
ഉദ്ദാലകമഹർഷിയുടെ പുത്രിയായിരുന്നു സുജാത. കഹോഡകൻ അദ്ദേഹത്തിന്റെ ഉത്തമശിഷ്യനും. ഹോഡകന്റെ ഗുരുഭക്തിയിലും അനുസരണശീലത്തിലും സംതൃപ്‌തനായ മഹർഷി സുജാതയെ കഹോഡകന് വിവാഹം കഴിച്ചുകൊടുത്ത് ആശ്രമത്തിൽ തന്നെ താമസിപ്പിച്ചു. താമസിയാതെ സുജാത ഗർഭിണിയായി. ഒരു നാൾ കഹോഡകൻ വേദം ചൊല്ലുന്നത് ഗർഭസ്ഥശിശു കേൾക്കാനിടയായി. അച്‌ഛൻ ചൊല്ലുന്നതിൽ തെറ്റുകളുണ്ടെന്ന് ഗർഭസ്ഥ ശിശു അച്‌ഛനെ അറിയിച്ചു. ജനിക്കുംമുമ്പേ തന്നെ തിരുത്താൻ ശ്രമിക്കുന്ന ശിശുവിന്റെ പ്രകൃതം കഹോഡകന് ഇഷ്‌ടപ്പെട്ടില്ല. നിന്റെ മനസ് വക്രമായതിനാലാണ് ഞാൻ വേദം ചൊല്ലുന്നതിൽ തെറ്റുകളുണ്ടെന്ന് നിനക്ക് തോന്നുന്നത്. അതിനാൽ നിന്റെ ശരീരവും ഒടിവും വളവുമുള്ളതായിത്തീരട്ടെ എന്നു ശപിച്ചു. ആശ്രമത്തിലെ കൊടിയ ദാരിദ്ര്യത്തിൽ വിഷമിച്ച സുജാത കഹോഡകനോട് ജനകമഹാരാജാവിന്റെ കൊട്ടാരത്തിൽ പോയി കുറച്ചുധനം സമ്പാദിച്ചുവരാൻ ആവശ്യപ്പെട്ടു.
കഹോഡകൻ ജനകരാജധാനിയിലേക്ക് തിരിച്ചു. അവിടെ എത്തിയപ്പോൾ വാന്ദീനൻ എന്നൊരു പണ്‌ഡിതനുമായി വാദപ്രതിവാദ മത്സരം നടക്കുന്നത് അറിഞ്ഞു. ജയിച്ചാൽ പതിനായിരം സ്വർണനാണയവും പരാജയപ്പെട്ടാൽ സമുദ്രത്തിൽ എറിഞ്ഞുകൊല്ലും എന്നതായിരുന്നു മത്സരവിധി. കഹോഡകൻ മത്സരത്തിൽ ഏർപ്പെട്ടു പരാജിതനാവുകയും ദേഹം സമുദ്രത്തിൽ എറിയപ്പെടുകയും ചെയ്‌തു. ചുരുക്കത്തിൽ സുജാത പ്രസവിക്കുന്നതിനു മുമ്പുതന്നെ കഹോഡകൻ മരണപ്പെട്ടു. കുറേ ദിവസങ്ങൾ കഴിഞ്ഞപ്പോൾ സുജാത പ്രസവിച്ചു. ജനിച്ച കുഞ്ഞിന്റെ ശരീരത്തിൽ എട്ട് ഒടിവുകളും വളവുകളും. കുഞ്ഞിന് അഷ്‌ടവക്രൻ എന്നു പേരിട്ടു. അഷ്‌ടവക്രൻ ജനിക്കുന്നതിന് കുറച്ചുദിവസങ്ങൾക്കുമുമ്പായി മഹർഷിക്കും ഒരു പുത്രൻ ജനിച്ചിരുന്നു. ശ്വേതകേതു എന്നായിരുന്നു മഹർഷിയുടെ പുത്രന്റെ പേര്. ശ്വേതകേതുവും അഷ്‌ടവക്രനും പ്രായത്തിൽ വലിയ വ്യത്യാസമില്ലാതിരുന്നതിനാൽ കളിക്കൂട്ടുകാരായി അവർ ആശ്രമത്തിൽ വളർന്നു. കഹോഡകൻ മരിച്ചുപോയത് മഹർഷിയും സുജാതയും അഷ്‌ടവക്രനിൽ നിന്നും മറച്ചുവച്ചു. ഒരുനാൾ കുട്ടികൾ രണ്ടുപേരും കൂടി കളിക്കുന്നതിനിടയിൽ ഒരുചെറിയ കശപിശ ഉണ്ടായി. ശ്വേതകേതു അഷ്‌ടവക്രനെ അച്‌ഛനില്ലാത്തവൻ എന്ന വാക്കുപയോഗിച്ചു അധിക്ഷേപിച്ചു. ഇതുകേട്ട അഷ്‌ടവക്രൻ സുജാതയോട് ചോദിച്ചു കഹോഡകൻ മരിക്കാനിടയായ സാഹചര്യം മനസിലാക്കി അടുത്തദിവസം അഷ്‌ടവക്രൻ ജനകരാജധാനിയിലെത്തി. വാദപ്രതിവാദത്തിന് ഒരാൾ വന്നിട്ടുണ്ടെന്ന് രാജാവിനെ അറിയിക്കാൻ കാവൽക്കാരോട് പറഞ്ഞു: വാദപ്രതിവാദം കുട്ടിക്കളിയല്ലെന്നും