്ദ്രശേഖരൻ, മുൻ മാനേജിംഗ് ഡയറക്ടറായിരുന്ന ഡോ.കെ.എ രതീഷ് എന്നിവരെ പ്രോസിക്യൂട്ട് ചെയ്യാൻ സി.ബി.ഐ യ്ക്ക് അനുമതി നൽകേണ്ടെന്ന സംസ്ഥാന സർക്കാരിന്റെ തീരുമാനം വിവാദമായിരിക്കുകയാണ്.
പ്രോസിക്യൂഷന് അനുമതി നൽകേണ്ടെന്ന സർക്കാർ തീരുമാനം കശുഅണ്ടി വ്യവസായത്തിൽ കേരളം കണ്ട ഏ​റ്റവും വലിയ അഴിമതിക്കേസിലെ പ്രതികൾ രക്ഷപ്പെടാൻ വഴിയൊരുക്കും. വിദേശത്തുനിന്നുൾപ്പെടെ തോട്ടണ്ടി ഇറക്കുമതി ചെയ്തതിൽ 500 കോടിയുടെ ക്രമക്കേട് നടന്നെന്ന പരാതിയിൽ ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് 2016 ൽ കേസ് സി.ബി.ഐ ഏ​റ്റെടുത്തത്. അഞ്ച് വർഷത്തോളം നീണ്ട അന്വേഷണത്തിനൊടുവിലാണ് സമഗ്ര അന്വേഷണ റിപ്പോർട്ട് സഹിതം പ്രോസിക്യൂഷന് അനുമതിതേടി സർക്കാരിനെ സമീപിച്ചത്. ചീഫ് സെക്രട്ടറിയുടെ ഓഫീസിൽ കഴിഞ്ഞ മേയിൽ ലഭിച്ച ഫയൽ മാസങ്ങളോളം അനങ്ങിയില്ല. പിന്നീട് കശുഅണ്ടി വകുപ്പ് മന്ത്രി ജെ.മേഴ്സിക്കുട്ടി അമ്മയുടെ മുന്നിലെത്തിയ ഫയലിൽ മന്ത്റി ഒപ്പുവച്ച് മുഖ്യമന്ത്റിയുടെ ഓഫീസിലേക്ക് വിട്ടെങ്കിലും നിയമവകുപ്പിലേക്കും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷന്റെ ഓഫീസിലേക്കും അയയ്ക്കുകയായിരുന്നു. എന്നാൽ ആർ. ചന്ദ്രശേഖരനെയും കെ.എ രതീഷിനെയും പ്രോസിക്യൂട്ട് ചെയ്യാനാവശ്യമായ തെളിവുകൾ ഇല്ലെന്ന നിയമോപദേശത്തിലെ പഴുതുകൾ ഉപയോഗിച്ച് തുടർ നടപടികൾക്കു സർക്കാർ തടയിടുകയായിരുന്നു. 2006 മുതൽ 2015 വരെ കശുഅണ്ടി വികസന കോർപ്പറേഷൻ നടത്തിയ തോട്ടണ്ടി ഇടപാടിൽ കോർപ്പറേഷന് കോടികളുടെ നഷ്ടം സംഭവിച്ചെന്നാണ് കേസ്. 2005 മുതൽ 2015 വരെ കോർപ്പറേഷൻ എം.ഡി ആയിരുന്നു രതീഷ്. ചന്ദ്രശേഖരൻ 2012 മുതൽ 2015 വരെ ചെയർമാനുമായിരുന്നു. വിദേശ രാജ്യങ്ങളിൽ നിന്നുൾപ്പെടെ കോർപ്പറേഷൻ തോട്ടണ്ടി വാങ്ങിയതിലെ തട്ടിപ്പിനെതിരെ പൊതുപ്രവർത്തകനായ കടകംപള്ളി മനോജാണ് ഹൈക്കോടതിയെ സമീപിച്ചത്. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയ കോടതി വർഷങ്ങളായി കോർപ്പറേഷനിൽ അരങ്ങേറിയ തട്ടിപ്പ് അന്വേഷിക്കാൻ 2015 ൽ സി.ബി.ഐ ക്ക് വിടുകയായിരുന്നു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ ഗൂഢാലോചന, വഞ്ചന എന്നിവയ്ക്കും അഴിമതി നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരവുമാണ് പ്രതികൾക്കെതിരായി സി.ബി.ഐ കേസെടുത്തത്. കോർപ്പറേഷൻ എം.ഡി യായിരുന്ന രതീഷും ചെയർമാനായിരുന്ന ചന്ദ്രശേഖരനും തോട്ടണ്ടി ഇറക്കുമതിക്ക് കരാർ നൽകാൻ വ്യവസ്ഥകൾ അട്ടിമറിച്ച് ഗുണനിലവാരം കുറഞ്ഞ തോട്ടണ്ടി വാങ്ങിയതിലൂടെ കോർപ്പറേഷന് വൻ നഷ്ടം സംഭവിച്ചെന്ന് സി.ബി.ഐ പ്രാഥമികാന്വേഷണത്തിൽ തന്നെ കണ്ടെത്തിയിരുന്നു. 2015 ഓണക്കാലത്ത് കോർപ്പറേഷൻ നടത്തിയ തോട്ടണ്ടി ഇടപാടിലും വൻക്രമക്കേട് നടന്നതായി സി.ബി.ഐ അന്വേഷണത്തിലും കണ്ടെത്തി. സി.ബി.ഐ കേസും അന്വേഷണവും അട്ടിമറിക്കാൻ തുടക്കം മുതൽ വൻ രാഷ്ട്രീയ നീക്കങ്ങൾ അരങ്ങേറിയെന്നതാണ് സർക്കാരിന്റെ ഇപ്പോഴത്തെ നീക്കത്തിലൂടെ തെളിയുന്നത്.

