astra-zeneca

ബ്രസീലിയ: ആസ്ട്ര സിനിക്കയുടെ കൊവിഡ് വാക്‌സിൻ പരീക്ഷണത്തിൽ പങ്കെടുക്കുന്ന വാളണ്ടിയർ മരണമടയാൻ കാരണം വാക്‌സിൻ പരീക്ഷണമല്ലെന്ന് വ്യക്തമാക്കി ബ്രസീലിലെ ആരോഗ്യവിഭാഗമായ അൻവിസ.മരണമടഞ്ഞയാളിൽ വാക്‌സിൻ പരീക്ഷണം നടത്തിയിരുന്നില്ലെന്ന് അന്വേഷണം നടത്തിയ അന്താരാഷ്‌ട്ര സമിതി അറിയിച്ചു. കൊവിഡ് വാക്‌സിൻ പരീക്ഷണങ്ങൾ തുടരാൻ കമ്മി‌റ്റി നിർദ്ദേശിച്ചതായി അൻവിസ അറിയിച്ചു.

പരീക്ഷണം നടത്തുന്നയാളുടെ വ്യക്തിവിവരങ്ങൾ പുറത്ത് വിടാനാകില്ല. ഓക്‌സ്‌ഫോർഡ് സർവകലാശാലയുമായി ചേർന്ന് വാക്‌സിൻ തയ്യാറാക്കുന്ന അസ്‌ട്ര സിനിക്ക പരീക്ഷണത്തിലെ രഹസ്യ സ്വഭാവം കാരണം ഓരോ വ്യക്തിയുടെ വിവരവും പ്രത്യേകം പുറത്ത് വിടാൻ കഴിയില്ലെന്ന് അറിയിച്ചു. ഓക്‌സ്‌ഫോർഡ് സർവകലാശാലയ്‌ക്ക് വാക്‌സിന്റെ ഫലപ്രാപ്‌തിയെ കുറിച്ച് യാതൊരു സംശയവുമില്ലെന്നും സ്വതന്ത്രവും സൂക്ഷ്‌മവുമായ നിരീക്ഷണങ്ങൾക്ക് ശേഷമാണ് പരീക്ഷണങ്ങൾ നടത്തുന്നതെന്നും സർവകലാശാല കമ്മ്യൂണിക്കേഷൻസ് തലവൻ സ്‌റ്റീഫൻ റൗസ് പറഞ്ഞു. വാളണ്ടിയറുടെ മരണവാർത്ത അറിഞ്ഞതോടെ അമേരിക്കൻ ഓഹരി വിപണിയിൽ ആസ്‌ട്ര സിനിക്കയുടെ ഓഹരിമൂല്യം ഇടിഞ്ഞിരുന്നു. എന്നാൽ പിന്നീട് വീഴ്‌ചയെ തരണം ചെയ്‌തു.

അമേരിക്കയിൽ ആസ്‌ട്ര സിനിക്ക വാക്‌സിൻ പരീക്ഷണം ഒരുമാസത്തോളമായി നിർത്തി വച്ചിരിക്കുകയാണ്. യു.കെയിൽ പരീക്ഷണം നടത്തിയയാൾക്ക് അസുഖം മൂർച്ഛിച്ചതോടെ സെപ്‌തംബർ മാസത്തിൽ ലോകമാകെ വാക്‌സിൻ പരീക്ഷണങ്ങൾ നിർത്തിയിരുന്നു. പിന്നീട് ദക്ഷിണാഫ്രിക്ക,യു.കെ,ബ്രസീൽ എന്നീ രാജ്യങ്ങൾ പരീക്ഷണം പുനരാരംഭിച്ചെങ്കിലും അമേരിക്ക ആരംഭിച്ചില്ല. വാക്‌സിൻ വികസിപ്പിക്കുന്നതിലേർപ്പെട്ട മ‌റ്റൊരു കമ്പനിയായ ജോൺസൺ ആന്റ് ജോൺസൺ പരീക്ഷണം നടത്തിയയാൾക്ക് സുഖമില്ലാതായതിനെ തുടർന്ന് വാക്‌സിൻ പരീക്ഷണം നിർത്തിവച്ചിരിക്കുകയാണ്.

ആസ്‌ട്ര സിനിക്കയുടെ വാക്‌സിന് ആഗോള അംഗീകാരം ലഭിക്കുക അമേരിക്കയ്‌ക്ക് പുറത്ത് നടത്തുന്ന പരീക്ഷണങ്ങളുടെ ഫലം അനുസരിച്ചായിരിക്കും.