ആ കുട്ടിയോട് വീട്ടിലേക്ക് പോകാനും രാജാവ് കല്‌പിച്ചു. വാദപ്രതിവാദത്തിന് പ്രായത്തിന് കാര്യമില്ലെന്നും ജ്ഞാനമാണ് മാനദണ്ഡമെന്നും വാദിച്ച അഷ്‌ടവക്രനെ ഒഴിവാക്കാൻ രാജാവിന് സാധിച്ചില്ല. വാദപ്രതിവാദം ആരംഭിച്ചു. വാദപ്രതിവാദത്തിൽ വാന്ദീനൻ പരാജയപ്പെട്ടു. വാന്ദീനൻ സമുദ്രത്തിൽ എറിയപ്പെട്ടു. എന്നാൽ സമുദ്രരാജാവായ വരുണന്റെ പുത്രനായ വാന്ദീനനെ സമുദ്രത്തിൽ എറിഞ്ഞത് സ്വന്തം തറവാട്ടിൽ എത്തിയ പ്രതീതിയായിരുന്നു വാന്ദീനന്. എന്നാൽ പണ്ഡിതനായ വാന്ദീനനെ പരാജയപ്പെടുത്തിയ കുട്ടിയായ അഷ്ടവക്രനോട് മതിപ്പുതോന്നിയ വരുണൻ നേരത്തെ കടലിൽ എറിയപ്പെട്ട കഹോഡകനെ വിളിച്ചുവരുത്തി മകനോടൊപ്പം ആശ്രമത്തിലേക്ക് പോകാൻ അനുഗ്രഹിച്ചു. മത്സരത്തിലൂടെ ലഭിച്ച സ്വർണനാണയങ്ങളും അച്‌ഛനേയും കൂട്ടി അഷ്‌ടവക്രൻ ആശ്രമത്തിലേക്ക് തിരിച്ചു. പോരുംവഴി രണ്ടുപേരും കൂടി സമുദ്രത്തിലിറങ്ങി സ്‌നാനം ചെയ്യുന്നതിനായി മുങ്ങി. സമുദ്രത്തിൽ മുങ്ങി നിവർന്ന അഷ്‌ടവക്രന്റെ ശരീരത്തിലുണ്ടായിരുന്ന ഒടിവുകളും വളവുകളും അപ്രത്യക്ഷമായി. സുന്ദരനായ ഒരു ബാലനായി മാറി. സന്തോഷത്തോടുകൂടി രണ്ടുപേരും ആശ്രമത്തിലെത്തി. അഷ്‌ടവക്രൻ വളർന്ന് യുവാവായി.
വദാന്യൻ എന്ന മഹർഷിയുടെ പുത്രിയായ സുപ്രഭയുമായി അഷ്‌ടവക്രന് വിവാഹാലോചന എത്തി. എന്നാൽ വിവാഹത്തിന് മുമ്പായി ഒരു പരീക്ഷണം നടത്താൻ വദാന്യൻ തീരുമാനിച്ചു. തന്റെ മകളോടുള്ള അഷ്‌ടാവക്രന്റെ സമീപനം ആത്മാർത്ഥതയുള്ളതാണോ എന്നറിയുകയായിരുന്നു മഹർഷിയുടെ ഉദ്ദേശം. അഷ്‌ടവാക്രനോട് കൈലാസത്തിൽപോയി ശിവപാർവതിമാരെ വന്ദിച്ചശേഷം വീണ്ടും വടക്കോട്ട് കുറേദൂരം കൂടി പോകണം എന്നതായിരുന്നു പരീക്ഷണം.
കൈലാസത്തിലെത്തി ശിവപാർവതിമാരെ വണങ്ങിയ അഷ്‌ടാവക്രൻ വീണ്ടും വടക്കോട്ടു നടന്നു. മുന്നോട്ട് കുറേദൂരം നടന്നപ്പോൾ കുറേ തരണീമണികൾ വഴിയിൽ നിൽക്കുന്നതുകണ്ടു. അതിൽ ഒരു യുവതി അഷ്‌ടാവക്രന്റെ മുമ്പിലെത്തി ചില പ്രേമചേഷ്‌ടകൾ കാണിച്ച് അഷ്‌ടാവക്രനെ വശീകരിക്കാൻ തുടങ്ങി. അഷ്‌ടാവക്രൻ കഴിയുന്നത്ര ഒഴിഞ്ഞുമാറാൻ ശ്രമിച്ചു. അഷ്‌ടാവക്രൻ ഒഴിയുന്നതിനനുസരിച്ച് യുവതി മുന്നേറാൻ ശ്രമിച്ചുകൊണ്ടിരുന്നു. സഹികെട്ട അഷ്‌ടാവക്രൻ തന്റെ വിവാഹം മറ്റൊരു യുവതിയുമായി ആലോചിച്ചുറപ്പിച്ചു പോയെന്നും മറ്റാരെയും സ്വീകരിക്കാൻ കഴിയുകയില്ലെന്നും വെളിപ്പെടുത്തി. വദാന്യൻ ഒരുക്കിയ പരീക്ഷണത്തിൽ വിജയിച്ച അഷ്‌ടാവക്രന് സന്തോഷത്തോടുകൂടി സുപ്രഭയെ വിവാഹം കഴിപ്പിച്ചു കൊടുത്തു. അവർ സന്തോഷത്തോടെ ജീവിച്ചു.