
ചെന്നൈ : തമിഴ്നാട്ടിലെ പ്രശസ്തമായ ടി നഗറിലുള്ള കുമരൻ സിൽക്സ് കോർപ്പറേഷൻ അധികൃതരെത്തി അടപ്പിച്ചു. വസ്ത്രാലയത്തിനുള്ളിൽ സാമൂഹിക അകലം പാലിക്കാതെ സ്ത്രീകൾ കൂട്ടമായി വസ്ത്രം വാങ്ങാൻ തിക്കും തിരക്കും ഉണ്ടാക്കുന്ന വീഡിയോ സമൂഹ മാദ്ധ്യമങ്ങളിലടക്കം വൈറലായതിനെ തുടർന്നാണ് വസ്ത്രാലയം പൂട്ടാൻ അധികൃതർ തീരുമാനിച്ചത്.
രാജ്യത്തെ കൊവിഡ് ബാധിതരിൽ നല്ലൊരു പങ്കും റിപ്പോർട്ട് ചെയ്തത് തമിഴ്നാട്ടിലായിരുന്നു. കൊവിഡ് ഭീതി ഇനിയും വിട്ടകലാത്ത ചെന്നൈ നഗരത്തിൽ ഇത്തരമൊരു തിരക്കുണ്ടായിട്ടും ഉടൻ തടയുന്നതിൽ അധികൃതർക്ക് ഉണ്ടായ വീഴ്ചയും ചർച്ചാ വിഷയമാണ്. സമൂഹ മാദ്ധ്യമങ്ങളിൽ തിരക്കിന്റെ വീഡിയോ പ്രചരിച്ച ശേഷം മാത്രമാണ് ഉദ്യോഗസ്ഥർ നടപടിക്ക് മുതിർന്നത്. മാസ്‌ക് പോലും കൃത്യമായി ധരിക്കാതെയായിരുന്നു സ്ത്രീകളുടെ കൂട്ടം വസ്ത്രാലയത്തിൽ തിക്കും തിരക്കുമുണ്ടാക്കുന്നതെന്ന് വീഡിയോയിൽ കാണാം.
Kumaran Silks in Chennai sealed after video of crowding and lack of physical distancing emerges. @chennaicorp @thenewsminute pic.twitter.com/qIM9HyUxSv
— priyankathirumurthy (@priyankathiru) October 20, 2020
നവരാത്രി, ദീപാവലി ആഘോഷങ്ങളിലേക്ക് കടക്കുന്ന സമയമായതിനാലാണ് ജനം തിരക്കു കൂട്ടി പുതു വസ്ത്രങ്ങൾ വാങ്ങുവാനെത്തുന്നത്. ആഘോഷങ്ങൾ വീട്ടിലിരുന്ന് സംഘടിപ്പിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രിയടക്കം മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും ജനം അതൊന്നും കേൾക്കുന്നില്ലെന്നതിന്റെ തെളിവാണ് തമിഴ്നാട്ടിലെ വസ്ത്രാലയത്തിനുള്ളിലെ ഈ കാഴ്ച. രണ്ട് ദിവസം മുൻപ് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവേ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുൻകരുതൽ സ്വീകരിക്കേണ്ട ആവശ്യകതയെ കുറിച്ച് ജനങ്ങളെ ഓർമിപ്പിച്ചിരുന്നു.