
എല്ലാവരുമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്ന വ്യക്തിയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. അഹങ്കാരി വിശേഷണം മമ്മൂട്ടിക്ക് തുടക്കം കാലത്ത് തന്നെ ചാര്‍ത്തി കിട്ടിയിരുന്നു. തുടക്കം മുതല്‍ തന്നെ മമ്മൂട്ടിയെ അറിയാവുന്നവര്‍ ഇത്തരത്തിലുള്ള പ്രചരണങ്ങളുടെ സത്യാവസ്ഥ തുറന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു. മമ്മൂട്ടിയുടെ സിനിമയിലെ തുടക്കകാലത്ത പ്രതിഫലത്തെകുറിച്ച് പറയുകയാണ് സംവിധായകൻ ടി എസ് സുരേഷ് ബാബു.
'മുന്നേറ്റത്തിന്റെ ഫൈനൽ വർക്ക് നടന്നത് ട്രിവാൻഡ്രത്തായിരുന്നു. അന്ന് പ്രതിഫലം വളരെ അവറേജായിരുന്നു, നസീർ സാറിന് അൻപതിനായിരം മുതലായിരുന്നു പ്രതിഫലം. ജയൻ ചേട്ടൻ ഏതാണ്ട് അൻപതിനായിരം വരെ എത്തി നിൽക്കുന്ന സമയത്താണ് അദ്ദേഹം മരിച്ചത്. മധു സാറും അൻപതിനായിരം രൂപ പ്രതിഫലം വാങ്ങിയിരുന്നു. മുന്നേറ്റത്തിൽ മമ്മൂക്കാ അന്ന് അയ്യായിരം രൂപയാണ് പ്രതിഫലം വാങ്ങിയത്, അതൊക്കെ അദ്ദേഹത്തിന്റെ ഓപ്പണിംഗ് പടങ്ങളായിരുന്നു. മമ്മൂക്കാ പ്രതിഫലം ഒന്നും പറഞ്ഞിരുന്നില്ല, രതീഷിന് 7500, മേനകയ്ക്ക് 5000 രൂപ. സുമലതയാണ് അന്ന് കൂടുതൽ പണം വാങ്ങിയത്. 15000 രൂപ പ്രതിഫലമായി വാങ്ങി. അതായിരുന്നു അന്നത്തെ മാർക്കറ്റ്.
അന്നൊക്കെ 10000-15000 രൂപയൊക്കെ വലിയ തുകയാണ്. എഡിറ്റർക്ക് ഏഴായിരം രുപ, അസിസ്റ്റന്റ് ഡയറക്ടർ 3000 രൂപയൊക്കെയാണ് വാങ്ങിയിരുന്നത്. അതായിരുന്നു അക്കാലത്ത് പ്രതിഫലത്തിന്റെ രീതി. അന്ന് അത് വളരെ വലിയ തുകകളാണ്. സിനിമാ ഫീൽഡിനെ സംബന്ധിച്ച് അന്ന് ലഭിച്ചതൊക്കെ വലിയ തുകയാണ്. സർക്കാർ ശമ്പളക്കാർക്ക് 1500-2000 രൂപയായിരുന്നു അന്ന്. അന്നത്തെ ഏറ്റവും കൂടുതൽ തുക വാങ്ങിയിട്ടുള്ളത് നസീർ സാറാണ്, അദ്ദേഹം ഒരു ലക്ഷം വളരെ വാങ്ങിയിട്ടുണ്ടെന്നാണ് എനിക്ക് അറിയാൻ കഴിഞ്ഞത്'.