
കൊച്ചി: കുമ്മനം രാജശേഖരനെതിരെ ആറന്മുള പൊലീസ് എടുത്ത കേസ് ബിജെപിയെ തകർക്കാനുളള ഗൂഢ നീക്കത്തിന്റെ ഭാഗമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കുമ്മനം രാജശേഖരനെ പൊതുസമൂഹത്തിന് നന്നായറിയാമെന്നും ഇത്തരം ആരോപണങ്ങളുമായി വന്നാൽ ഇവിടെ വിലപ്പോവില്ലെന്നും സുരേന്ദ്രൻ അഭിപ്രായപ്പെട്ടു.
നിയമ വാഴ്‌ചയെ പൂർണമായും അട്ടിമറിച്ചുകൊണ്ട് പിണറായി സർക്കാർ സിപിഎം നേതാക്കൾ പ്രതികളായുളള കേസുകൾ കൂട്ടത്തോടെ പിൻവലിക്കുകയാണ്. ക്രിമിനൽ കുറ്റവാളികളായ പാർട്ടി നേതാക്കളെ ഭരണത്തിൽ നിന്നും ഇറങ്ങുന്നതിന് മുൻപ് രക്ഷിച്ചെടുക്കാനാണ് ശ്രമിക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധമുണ്ടാകും.
കുമ്മനത്തെ വേട്ടയാടി തകർത്തുകളയാം എന്ന് സർക്കാർ കരുതുന്നുണ്ടെങ്കിൽ അത് നടക്കില്ല. കേസ് രാഷ്‌ട്രീയമായും നിയമപരമായും നേരിടുമെന്ന് സുരേന്ദ്രൻ അറിയിച്ചു. സ്വർണക്കടത്ത് കേസിൽ നാണംകെട്ട പിണറായി സർക്കാർ നീചമായ നടപടിയിലൂടെ ബിജെപിയെ തകർക്കാൻ നോക്കുകയാണ് ഇത് ഒറ്റകെട്ടായി നേരിടുമെന്ന് സുരേന്ദ്രൻ പറഞ്ഞു.