real-madrid-ucl

മുൻ ചാമ്പ്യന്മാരായ റയൽമാഡ്രിഡിനെപുതിയ സീസണിന്റെ ആദ്യ മത്സരത്തിൽ തോൽപ്പിച്ച് ഷാക്തർ ഡോണെസ്ക്

ബയേൺ മ്യൂണിക്ക്,മാഞ്ചസ്റ്റർ സിറ്റി,ലിവർപൂൾ,അറ്റലാന്റ വിജയം കണ്ടു, ഇന്റർ മിലാനും സാൽസ് ബർഗിനും സമനില

മാഡ്രിഡ് : യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബാളിന്റെ പുതിയ സീസണിലെ ആദ്യ മത്സരത്തിൽ മുൻ ചാമ്പ്യൻക്ളബ് റയൽ മാഡ്രിഡ് അട്ടിമറിക്കപ്പെട്ടപ്പോൾ നിലവിലെ ചാമ്പ്യൻമാരായ ബയേൺ മ്യൂണിക്കിന് തകർപ്പൻ തുടക്കം. ഇംഗ്ളീഷ് ക്ളബുകളായ ലിവർപൂളും മാഞ്ചസ്റ്റർ സിറ്റിയും ആദ്യപാദ മത്സരങ്ങളിൽ വിജയം കണ്ടു.

സ്വന്തം തട്ടകത്തിൽ വച്ച് റയൽ മാഡ്രിഡിനെ ഉക്രേനിയൻ ക്ളബ് ഷാക്തർ ഡോണെസ്ക് 3-2നാണ് തോൽപ്പിച്ചത്. സ്പാനിഷ് കരുത്തന്മാരായ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ മറുപടിയില്ലാത്ത നാലുഗോളുകളടിച്ച് ബയേൺ മ്യൂണിക്ക് പുതു സീസണിലും തങ്ങളുടെ അജയ്യത വ്യക്തമാക്കി.കഴിഞ്ഞ സീസൺ ഫൈനലിലെ മാൻ ഒഫ് ദ മാച്ച് കിംഗ്സ്‌ലി കോമാൻ ഇരട്ടഗോളുകളുമായി അത്‌ലറ്റിക്കോയ്ക്ക് എതിരെ മിന്നിത്തിളങ്ങി.

മുൻ ചാമ്പ്യന്മാരായ ലിവർപൂൾ ഡച്ച് ക്ളബ് അയാക്സിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് കീഴടക്കിയത്.സെൽഫ് ഗോളിലൂടെയാണ് അയാക്സ് തോൽവി ഏറ്റുവാങ്ങിയത്. പെപ് ഗ്വാർഡിയോള പരിശീലിപ്പിക്കുന്ന ഇംഗ്ളീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റി ഒന്നിനെതിരെ മൂന്നുഗോളുകൾക്ക് പോർച്ചുഗീസ് ക്ളബ് എഫ്.സി പോർട്ടോയെയാണ് കീഴടക്കിയത്. ഇന്റർ മിലാൻ 2-2ന് ജർമ്മൻ ക്ളബ് ബൊറൂഷ്യ മോൺഷെംഗ്ളാബാഷിനോട് സമനിലയിൽ പിരിഞ്ഞപ്പോൾ സാൽസ്ബർഗും സി.എസ്.കെ.എ മോസ്കാവയും ഇതേ മാർജിനിൽ സമനിലയിലായി. കഴിഞ്ഞ സീസണിൽ അത്ഭുതപ്രകടനം കാഴ്ചവച്ച ഇറ്റാലിയൻ ക്ളബ് അറ്റലാന്റ ഇക്കുറി ആദ്യ മത്സരത്തിൽ എതിരില്ലാത്ത നാലുഗോളുകൾക്ക് മൈറ്റിലാൻഡിനെ കീഴടക്കി. ഗ്രീക്ക് ക്ളബ് ഒളിമ്പിക് പിറേയൂസ് ഏകപക്ഷീയമായ ഒരു ഗോളിന് ഫ്രഞ്ച് ക്ളബ് മാഴ്സയെ കീഴടക്കി.

ഒരാഴ്ചയ്ക്കിടയിലെ രണ്ടാമത്തെ തോൽവിയാണ് റയൽ മാഡ്രിഡ് ഷാക്തറിൽ നിന്ന് ഏറ്റുവാങ്ങിയത്. കഴിഞ്ഞയാഴ്ച സ്പാനിഷ് ലാലിഗയിൽ നിലവിലെ ചാമ്പ്യന്മാരായ റയൽ നവാഗതരായ കാഡിസിനോട് ഒറ്റഗോളിന് തോറ്റിരുന്നു. അതിന് പിന്നാലെയാണ് ഷാക്തറിനോടും തകർന്നടിഞ്ഞത്. നാളെ ലാ ലിഗയിലെ എൽക്ളാസിക്കോയിൽ ബാഴ്സലോണയെ നേരിടാനിറങ്ങുമ്പോൾ ഈ രണ്ട് തോൽവികളും സിനദിൻ സിദാൻ പരിശീലിപ്പിക്കുന്ന ടീമിനെ സമ്മർദ്ദത്തിലാക്കുന്നുണ്ട്.

