
സ്തംഭനത്തിന്റെ അറകളിൽ അടയ്ക്കാൻ കഴിയാത്ത ചിലതുണ്ട്. അവയിലധികവും ആന്തരികാനുഭൂതികളെ സൃഷ്ടിച്ചെടുക്കുന്നവയാണ്. മനസ്, മസ്തിഷ്കം തുടങ്ങിയവയിൽ നിന്നുദീരണം ചെയ്യുന്ന സങ്കല്പങ്ങൾ, ചിന്തകൾ, ഭാവനകൾ, സ്വപ്നങ്ങൾ എന്നിവയെ അടച്ചിടാൻ കഴിയുന്ന ഒരു വൈറസും ഇനിയും ഉരുവം കൊണ്ടിട്ടില്ല. അതിനാൽ സാമൂഹ്യവ്യാപനത്തിന്റെ പേരിൽ നാം സ്വയം ഒതുങ്ങിക്കൂടാൻ നിർബന്ധിതരാകുമ്പോൾ, നമ്മുടെ ബുദ്ധി കൂടുതൽ ഉന്മിഷത്താവുകയും ഭാവന കൂടുതൽ പ്രകാശാത്മകമാവുകയും ചിന്ത നവഭാവങ്ങളാർജിച്ച് പുറത്തേക്ക് വരികയും ചെയ്യുന്നു. അടച്ചിടലിന്റെ കാലഘട്ടത്തിൽ മൗലികമായ ചിന്തയുടെ പ്രവാഹമുണ്ടാകും എന്ന കാര്യത്തിൽ സംശയമില്ല. മനുഷ്യൻ മൃഗങ്ങളെപ്പോലെ അയവിറക്കുന്നത് വായ്കൊണ്ടല്ല ഓർമ്മ കൊണ്ടാണ്. തെളിഞ്ഞ ഓർമ്മയുടെ ഒഴുക്കും ഈ കാലഘട്ടത്തിൽ സംഭവിക്കാം. ശരീരം വിശ്രമിക്കുമ്പോൾ മനസ് ഉണരുകയാണ് ചെയ്യുന്നത്. ഈ സമയത്താണ് നല്ല സ്വപ്നങ്ങളുടെ പിറവിയും സംഭവിക്കുന്നത്. ഗാഢമായ ഉറക്കം പലപ്പോഴും പുലർച്ചെ സംഭവിക്കുന്നതിനാൽ നല്ല സ്വപ്നങ്ങളും അപ്പോൾ പിറവികൊള്ളുന്നതായി കാണാം. അതിന് യാഥാർത്ഥ്യവുമായി കൂടുതൽ അടുപ്പമുണ്ടെന്ന് വിശ്വസിക്കുന്നവരാണ് പുലർകാലത്തെ സ്വപ്നം ഫലിക്കുമെന്ന് പ്രചരിപ്പിച്ചത്. അടച്ചിടലിന്റെ വേളയിൽ പ്രകൃതി ശുദ്ധമാക്കപ്പെടുന്നതുപോലെ മനുഷ്യന്റെ ഭാവനകളും ചിന്തകളും സ്വപ്നങ്ങളും കൂടുതൽ ആഴത്തിൽ നിന്നുത്ഭവിക്കുകയും മൗലികത്വം ഏറുന്നതുമായിരിക്കും.
അഡ്വ. സുരേന്ദ്രൻ കടയ്ക്കോടിന്റെ 'മനുഷ്യർ ഒരു കുലം" എന്ന പുസ്തകത്തിന്റെ വായനയും ചുരുക്കെഴുത്തിന്റെ തടവറയിൽ നിന്ന് മലയാളവൈജ്ഞാനിക ലോകത്തെ മുക്തമാക്കാനുള്ള ചരിത്രത്തിന്റെ സാഫല്യമാണെന്ന് പറയാനാണ് എനിക്കിഷ്ടം. ഒരാളിന്റെ ജീവിതം അയാളനുഭവിക്കുന്ന കാലവുമായി മാത്രം ബന്ധിക്കപ്പെട്ടതല്ല. ചരിത്രവും സാമൂഹ്യപാഠങ്ങളും അനുഭവസാക്ഷ്യങ്ങളും അയാൾ പിന്നിട്ട കാലത്തെക്കുറിച്ചുള്ള നല്ല ഓർമ്മകൾ നൽകും. ഭൂതകാലം അയാൾക്ക് വർത്തമാനകാല ജീവിതത്തിനുള്ള ഇന്ധനമാണ്. ഭാവിയെക്കുറിച്ചുള്ള തികഞ്ഞ ഉൾക്കാഴ്ചകളും അയാളെ നയിക്കും. ഈ ലോകം എന്നിലൂടെ അസ്തമിക്കുമെന്ന് ചിന്തിച്ചവരാണ് നമ്മുടെ പൂർവ്വികരെങ്കിൽ നാം ഇന്ന് കാണുന്ന പുരോഗതിയൊന്നും ഉണ്ടാകുമായിരുന്നില്ലെന്ന് മാത്രമല്ല യാഥാസ്ഥിതികത്വത്തിന്റെ പടുകുഴിയിൽ പതിക്കുകയും ചെയ്യുമായിരുന്നു. അതിനാൽ ത്രികാലബന്ധിതമായ ഒരു ജീവിതമേ സാമൂഹ്യപുരോഗതി കാംക്ഷിക്കുന്ന ഓരോ മനഷ്യർക്കുമുണ്ടാകൂ. സുരേന്ദ്രൻ കടയ്ക്കോടിന്റെ ലേഖനസമാഹാരം ഇത് അടിവരയിട്ട് ഉറപ്പിക്കുന്നു.
