
പാരിസ്: പ്രവാചകന്റെ കാർട്ടൂൺ വിദ്യാർത്ഥികളുടെ മുന്നിൽ പ്രദർശിപ്പിച്ചതിന്റെ പേരിൽ ഫ്രാൻസിൽ തലയറുത്ത് കൊലചെയ്യപ്പെട്ട അദ്ധ്യാപകൻ സാമുവൽ പാറ്റിയ്ക്ക് ഫ്രഞ്ച് സർക്കാരിന്റെ ലീജിയൻ ഒഫ് ഓണർ ബഹുമതി. സോർബോൺ സർവകലാശാലയിൽ നടന്ന ചടങ്ങളിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ആണ് ബഹുമതി സാമുവലിന് സമർപ്പിച്ചത്. ഫ്രാൻസിന്റെ ഉന്നത സിവിൽ അവാർഡാണ് 'ലീജിയൻ ഒഫ് ഓണർ'. യൂറോപ്പിന്റെ മതേതര, ജനാധിപത്യ മൂല്യങ്ങളെ പ്രതിനിധീകരിച്ചതിന്റെ പേരിലാണ് സാമുവൽ കൊല ചെയ്യപ്പെട്ടതെന്ന് മാക്രോൺ പറഞ്ഞു. കാർട്ടൂണുകൾ ഉപേക്ഷിക്കാൻ ഒരിക്കലും തയ്യാറാകില്ലെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ 400ലധികം ആളുകൾ പങ്കെടുത്തു. സാമുവലിന്റെ കൊലയ്ക്ക് പിന്നിൽ പ്രവർത്തിച്ചവരെ ഉന്നമിട്ടായിരുന്നു ബുധനാഴ്ച നടന്ന ചടങ്ങിലെ മാക്രോണിന്റെ പ്രസംഗം. സാമുവലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള പൊലീസ് അന്വേഷണം ശക്തമാണ്. ഇതുവരെ അറസ്റ്റിലായ 16 പേരിൽ 9 പേരെ ചൊവ്വാഴ്ച കസ്റ്റഡിയിൽ വിട്ടു. കൊല നടത്തിയ 18കാരൻ
എ.അബ്ദൗലഖിന്റെ കുടുംബത്തിൽ നിന്നുള്ള നാല് പേരും മൂന്ന് വിദ്യാർത്ഥികളും അറസ്റ്റിലായിരുന്നു. അബ്ദൗലഖ് പൊലീസുമായുള്ള ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടിരുന്നു.
വിവിധ കേന്ദ്രങ്ങളിൽ പോലീസ് റെയ്ഡ് തുടരുകയാണ്. പാരീസിന് പുറത്ത് സ്ഥിതി ചെയ്യുന്ന ഒരു പള്ളി ആറ് മാസത്തേക്ക് അടച്ചിടാൻ സർക്കാർ നിർദ്ദേശം നൽകിയിരുന്നു.
സാമുവലിന്റെ കൊലപാതകത്തിന്റെ സൂത്രധാരന്മാർ പാലസ്തീൻ ഭീകര ഗ്രൂപ്പായ ഹമാസിനെ അനുകൂലിക്കുന്ന ഒരു സംഘമാണെന്നും റിപ്പോർട്ടുണ്ട്. ഈ ഗ്രൂപ്പിനെ പിരിച്ച് വിടാൻ മാക്രോൺ നിർദ്ദേശം നൽകിയിരുന്നു.