സി.ബി.ഐ കണ്ടെത്തലുകൾ ഗുരുതരം

സി.ബി.ഐ അന്വേഷണ റിപ്പോർട്ടിൽ ഗുരുതരമായ കണ്ടെത്തലുകൾ ഉള്ളതായാണ് സൂചന. ഇത് പുറത്തുവിട്ടാൽ എൽ.ഡി.എഫിലെയും യു.ഡി.എഫിലെയും പല പ്രമുഖ നേതാക്കളുടെയും പൊയ്‌മുഖങ്ങൾ പുറത്തുവന്നേക്കാം. സി.ബി.ഐ കണ്ടെത്തലുകൾ പുറത്തു വിടണമെന്ന ആവശ്യവും ഉയർന്നുകഴിഞ്ഞു. ഹൈക്കോടതിയിൽ പരാതിയുമായെത്തിയ കടകംപള്ളി മനോജ് ഈ ആവശ്യമുന്നയിച്ച് വീണ്ടും ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്. തോട്ടണ്ടി അഴിമതിക്കേസ് അട്ടിമറിക്കാനുള്ള സർക്കാർ നീക്കം ഇടത്, വലത് മുന്നണി നേതാക്കളുടെ അവിശുദ്ധ ബന്ധത്തിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന ആരോപണവുമായി ബി.ജെ.പിയും രംഗത്തെത്തിയിട്ടുണ്ട്. 2006 മുതൽ 2015 വരെ കോർപ്പറേഷനിൽ വിദേശത്ത് നിന്നടക്കം തോട്ടണ്ടി ഇറക്കുമതി ചെയ്‌തതിൽ രാജ്യാന്തര ഇടപാടുകൾ കൂടിയുള്ളതിനാൽ സി.ബി.ഐ അന്വേഷിക്കുന്നതാകും ഉചിതമെന്ന് കോടതി ഉത്തരവിനെ തുടർന്ന് കേസന്വേഷണം ഏറ്റെടുത്ത സി.ബി.ഐ 2016 ജൂലായ് 27 ന് കെ.എ രതീഷിനെ ഒന്നാംപ്രതിയും കോർപ്പറേഷൻ മുൻ ചെയർമാനായിരുന്ന ഇ. കാസിമിനെ രണ്ടാം പ്രതിയും (ഇദ്ദേഹം പിന്നീട് മരണമടഞ്ഞു) ആർ.ചന്ദ്രശേഖരനെ മൂന്നാം പ്രതിയും തോട്ടണ്ടി ഇറക്കുമതി ചെയ്ത ജെ.എം.ജെ ട്രേഡേഴ്സ് ഉടമ ജെയ്മോൻ ജോസഫിനെ നാലാം പ്രതിയുമാക്കിയാണ് തിരുവനന്തപുരം സി.ബി.ഐ കോടതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.

സി.പി.എമ്മിനെ പ്രതിസന്ധിയിലാക്കും

തോട്ടണ്ടി ഇടപാടിലെ അഴിമതി ചൂണ്ടിക്കാട്ടിയാണ് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.എമ്മും സി.പി.ഐയും ജില്ലയിലെ കശുഅണ്ടി തൊഴിലാളികളുടെ വോട്ട് തേടിയത്. സി.ഐ.ടി.യു നേതൃത്വത്തിലുള്ള കാഷ്യു വർക്കേഴ്സ് സെന്ററിന്റെ നേതൃത്വത്തിൽ നിരവധി സമരങ്ങളാണ് അരങ്ങേറിയത്. 11 സീറ്റുകളിലും എൽ.ഡി.എഫാണ് വിജയിച്ചത്. ഐ.എൻ.ടി.യു.സി നേതാവായ ആർ.ചന്ദ്രശേഖരനെയും കെ.എ രതീഷിനെയും സംരക്ഷിക്കാനുള്ള സർക്കാർ നീക്കത്തിൽ പ്രതിസന്ധിയിലാകുന്നത് ജില്ലയിലെ സി.പി.എം, സി.പി.ഐ നേതൃത്വങ്ങളാണ്. തദ്ദേശ തിരഞ്ഞെടുപ്പും പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പും വരുമ്പോൾ കശുഅണ്ടി തൊഴിലാളികളോട് എന്ത് പറയുമെന്ന ആശങ്കയിലാണ് ഇരുപാർട്ടികളുടെയും നേതാക്കൾ.