noodles

ബീംജിംഗ്: ഒരു വർഷത്തിൽ അധികമായി ഫ്രീസറിൽ വച്ചിരുന്ന ന്യൂഡിൽസ് കഴിച്ച് ഒരു കുടുംബത്തിലെ ഒൻപത് പേർ മരിച്ചതായി റിപ്പോർട്ട്. വടക്കുകിഴക്കൻ ചൈനയിലെ ഹെയ്ലോങ്ജാങ് പ്രവിശ്യയിലാണ് സംഭവം നടന്നത്. സുവാൻടാഗ്സി എന്ന പ്രാദേശിക ന്യൂഡിൽ സൂപ്പാണ് ഇവർ കഴിച്ചത്. അതേസമയം, ന്യൂഡിൽസിന്റെ രുചി ഇഷ്ടപ്പെടാതിരുന്നത് മൂലം കഴിക്കാതിരുന്ന മൂന്ന് കുട്ടികൾ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടു.

പുളിപ്പിച്ച ചോള മാവ് അടങ്ങിയ ന്യൂഡിൽ സൂപ്പിൽ 'ബോൺഗ്രെക്കിക്ക്' ആസിഡിന്റെ സാന്നിദ്ധ്യമുണ്ടായിരുന്നുവെന്നും അതാണ് മരണം സംഭവിക്കാൻ കാരണമെന്നുമാണ് ആരോഗ്യ ഏജൻസികൾ വ്യക്തമാക്കുന്നത്. സംഭവത്തെ തുടർന്ന് പ്രാദേശിക ആരോഗ്യ ഏജൻസി പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ബാക്ടീരിയം സ്യൂഡോമോണസ് കോക്കോവെനാനൻസ് എന്ന ബാക്ടീരിയ ഉത്പാദിപ്പിക്കുന്ന ബോൺഗ്രെക്കിക് ആസിഡ് എന്ന രാസവസ്തുവിന്റെ സാന്നിദ്ധ്യം മരിച്ചവരുടെ വയറ്റിൽ നിന്നും കണ്ടെത്തിയതായി ചൈനയിലെ ദേശീയ ആരോഗ്യ കമ്മിഷൻ അറിയിച്ചു. ശ്വസനവ്യവസ്ഥയെ ബാധിക്കുന്ന വിഷപദാർത്ഥമാണിത്.

അതേസമയം, ഈ ഭക്ഷ്യദുരന്തം സംഭവിച്ചത് എങ്ങനെയെന്ന കാര്യത്തിൽ പരിശോധന തുടരുകയാണെന്നാണ് അധികൃതർ അറിയിക്കുന്നത്.
 ബോൺഗ്രെക്കിക് ആസിഡ്

പുളിപ്പിച്ച അരിയും മറ്റു ധാന്യങ്ങളും ഉപയോഗിച്ചുള്ള ഭക്ഷ്യവിഭവങ്ങളിൽ നിന്ന് ഏറ്റവുമധികം ഭക്ഷ്യവിഷബാധയ്ക്ക് കാരണമാകുന്നത് ബോൺഗ്രെക്കിക് ആസിഡാണ്. ചൂടിൽ പോലും നശിക്കാത്ത ഈ രാസവസ്തുവിന്റെ സാന്നിദ്ധ്യം ഭക്ഷണം പാചകം ചെയ്താലും ഇല്ലാതാകില്ല. കൊടുംവിഷമായ ബോൺഗ്രെക്കിക് ആസിഡിനെതിരെ പ്രവർത്തിക്കുന്ന മരുന്നുകളില്ലെന്നും വളരെ ഉയർന്ന മരണസാദ്ധ്യതയുണ്ടെന്നുമാണ്

വിദഗ്ദ്ധർ പറയുന്നത്.

ഈ രാസവസ്തു അടങ്ങിയ ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ ഏതാനും മണിക്കൂറുകൾ കൊണ്ട് ലക്ഷണങ്ങൾ പ്രത്യക്ഷപ്പെടും. വയറുവേദന, അമിതമായി വിയർക്കുക, തളർച്ച എന്നിങ്ങനെ തുടങ്ങുന്ന രോഗലക്ഷണങ്ങൾ കോമയിലെത്തുകയും പിന്നീട് മരണം സംഭവിക്കുകയും ചെയ്യാം. ചിലപ്പോൾ, 24 മണിക്കൂറിനുള്ളിൽ മരണം സംഭവിച്ചേക്കാം.കരൾ, വൃക്കകൾ, ഹൃദയം, തലച്ചോർ എന്നിങ്ങനെ വിവിധ അവയവങ്ങളെ ഗുരുതരമായി ഇത് ബാധിക്കും. ബോൺഗ്രെക്കിക് ആസിഡ് കലർന്ന ഭക്ഷണം കഴിക്കുന്നത് മൃഗങ്ങൾക്കും ദോഷകരമാണ്. മരണം വരെ സംഭവിച്ചേക്കാം.