hh

ലണ്ടൻ : ജീവികളിൽ ഏറ്രവും കരുത്തുള്ള പുറം ചട്ടയാണ് ഈ വണ്ടിന്. കാർ കയറ്റിയിറക്കിയാലും പോറൽ പോലും ഏൽക്കാത്ത ഉരുക്ക് കവചം. ഈ വണ്ടിന്റെ പേര് 'ദ ഡയബോളിക്കൽ അയൺക്ളാഡ് ബീറ്റിൽ'.ശാസ്ത്ര നാമം: ഫ്ളോയിഡിസ് ഡയബോളിക്കസ് (Phloeodes diabolicus). കറുത്തിരുണ്ട പൈശാചിക (diabolic)​ രൂപം.ശരീരത്തിന്റെ 39,000 മടങ്ങ് ഭാരം താങ്ങുന്നതാണ് 'ഉരുക്ക് വണ്ടിന്റെ' കവചം. ഒരു ചതുരശ്ര സെന്റിമീറ്ററിൽ 1519 കിലോഗ്രാം (149 ന്യൂട്ടൺ)​ ഭാരം താങ്ങും എന്നാണ് ഗവേഷകർ കണ്ടെത്തിയത്. ഈ അദ്ഭുത ശേഷിയുടെ രഹസ്യം തേടുകയാണ് ശാസ്ത്രലോകം. കവചത്തിന് കാഠിന്യം നൽകുന്ന വസ്തുക്കളെക്കുറിച്ച് അറിഞ്ഞാൽ, വിമാനങ്ങൾ,​ കെട്ടിടങ്ങൾ ബഹിരാകാശ ഗവേഷണം തുടങ്ങിയ നിരവധി മേഖലകൾക്ക് അവശ്യം വേണ്ട,​ കാഠിന്യമുള്ളതും തകർക്കാൻ പറ്റാത്തതുമായ വസ്തുക്കൾ നിർമ്മിക്കാമെന്നാണ് പ്രതീക്ഷ. ഇന്റർലോക്ക് ചെയ്‌ത് ഉരുക്കി ചേർത്തതുപോലെയാണ് ഇതിന്റെ ഘടന. ഇതേ ഘടനയിൽ ലോഹങ്ങളും പ്ലാസ്റ്റിക്കും ഉപയോഗിച്ച് നിർമ്മിച്ച വസ്തുക്കൾക്ക് കാഠിന്യം കൂടുതലാണെന്നും നേച്ചർ മാസികയിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നു.

കാലിഫോർണിയ യൂണിവേഴ്സിറ്റിയിലെ ഡേവിഡ് കിസൈലസിന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്.

 80 ലക്ഷം ഡോളർ

വണ്ടിന്റെ ജീവശാസ്ത്ര പ്രത്യേകത മനസിലാക്കി പ്രകൃതിദത്തമായ ആഘാതപ്രതിരോധവസ്തുക്കൾ നിർമ്മിക്കാൻ അമേരിക്കൻ വ്യോമസേന 80 ലക്ഷം ഡോളറിന്റെ പദ്ധതി തയ്യാറാക്കി.

അമേരിക്കയിലും മെക്സിക്കോയിലും കാണപ്പെടുന്നു

 മരത്തൊലിയിലും പാറകളുടെ അടിയിലും ജീവിക്കുന്നു

ജീവികളിൽ ഏറ്റവും കാഠിന്യമുള്ള ബാഹ്യാസ്ഥികൂടം

അപകടങ്ങളിൽ നിന്ന് പറന്ന് രക്ഷപ്പെടാൻ കഴിവില്ല

മുൻചിറകുകൾ ഉരുക്ക് കവചമായി പരിണമിച്ചതിനാൽ പക്ഷികൾക്ക് കൊത്തിത്തിന്നാനാവില്ല

ആക്രമിച്ചാൽ ചത്തതുപോലെ കിടക്കും. പാറക്കഷണമെന്ന് തോന്നും.