covid-vaccine

സാവോപോളോ: ഓക്‌സ്‌ഫോഡും അസ്ട്രാസെനക്കയും സംയുക്തമായി തയ്യാറാക്കുന്ന കൊവിഡ് വാസ്കിൻ പരീക്ഷണത്തിന് ബ്രസീലിൽ തിരഞ്ഞെടുത്ത സന്നദ്ധ പ്രവർത്തകൻ മരിച്ചെന്ന് റിപ്പോർട്ട്. ഇയാൾക്ക് വാക്സിൻ കുത്തിവച്ചിരുന്നില്ലെന്നാണ് വിവരം.

ബ്രസീൽ ഹെൽത്ത് അതോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബ്രസിലീൽ കൊവിഡ് വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിന് നേതൃത്വം നൽകുന്ന ഫെഡറൽ യൂണിവേഴ്‌സിറ്റി ഓഫ് സാവോ പോളോ ഇത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

വാക്സിൻ പരീക്ഷണങ്ങൾക്ക് തയ്യാറായിരുന്ന സന്നദ്ധപ്രവർത്തകൻ മരിച്ചെന്നത് ബ്രസീൽ അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. സി.എൻ.എന്നിന്റെ റിപ്പോർട്ട് പ്രകാരം റിയോ ഡി ജനീറയിൽ താമസിക്കുന്ന ഇരുപത്തെട്ടുകാരനാണ് മരിച്ചത്. വാക്സിൻ പരീക്ഷണങ്ങളിൽ ഏർപ്പെടുന്നവരുടെ മെഡിക്കൽ രഹസ്യാത്മകത ചൂണ്ടിക്കാട്ടി ബ്രസീൽ ഹെൽത്ത് അതോറിറ്റി ഇയാളെക്കുറിച്ചുള്ള വിശദാംശങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. ബ്രസീൽ സ്വദേശി തന്നെയാണ് മരിച്ചതെന്ന് ഫെഡറൽ യൂണിവേഴ്സിറ്റി ഒഫ് സാവോപോളയും അറിയിച്ചു. ഇയാൾ കൊവിഡ് ബാധ രൂക്ഷമായാണ് മരിച്ചതെന്നാണ് അന്തർദ്ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

 വാക്സിൻ പരീക്ഷണം തുടരും

ക്ലിനിക്കൽ ട്രയലിന്റെ സുരക്ഷയെക്കുറിച്ച് ആശങ്കകളൊന്നും ഉടലെടുത്തിട്ടില്ലെന്നും പരീക്ഷണം തുടരുമെന്നും ഓക്സ്ഫോഡ് വ്യക്തമാക്കിയിട്ടുണ്ട്. മരിച്ച സന്നദ്ധപ്രവർത്തകന് കൊവിഡ് വാക്സിൻ ലഭിച്ചിരുന്നെങ്കിൽ പരീക്ഷണം താത്കാലികമായി നിറുത്തിവയ്ക്കുമായിരുന്നുവെന്നാണ് വിഷയവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ പറയുന്നതെന്ന് റോയിട്ടേഴ്സും റിപ്പോർട്ട് ചെയ്തു. മരണപ്പെട്ടയാൾക്ക് കൊവിഡ് വാക്സിൻ നൽകിയിരുന്നില്ല എന്നതിലേക്കാണ് ഇക്കാര്യങ്ങൾ വിരൽ ചൂണ്ടുന്നത്. ബ്രസീലിൽ കൊവിഡ് വാക്സിൻ പരീക്ഷണത്തിന് 10,000 പേരെ പങ്കെടുപ്പിക്കാനാണ് പദ്ധതി. ഇതിൽ 8,000 സന്നദ്ധപ്രവർത്തകരെ ഇതിനോടകം റിക്രൂട്ട് ചെയ്യുകയും, രാജ്യത്തെ ആറ് നഗരങ്ങളിൽ ആദ്യ ഡോസ് നൽകുകയും ചെയ്തു. പലർക്കും ഇതിനോടകം തന്നെ രണ്ടാമത്തെ ഡോസും ലഭിച്ചിരിക്കാമെന്ന് ഫെഡറൽ യൂണിവേഴ്സിറ്റി ഒഫ് സാവോപോളോ വക്താവ് അറിയിച്ചു.