കൊവിഡ് കാരണം തങ്ങളുടെ പത്ത് പ്രധാനതാരങ്ങളെക്കൂടാതെ ഇറങ്ങിയിട്ടും ഷാക്തർ അവിസ്മരണീയ വിജയം നേടുകയായിരുന്നു. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിന്റെ ആദ്യ പകുതിയിൽത്തന്നെ റയൽ മൂന്ന് ഗോളുകൾ വഴങ്ങിയിരുന്നു. ഇതിലൊന്ന് സെൽഫ് ഗോളുമായിരുന്നു. രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ തിരിച്ചടിച്ചെങ്കിലും നാണക്കേടിൽ നിന്ന് കരകയറാൻ സിദാന്റെ കുട്ടികൾക്കായില്ല. ഇന്റർമിലാനും ബൊറൂഷ്യ മോൺഷെംഗ്ളാബാഷും അടങ്ങുന്ന ഗ്രൂപ്പ് ബിയിൽ താരതമ്യേന ദുർബലരെന്ന് കരുതിയ ഷാക്തറിനെതിരായ തോൽവി റയലിന്റെ നോക്കൗട്ട് സാദ്ധ്യതകൾക്ക് തിരിച്ചടിയായിട്ടുണ്ട്.

ഗോളുകൾ ഇങ്ങനെ

1-0

29-ാം മിനിട്ടിൽ ടെറ്റെയിലൂടെയാണ് ഷാക്തർ ആദ്യഗോൾ നേടിയത്.

2-0

33-ാം മിനിട്ടിൽ ടെറ്റെയുടെ ഒരു ഷോട്ട് പ്രതിരോധിക്കാൻ ശ്രമിക്കുന്നതിനി‌ടെ റാഫേൽ വരാനെയുടെ കാലിൽത്തട്ടി പന്ത് റയൽ വലയിൽ കയറി.

3-0

42-ാം മിനിട്ടിൽ ടെറ്റെയുടെ പാസിൽ നിന്ന് സോളമൻ ഷാക്തറിന്റെ മൂന്നാം ഗോളും നേടി.

3-1

54-ാം മിനിട്ടിൽ മാഴ്സെലോയുടെ പാസിൽനിന്ന് ലൂക്കാ മൊഡ്രിച്ചാണ് റയലിനായി ആദ്യഗോൾ തിരിച്ചടിച്ചത്.

3-2

നാലുമിനിട്ടിന് ശേഷം വിനീഷ്യസ് ജൂനിയർ രണ്ടാം ഗോളുമടിച്ചു.എന്നാൽ തു‌ടർന്ന് സ്കോർ ചെയ്യാൻ റയലിനെ ഉക്രേനിയൻ ക്ളബ് അനുവദിച്ചില്ല. ഇൻജുറി ടൈമിൽ പന്ത് വലയിലാക്കിയെങ്കിലും റഫറി ഓഫ്സൈഡ് വിളിച്ചു.

13

മിനിട്ടിനിടെയാണ് ഷാക്തർ ഡോണെസ്ക് മൂന്ന് ഗോളുകളും നേടിയത്.

കഴിഞ്ഞ സീസൺ ഫൈനലിൽ നിറുത്തിയേടത്തുനിന്നാണ് ബയേൺ മ്യൂണിക്ക് പുതിയ സീസണിൽ തുടങ്ങിയിരിക്കുന്നത്. ആദ്യ മത്സരത്തിൽ അത്‌ലറ്റിക്കോ മാഡ്രിഡ് കടുത്ത വെല്ലുവിളി നൽകുമെന്ന് കരുതിയെങ്കിലും ഗോളടിച്ചുകൂട്ടുന്ന ജർമ്മൻ പതിവിൽ ഒരു മാറ്റവുമുണ്ടായില്ല. രണ്ട് ഗോളുകൾ നേടിയും ഒന്നിന് വഴിയൊരുക്കിയും കോമാനാണ് ബയേണിന്റെ മനോഹരവിജയത്തിന് വഴിയൊരുക്കിയത്.

28-ാം മിനിട്ടിൽ ജോഷ്വ കിമ്മിഷിന്റെ ക്രോസിൽ നിന്നാണ് കോമാൻ ഗോളടി തുടങ്ങിയത്. 43- ാം മിനിട്ടിൽ കോമാന്റെ മാസിൽനിന്ന് ഗോയേസ്കയും സ്കോർ ചെയ്തു. രണ്ടാം പകുതിയുടെ തുടക്കത്തിൽ അത്‌ലറ്റിക്കോ ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും ബാഴ്സയിൽ നിന്ന് ഈ സീസണിൽ കൂടുമാറിയെത്തിയ ലൂയിസ് സുവാരേസ് ഓഫ് സൈഡായതിനാൽ അനുവദിച്ചില്ല. 66-ാം മിനിട്ടിൽ അത്‌ലറ്റിക്കോ പ്രതിരോധത്തിൽ തട്ടിത്തകർന്ന കിമ്മിഷിന്റെ ഫ്രീക്കിക്ക് പിടിച്ചെടുത്താണ് ടോലിസോ ടീമിന്റെ മൂന്നാം ഗോൾ നേടിയത്. 72-ാം മിനിട്ടിൽ മുള്ളറുടെ പാസിൽ നിന്ന് കോമാൻ തന്റെ രണ്ടാമത്തേയും ടീമിന്റെ അവസാനത്തേയും ഗോൾനേടി.

