puthanar

തിരുവനന്തപുരം: കോവളം മുതൽ കാസർകോട് ബേക്കൽ വരെയുള്ള ജലപാതയുടെ ഭാഗമായി തലസ്ഥാനത്തെ പാർവതി പുത്തനാർ നവീകരണത്തിന് സർക്കാർ ഏജൻസിയെ നിയോഗിച്ചു. കോവളം–കാസർകോട് ജലപാത പദ്ധതിയുടെ ഭാഗമായി സംസ്ഥാന സർക്കാർ കൊച്ചി വിമാനത്താവള കമ്പനിയായ സിയാലിന്റെ പങ്കാളിത്തത്തോടെ രൂപീകരിച്ച കേരള വാട്ടർവേയ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡാണ് നവീകരണ പ്രവർത്തനങ്ങൾ നടത്തുക.

ചെളി നീക്കും

പുത്തനാറിലെ ചെളിയും മറ്റ് മാലിന്യങ്ങളും നീക്കം ചെയ്യുന്നതിനാണ് കെ.ഡബ്ല്യു.ഐ.എൽ പ്രഥമ പരിഗണന നൽകുന്നത്. വള്ളക്കടവ് മുതൽ ആക്കുളം റീച്ച് വരെയുള്ള ഭാഗത്തെ ചെളി മൂന്ന് മാസത്തിനുള്ളിൽ നീക്കുകയാണ് ലക്ഷ്യം. ഇതിന് വേണ്ടി ടെണ്ടർ നടപടികളിലേക്ക് കെ.ഡബ്ല്യു.ഐ.എൽ കടന്നിട്ടുണ്ട്. 65 ലക്ഷം രൂപയുടെ എസ്‌റ്റിമേറ്റാണ് തയ്യാറാക്കിയിരിക്കുന്നത്.

ആദ്യഘട്ട ശുചീകരണം കമ്പനി നേരത്തെ നടത്തിയിരുന്നെങ്കിലും പിന്നീട് വള്ളക്കടവ് മുതൽ കരിക്കകം വരെ പലഭാഗത്തും കോഴി വേസ്റ്റും പ്ലാസ്റ്റിക് കുപ്പികളും നിറഞ്ഞ് മലിനമായിരുന്നു. ചാക്കുകളിൽ കെട്ടി മാലിന്യം വലിച്ചെറിയുന്നത് കാരണം നാട്ടുകാർ മൂക്കു പൊത്തി നടക്കേണ്ട അവസ്ഥയാണ്. മാലിന്യം നിറഞ്ഞ പാർവതി പുത്തനാറിൽ മാസങ്ങൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് നവീകരണം നടത്തിയത്. പദ്ധതിയുടെ ആദ്യ ഘട്ടമായി പനത്തുറ മുതൽ ആക്കുളം വരെയുള്ള ശുചീകരണം പൂർത്തിയാക്കി. വിദേശത്ത് നിന്നെത്തിച്ച സിൽറ്റ് പുഷറെന്ന യന്ത്രത്തിന്റെ സഹായത്തോടെ കുളവാഴയും ചെളിയും നീക്കി. ആക്കുളം മുതൽ വള്ളക്കടവ് വരെ ആഴം കൂട്ടുകയും ബോട്ട് ഓടിക്കുകയും ചെയ്‌തിരുന്നു. എന്നാൽ, വീണ്ടും മാലിന്യങ്ങൾ തള്ളിയതിനെ തുടർന്ന് ഇവിടം വീണ്ടും ശുചീകരിക്കേണ്ടി വന്നു.


തിരുവിതാംകൂറിന്റെ ജലപാത
വള്ളക്കടവ് (കല്പാക്കടവ്) മുതൽ വർക്കല കുന്നുവരെയുള്ള പ്രധാന കായലുകളെ തോടുകൾ വെട്ടി ബന്ധപ്പെടുത്തി നിർമ്മിച്ച ജലപാതയാണ് പാർവതി പുത്തനാർ. 1824ൽ തിരുവിതാംകൂറിലെ റീജന്റായി ഭരണം നടത്തിയിരുന്ന റാണി ഗൗരി പാർവതി ഭായിയാണ് ഈ ചാൽ നിർമ്മിച്ചത്. പൂന്തുറയിലും വേളിയിലുമായി ജലപാത സമുദ്രത്തിലേക്ക് തുറക്കുന്നതിനാൽ പ്രകൃത്യായുള്ള ശുചീകരണം സാദ്ധ്യമായിരുന്നു. എന്നാൽ, ഇന്ന് മൺതിട്ടകൾ രൂപംകൊണ്ട് ഈ ഭാഗം അടഞ്ഞു.