katanam-hospital-case

ആലപ്പുഴ: കായംകുളം കറ്റാനത്ത് ആശുപത്രി മോർച്ചറയിൽ സൂക്ഷിച്ച മൃതദേഹം ദുർഗന്ധം വമിക്കുന്ന നിലയിൽ കണ്ടെത്തിയത് വിവാദമായി. കറ്റാനം സെന്റ് തോമസ് മിഷൻ ആശുപത്രിയിലായിരുന്നു പെരിങ്ങാല സ്വദേശിയായ 21 വയസുകാരിയുടെ മൃതദേഹം ദുർഗന്ധം വമിക്കുന്ന നിലയിൽ കണ്ടെത്തിയത്. ഇന്നലെ മരിച്ച അക്ഷയ ആർ മധുവിന്റെ കൊവിഡ് പരിശോധന ഫലം ലഭിച്ചത് വൈകുന്നേരം ആയിരുന്നു. തുടർന്ന് മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കുകയായിരുന്നു.

ഇന്ന് രാവിലെ മൃതദേഹത്തിനായി ബന്ധുക്കൾ ചെന്നപ്പോൾ മൃതദേഹം വികൃതമായി കാണപ്പെടുകയായിരുന്നു. കംപ്രസർ ശരിയായി പ്രവർത്തിക്കാത്തതാണ് സംഭവത്തിന് പിന്നിലെ കാരണമെന്നാണ് അധികൃതർ പറയുന്നത്. സംഭവവുമായി ബന്ധപ്പെട്ട് തൃപ്‌തികരമായ മറുപടി നൽകാൻ ആശുപത്രി തയ്യാറായിട്ടില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.

katanam-hospital-case

മൂന്ന് മണിക്കൂറോളം ആശുപത്രിയുടെ ഭാഗത്ത് നിന്ന് യാതൊരു പ്രതികരണവും ഉണ്ടായില്ല. ഫോൺ വിളിച്ച ശേഷവും ഉത്തരവാദിത്വപ്പെട്ട ആരും വന്നില്ല. മൃതദേഹം ഇപ്പോൾ പോസ്റ്റുമോർട്ടത്തിനായി മാറ്റിയിരിക്കുകയാണ്. സെന്റ് തോമസ് മിഷൻ ആശുപത്രിക്കെതിരെ ബന്ധുക്കൾ പൊലീസിൽ പരാതി. കേസിന്മേൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. കഴിഞ്ഞ ആഴ്ചയും സമാന സംഭവം ആശുപത്രി മോർച്ചറിയിൽ നടന്നിരുന്നു.