ഒമ്പത് പ്രബന്ധങ്ങളുള്ള ഈ പുസ്തകത്തിൽ ശ്രീനാരായണഗുരുവിനെയും അദ്ദേഹത്തിന്റെ ദർശനങ്ങളെയും ഏറ്റവും സൂക്ഷ്മതയോടെ പരിശോധിക്കുന്നുണ്ട്. ഭൂതകാല കേരളത്തെ കൃത്യതയോടെ വരച്ചിടാൻ ഗുരുവിന്റെ ജീവിതവും ആത്മീയാധിഷ്ഠിത പോരാട്ടങ്ങളും തെളിച്ചു കാട്ടിയാൽ മതിയെന്ന് ഈ ലേഖകന് നന്നായറിയാം. 'നാനാത്വേ ഏകത്വദർശനം" എന്ന ലേഖനം ഇന്ത്യ ഇന്ന് അഭിമുഖീകരിക്കുന്ന ഒട്ടേറെ രാഷ്ട്രീയ പ്രശ്നങ്ങൾക്കുള്ള ഒറ്റമൂലിയാണ്. അഖണ്ഡഭാരതസങ്കല്പം കേവലം ഭൂമിശാസ്ത്രപരം മാത്രമാവുകയും ഭാരതത്തിലെ മനുഷ്യരെ ജാതിയുടെയും മതത്തിന്റെയും വർണ്ണത്തിന്റെയും വർഗത്തിന്റെയും പേരിൽ ഖണ്ഡങ്ങളാക്കാനുമുള്ള പരിശ്രമങ്ങൾ തകൃതിയായി നടക്കുമ്പോൾ അവരുടെ യത്നങ്ങൾ ഇന്ത്യൻ ദർശനങ്ങളിൽ നിന്ന് എത്ര അകലെയാണെന്ന് ചൂണ്ടിക്കാട്ടുകയാണ് ലേഖകൻ. 'സംസ്കൃതം സംസ്കാരത്തിന്റെ ഖനി" എന്ന ലേഖനം ഇന്ത്യൻ ദർശനത്തെ അടുത്തറിഞ്ഞ ഒരാളിന്റെ ആധികാരിക പരികല്പനകളാണെന്ന് അധിക വിശദീകരണമില്ലാതെ വ്യക്തമാകും. സംസ്കൃതം അറിയേണ്ടതിന്റെ അനിവാര്യത ബോദ്ധ്യപ്പെടുത്തുമ്പോൾ പോലും വൈവിദ്ധ്യങ്ങളുടെ നാടായ ഭാരതത്തിലെ ഓരോ പൗരനും അവന്റെ മാതൃഭാഷയ്ക്ക് പിന്നിലെ അതിന് സ്ഥാനം കല്പിക്കാവൂ എന്ന് കൃത്യമായി പറയുന്നതും കാണാം.
മാതൃഭാഷയ്ക്കും അതിന്റെ അഭിമാനസംരക്ഷണത്തിനുമായി പോരാട്ടം നയിക്കുന്നവരിൽ പ്രമുഖനാണ് അഡ്വ. സുരേന്ദ്രൻ കടയ്ക്കോട്. ഇതിനായി രൂപീകരിച്ച മലയാള ഐക്യവേദിയുടെ ജില്ലാ പ്രസിഡന്റാണ് അദ്ദേഹം. ഒരു ഭാഷയ്ക്ക് അതിന്റെ സ്വത്വം നിലനിർത്താൻ ദീർഘകാലം പോരാട്ടം നടത്തേണ്ടിവന്നതിന്റെ ചരിത്രം രേഖപ്പെടുത്തുമ്പോൾ പ്രഥമ പരിഗണന ലഭിക്കുന്നത് മലയാള ഐക്യവേദിക്കായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല. സമസ്ത മേഖലകളിലും മാതൃഭാഷയുടെ ഉപയോഗം സാദ്ധ്യമാക്കേണ്ടതിന്റെ ആവശ്യകത ബോദ്ധ്യപ്പെടുത്തുന്നതാണ് 'മാതൃഭാഷയ്ക്ക് ചരമഗീതം പാടരുത്" എന്ന ലേഖനം. സാമൂഹ്യജീവിതത്തിന്റെ സൂക്ഷ്മസ്പന്ദനങ്ങളിലേക്ക് ശ്രദ്ധയൂന്നുകയും തന്റെ പ്രതികരണ മനസുകൊണ്ട് അവയെ വിലയിരുത്തി വെളിപ്പെടുത്തുകയും ചെയ്യുന്ന അഡ്വ. സുരേന്ദ്രൻ കടയ്ക്കോടിന്റെ ചിന്തകളുടെ മൗലികതയും പുതുമയും പ്രത്യേകം പരാമർശിക്കേണ്ടതുണ്ട്. തീർച്ചയായും സംവാദാത്മകതയുടെ സാദ്ധ്യതകളുണർത്തുന്ന 'മനുഷ്യർ ഒരു കുലം" എന്ന ഗ്രന്ഥം വായനക്കാരന് നവോന്മേഷം പകരുമെന്ന കാര്യത്തിൽ തർക്കമില്ല.
(കേരളസാഹിത്യ അക്കാഡമി അംഗമാണ് ലേഖകൻ)