kseb

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി വിതരണ-പ്രസരണ സ്ഥാപനമായ വൈദ്യുതി ബോർഡ് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ പവർ ഗ്രിഡിന് നൽകുന്ന വാർഷിക നിരക്കിൽ മൂന്ന് മടങ്ങ് വർദ്ധനയ്ക്ക് കളമൊരുങ്ങുന്നു. ഇതോടെ പുറത്തു നിന്ന് വൈദ്യുതി കൊണ്ടുവരുന്നതിന് അടുത്ത ഒന്നോ രണ്ടോ വർഷത്തിനുള്ളിൽ കെ.എസ്.ഇ.ബി പവർഗ്രിഡ് കോർപ്പറേഷന് നൽകേണ്ട പ്രസരണ ചാർജ്ജ് 550 മുതൽ 1500 കോടി വരെ ഉയരാൻ പോകുകയാണ്. നവംബർ ഒന്നുമുതൽ ഇത് നിലവിൽവരും.

പ്രസരണ നിരക്ക് നിശ്ചയിക്കുന്നതിൽ പവർഗ്രിഡ് കോർപ്പറേഷൻ വരുത്തിയ മാറ്റമാണ് കെ.എസ്.ഇ.ബിക്ക് ഇരുട്ടടി ആയിരിക്കുന്നത്. നേരത്തേ അന്തഃസംസ്ഥാന ലൈനുകളുടെ ചാർജ് അവ കടന്നുപോകുന്ന സംസ്ഥാനങ്ങളാണ് വഹിച്ചിരുന്നത്. ലൈനിന്റെ മുഴുവൻ ശേഷിയും ഉപയോഗിച്ചാലും ഇല്ലെങ്കിലും നൂറുശതമാനം ചാർജും ഉപയോഗത്തിന്റെ അനുപാതമനുസരിച്ച് ആ സംസ്ഥാനങ്ങൾ പങ്കിടണം. എന്നാൽ, പുതിയ ചട്ടമനുസരിച്ച് ഉപയോഗിക്കാത്ത ശേഷിയുടെ ചാർജ് ഇന്ത്യയിലെ സംസ്ഥാനങ്ങളെല്ലാം കൂടി വീതം വയ്ക്കണം. കേരളത്തിലൂടെ പോകുന്ന ലൈനുകളെല്ലാം ഏതാണ്ട് പൂർണശേഷിയിലാണ് വിനിയോഗിക്കുന്നത്. അതിന്റെ ചാർജ് സാധാരണ പോലെ കേരളം നൽകണം. ചില സംസ്ഥാനങ്ങൾ ലൈനുകൾ പൂർണമായി ഉപയോഗിക്കുന്നില്ല. സംസ്ഥാനങ്ങളിലെ ആ ഉപയോഗിക്കാത്ത ലൈനിന്റെ വിഹിതവുംകൂടി നൽകേണ്ടി വരുന്നതാണ് നിരക്ക് മൂന്നിരിട്ടി ആകുന്നതിന് കാരണം.

നഷ്ടപരിഹാരം 7299 കോടി

രാജ്യത്തെ 67 സ്വകാര്യ വൈദ്യുത നിലയങ്ങൾക്ക് വൈദ്യുതി കയറ്റുമതിക്കായി നിർമ്മിച്ച വൻകിട ലൈനുകൾ അവർ ഉപയോഗിക്കാത്തതു മൂലം നഷ്ടപരിഹാരമായി പിരിച്ചെടുക്കേണ്ടത് 7,299 കോടി രൂപയാണെന്ന് പവർ ഗ്രിഡ് കോർപ്പറേഷൻ. ഇത് ഈടാക്കാൻ നടപടിയെടുക്കാതെ ലൈനുകൾ സ്ഥാപിച്ചതിന്റെ ബാദ്ധ്യത മുഴുവൻ സംസ്ഥാനങ്ങൾക്ക് വീതിച്ചു നൽകുകയാണ് കേന്ദ്ര വൈദ്യുതി റഗുലേറ്ററി കമ്മിഷൻ ചെയ്യുന്നത്.

വൈദ്യുതി നിരക്ക് ഉയർന്നേക്കും

സംസ്ഥാനത്ത് ഉപയോഗിക്കുന്ന വൈദ്യുതിയുടെ 70 ശതമാനവും പുറത്തു നിന്ന് ഇറക്കുമതി ചെയ്യുന്നതാണെന്നിരിക്കെ ലൈനുകളുടെ പ്രസരണ നിരക്ക് വർദ്ധിപ്പിക്കുന്നതു കേരളത്തിനു വലിയ സാമ്പത്തിക ബാദ്ധ്യത ഉണ്ടാക്കും. ഇത് മറികടക്കുന്നതിന് സംസ്ഥാനത്തെ വൈദ്യുതി നിരക്കിൽ യൂണിറ്റിന് 50 പൈസയെങ്കിലും വർദ്ധിപ്പിക്കാൻ കെ.എസ്.ഇ.ബി നിർബന്ധിതരായേക്കും.