ak

തിരുവനന്തപുരം: മലയാള സിനിമയുടെ പിതാവ് ജെ.സി. ഡാനിയേലിന്റേതായി സ്ഥാപിക്കുന്ന പ്രതിമ സർക്കാർ നിർദ്ദേശപ്രകാരം നിർമ്മിക്കുന്നതായിരിക്കുമെന്ന് സാംസ്കാരിക മന്ത്രി എ.കെ.ബാലൻ അറിയിച്ചു. മറിച്ചുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണ്. പ്രതിമ നിർമ്മിച്ചിട്ട് സർക്കാർ ഏറ്റെടുത്തോയെന്ന് പറയുന്നത് അംഗീകരിക്കാനാവില്ലെന്നും മന്ത്രി കേരളകൗമുദിയോട് പ്രതികരിച്ചു.

ഡാനിയേലിന്റെ പ്രതിമ ചിത്രാഞ്ജലി സ്റ്റുഡിയോ സമുച്ചയത്തിൽ സ്ഥാപിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. കോട്ടയത്ത് ജെ.സി.ഡാനിയേൽ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നിർമ്മിച്ച പ്രതിമയിൽ സർക്കാരിന് ഉത്തരവാദിത്വമില്ലെന്ന് ഒൗദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.സർക്കാരിന്റെ ആവശ്യപ്രകാരം നിർമ്മിച്ചതല്ല ആ പ്രതിമ. ചിത്രാഞ്ജലിയിൽ സ്ഥാപിക്കാൻ ഉദ്ദേശിച്ചിട്ടുള്ളത് ആ പ്രതിമയല്ല.

ജെ.സി.ഡാനിയേലിനെ അടക്കം ചെയ്തത് അദ്ദേഹം അവസാനം താമസിച്ച തമിഴ്നാട്ടിലെ അഗസ്തീശ്വരത്തുള്ള കുടംബക്കല്ലറയിലായിരുന്നു. കുടുംബ വീട് പൊളിച്ചു വിറ്റെങ്കിലും വീട് നിന്ന തെരുവിന് ജെ.സി.ഡാനിയേൽ സ്ട്രീറ്റെന്ന് തമിഴ്നാട് സർക്കാർ നാമകരണം ചെയ്തിട്ടുണ്ട്. അതിനിടെ ജെ.സി. ഡാനിയേലിന്റെ പ്രതിമ തിരുവനന്തപുരം നഗരത്തിൽ തന്നെ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് മകൻ ഹാരിസ് ഡാനിയേൽ മുഖ്യമന്ത്രിക്കു വീണ്ടും കത്ത് നൽകി.