12

ചാമ്പ്യൻസ് ലീഗിൽ ബയേൺ തുടർച്ചയായി ഒരു ഡസൻ മത്സരങ്ങളിൽ വിജയം സ്വന്തമാക്കി.

ഇംഗ്ളീഷ് പ്രിമിയർ ലീഗിൽ ആദ്യ മത്സരങ്ങളിൽ പ്രതീക്ഷിച്ച മികവ് കാട്ടൻ കഴിയാതിരുന്ന മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗിൽ അതെല്ലാം മറന്ന് തകർപ്പൻ വിജയത്തോടെയാണ് തുടങ്ങിയത്. സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ആദ്യ ഗോൾ എതിരാളികളായ പോർട്ടോ നേടിയിട്ടും പതറാതെ തിരിച്ചടിച്ചായിരുന്നു സിറ്റിയുടെ വിജയം. 14-ാം മിനിട്ടിൽ ലൂയിസ് ഡയസിന്റെ ഒറ്റയാൾ പോരാട്ടത്തിലൂടെയാണ് പോർട്ടോ ഗോളടിച്ചത്. 20-ാം മിനിട്ടിൽ സെർജി അഗ്യൂറോ പെനാൽറ്റിയിലൂടെ ഗോൾ മടക്കി. ഇടക്കാലത്ത് പരിക്കുമൂലം വിട്ടുനിൽക്കേണ്ടിവന്ന അഗ്യൂറോ 231 ദിവസത്തിന് ശേഷം നേടുന്ന ഗോളായിരുന്നു ഇത്. 65-ാം മിനിട്ടിൽ ഇക്കേയ് ഗുണ്ടോഗനും 73-ാം മിനിട്ടിൽ ഫെറാൻ ടോറസുമാണ് സിറ്റിക്കുവേണ്ടി മറ്റുഗോളുകൾ നേടിയത്.

ഗ്രൂപ്പ് സിയിൽ മാഞ്ചസ്റ്റർ സിറ്റിയാണ് ഒന്നാം സ്ഥാനത്ത്. മറ്റൊരു മത്സരത്തിൽ മാഴ്സെയെ 1-0ത്തിന് കീഴടക്കിയ ഒളിമ്പിക് പിറേയൂസ് രണ്ടാമതുണ്ട്. ഇൻജുറി ടൈമിലെ കോക്കയുടെ ഗോളിനായിരുന്നു പിറേയൂസിന്റെ വിജയം.

20118/19 സീസണിൽ ചാമ്പ്യൻസ് ലീഗ് നേടിയിരുന്ന ലിവർപൂളിന് ഈ സീസണിലെ ആദ്യ മത്സരത്തിൽ തുണയായത് സെൽഫ് ഗോളാണ്. ഡച്ച് ക്ളബ് അയാക്സ് സ്വന്തം തട്ടകത്തിൽ ഇഞ്ചോടിഞ്ച് പൊരുതിയെങ്കിലും 35-ാം മിനിട്ടിൽ തഗ്ളിയാഫിക്കോയിൽ നിന്നുണ്ടായ സെൽഫ് ഗോൾ കളിയുടെ വിധികുറിച്ചു. ലിവർപൂൾ താരം മസ്റൗളിന്റെ ലക്ഷ്യം തെറ്റിയ കിക്ക് തടയാൻ ശ്രമിക്കുന്നതിനിടെയാണ് തഗ്ലിയാഫിക്കോയ്ക്ക് അബദ്ധം പിണഞ്ഞത്. ഈ മത്സരത്തിൽ വിജയിച്ചെങ്കിലും ഗ്രൂപ്പ് ഡിയിൽ രണ്ടാം സ്ഥാനത്തെത്താനേ ലിവർപൂളിന് കഴിഞ്ഞുള്ളൂ. മറ്റൊരു മത്സരത്തിൽ മൈറ്റിലാൻഡിനെ 4-0ത്തിന് കീഴടക്കിയ അറ്റലാന്റയാണ് ഒന്നാമത്.

മത്സഫലങ്ങൾ

ഷാക്തർ ഡോണെസ്ക് 3 - റയൽ മാഡ്രിഡ് 2

ലിവർപൂൾ 1- അയാക്സ് 0

ബയേൺ മ്യൂണിക്ക് 4-അത്‌ലറ്റിക്കോ 0

ഇന്റർ മിലാൻ 2- ബൊറൂഷ്യ 2

അറ്റലാന്റ 4-മൈറ്റിലാൻഡ് 0

മാഞ്ചസ്റ്റർ സിറ്റി3- പോർട്ടോ 1

സാൽസ്ബർഗ് 2- ലോക്കോമോട്ടീവ് 2

ഒളിമ്പിക് പിറേയൂസ് 1- മാഴ്സെ 0