
''നീങ്ക നല്ലവരാ .....കെട്ടവരാ ....."" അത്രയും നേരം കണ്ട വേലു നായ്ക്കരുടെ കണ്ണുകളിലെ തീഷ്ണത അപ്പോൾ കാണാൻ കഴിഞ്ഞില്ല. തന്റെ ചോരയിൽ പിറന്ന പൊന്നു മോൾ ചാരുമതിയുടെ മകന്റെ ചോദ്യത്തിന് മുന്നിൽ ഒരു നിമിഷം പകച്ചുകൊണ്ടാണ് വേലു നായ്ക്കർ മറുപടി നൽകുന്നത്. 'തെരിയാതപ്പാ....തെരിയേലെ" യെന്ന് പറഞ്ഞവസാനിക്കുമ്പോൾ മണിരത്നം നമുക്ക് കൂടിയുള്ള ഉത്തരം പറഞ്ഞ പോലൊരു തോന്നൽ. കണ്ടുകൊണ്ടിരിക്കുന്നവർക്ക് ഹൃദയം കീറി മുറിയുന്നത് പോലെ തോന്നുന്നുണ്ടെങ്കിൽ അത്ഭുതപ്പെടേണ്ട. അത്രയും ഹൃദയ സ്പർശിയാണ് കമലഹാസൻ മണിരത്നം ചിത്രം നായകനിലെ ക്ലൈമാക്സ് രംഗം. നായകൻ പിറന്നിട്ട് മുപ്പത്തിമൂന്ന് വർഷമാവുമ്പോഴും മൂർച്ചയുള്ള ഒരു അരിവാൾ പോലെ ആ സിനിമ മുന്നേറിക്കൊണ്ടിരിക്കുകയാണ്.
1987ൽ ഇറങ്ങിയ നായകൻ. ഒരു സാധാ നാട്ടിൻപുറത്തെ ബാലനായ ശക്തിവേലുവിൽ നിന്നും മുംബയ് ഭരിക്കുന്ന അധോലോക നായകൻ വേലു നായ്ക്കറിലേക്ക് ഉള്ള ഒരു പടയോട്ടം കൂടിയായിരുന്നു . ലോക പ്രശസ്ത ചിത്രം ഗോഡ് ഫാദറിൽ നിന്ന് പ്രചോദനം ഉൾകൊണ്ടാണ് നായകൻ ഒരുക്കിയത്. തെൻപാണ്ടി ചീമയിൽ (തമിഴ് നാട് ) നിന്ന് മുംബയിലെത്തി അധോലോകം വെട്ടിപ്പിടിച്ചെടുത്ത അധോലോക നായകനായ വരദരാജ മുതലിയാരുടെ ജീവിതത്തെ അനുസ്മരിച്ചുകൊണ്ടാണ് നായകൻ ഒരുക്കിയത് . സിനിമ പുറത്തിറങ്ങുമ്പോൾ വരദരാജ മുദലിയാർ ജീവിച്ചിരിക്കുന്നുണ്ടായിരുന്നു.
തന്റെ അച്ഛനെ കൊലപ്പെടുത്തിയ പൊലീസുകാരനെ കൊന്ന് പ്രതികാരം ചെയ്ത് വേലു ചെറിയപ്രായക്കാരൻ മുംബൈയിലേക്ക് നാടുവിടുന്നു. ധാരാവിയിൽ ചേരികളിൽ അലഞ്ഞു തിരിഞ്ഞു നടന്ന വേലുവിന് മീൻ പിടുത്തക്കാരൻ ആശ്രയമാകുന്നു. അവരുടെ ചൂരിൽ വേലു വളർന്ന് യൗവനത്തിൽ എത്തുമ്പോൾ തനിക്ക് കിടക്കാൻ കിടപ്പാടം തന്നവരെ സഹായിക്കാൻ കള്ളക്കടത്തിൽ പങ്കാളിയാകുന്നു. ഇതിനിടയിൽ കൂടെയുള്ള ഒരു മീൻ പിടുത്തക്കാരനെ പോലീസ് സ്റ്റേഷനിൽ കൊണ്ടുപോയി കൊല്ലുന്നു.ഇതിന് പ്രതികാരമായി വേലു ചേരിയിൽ വച്ച് പൊലീസുകാരനെ കൊല്ലുന്നു. പിന്നീട് എല്ലാവരും വേലുവിനെ രക്ഷകനായും നേതാവായും കാണുന്നു. വേലുവിൽ നിന്ന് ശക്തിവേലു നായ്ക്കരിലേക്കുള്ള വളർച്ച അവിടെനിന്നാണ് തുടങ്ങുന്നത്.
ആത്മാവ് പോലെ കൂടെ നടക്കുന്ന ശെൽവത്തിന്റെ നിർബന്ധത്തിലാണ് വേലുനായ്ക്കർ അന്നാദ്യമായി വേശ്യാലയത്തിലേക്ക് പോവുന്നത്. മുറിയിലേക്ക് കയറുന്ന വേലുവിനെ വരവേറ്റത് കുട്ടിത്തം മാറാത്ത ഒരു ശബ്ദം.''എനിക്ക് നാളെ പരീക്ഷയാണ് ,എന്നെ നേരത്തെ വിടാമോ ?"" ഈ ചോദ്യത്തിന് മുൻപിൽ വേലു മാത്രമല്ല കണ്ടിരിക്കുന്ന ഓരോരുത്തരും പകച്ചുപോവുന്നുണ്ട്.ഒരു മറുപടി പോലും പറയാതെ തിരിച്ചുപോവാൻ ശ്രമിക്കുന്ന വേലുവിനോട് ആ പെൺകുട്ടി അപേക്ഷിക്കുന്നുണ്ട്. ''നിങ്ങൾ പോവരുത് , നിങ്ങൾക്ക് ശേഷം വരുന്ന ആളു എനിക്ക് സമയം തരില്ല "" ഈ വാക്കുകൾ വേലുവിനെ സ്പർശിക്കുന്നുണ്ട്. കുഞ്ഞു വെളിച്ചത്തിൽ അവൾ പഠിച്ചുകൊണ്ടിരിക്കുന്നത് വേലു നോക്കി ഇരിക്കുന്നുണ്ട്. ഉറക്കം ഉണർന്നു നോക്കുമ്പോൾ പുസ്തകം കൈയ്യിൽ വച്ച് ഉറങ്ങുന്ന ആ പെൺകുട്ടിയോട് വേലുവിനു സഹതാപവും സ്നേഹവും ബഹുമാനവുമൊക്കെ തോന്നുന്നുണ്ട്...ആ പെൺകുട്ടിയുടെ പേരാണ് ''നീല ""(ശരണ്യ പൊൻവണ്ണൻ). നീലയെ ശക്തി വേലുനായ്ക്കർ തന്റെ സഹധർമ്മിണിയാക്കുന്നു.
33 വർഷങ്ങൾ പിന്നിടുമ്പോൾ നായകനിലെ ഓരോ സീനിലും ഇന്നും ആത്മാവ് കാണാൻ കഴിയും...കമലഹാസനും നാസറും ജനകരാജും ശരണ്യയും കാർത്തികയും കക്കരവിയുമൊക്കെ തകർത്തഭിനയിച്ച ചിത്രം .തെൻപാണ്ടിച്ചീമയിൽനിന്ന്, തേരോടും വീഥിയിൽ..മാൻ പോലെ വന്തവാനെ യാർ അടിതാരോ ....