saraswathi-devi

ശ്ലോകം ഏഴ്

എൻ പാപമെയ് വതിനൊരമ്പായിടുന്നറിവു
നിൻ പാദതാരിലെഴുമെ-
ന്നൻപാണു മൗർവിയൊരിരുമ്പാം മനം ധനുര-
ഹംഭാവിയാണു വിജയീ
അംബാ തരുന്നു വിജയം പാപപങ്കിലമ-
ഹം ഭാനമാകുമതിനാൽ
വൻ ഭാരമാർന്ന തനുവും ഭാനമാമുലക-
വും ഭാനമാകുമഖിലം.

സാരം:



എന്റെ അറിവില്ലായ്മയേ എയ്തു നശിപ്പിക്കുന്നതിന് അറിവ് ഒരമ്പായിടുന്നു.നിന്റെ പാദപത്മത്തോടുള്ള എന്റെ അതിര​റ്റ ഭക്തിയാണ് എയ്യുവാനുള്ള വില്ലിൽ കെട്ടുവാനുള്ള ഞാൺ. ഇരുമ്പു പോലെ ദൃഢമായ എന്റെ മനസാണ് വില്ല്. ഇവിടെ നിന്റെ അറിവാകുന്ന അമ്പേ​റ്റ് പാപം നശിച്ച സാധകൻ,താൻ ശുദ്ധ ആത്മസ്വരൂപമാണ് എന്ന ഭാവമാണ് വിജയിക്കുന്നത്. ആ വിജയം തരുന്നത് ജനനി തന്നെയാണ്.എന്റെ അന്ത:കരണവൃത്തി അറിവില്ലായ്മയുടെ ഫലമായ പാപകർമ്മങ്ങളാൽ കളങ്കപ്പെട്ടിരിക്കുന്നു . ആയതിനാൽ അജ്ഞാനം ഖനീഭവിച്ച് താൻ ശരീരമാണെന്നുള്ള ബോധവും സ്ഫുരിച്ച് സദാ മാ​റ്റത്തിന് വിധേയമായിക്കൊണ്ടിരിക്കുന്ന സ്ഥൂല സൂക്ഷ്മ കാരണ പ്രപഞ്ചം മുഴുവനും അജ്ഞാനം കട്ടിപിടിച്ചതിനാൽ ഉള്ളതാണെന്ന് തോന്നിക്കൊണ്ടേ ഇരിക്കുന്നു.

വ്യാഖ്യാനം:സ്വാമി പ്രണവ സ്വരൂപാനന്ദ,ശ്രീനാരായണ തപോവനം,ചേർത്തല,ആലപ്പുഴ,ഫോൺ:9562543153.