
ഒരുമിച്ചുള്ള ബസ് യാത്രയിലെ പതിവ് വർത്തമാനങ്ങൾക്കിടയിലെപ്പോഴോ ആയിരുന്നു സരസ്വതി ടീച്ചർ, പുതുതായി വൃദ്ധസദനത്തിലെത്തിയ ഒരമ്മയെക്കുറിച്ച് ഉമയോട് പറഞ്ഞത്. ഔദ്യോഗികാവശ്യങ്ങൾക്കായി ഹരി വിദേശത്ത് പോയപ്പോൾ ഏകാന്തതയുടെ ആകുലതകൾ ഉമയെ ഒട്ടുവിഷമിപ്പിച്ചിരുന്ന ദിനങ്ങളിലൊന്നായിരുന്നു അത്.
ഹരിയുടെ വിവാഹാലോചനയുമായി വരുമ്പോൾ അച്ഛൻ ഉമയ്ക്ക് വാക്കുകൊടുത്തിരുന്നത്, ഒരമ്മയുടെ അഭാവം ഒരിക്കലും ഹരിയുടെ വീട്ടിൽ ഉണ്ടാവില്ല എന്നു മാത്രമായിരുന്നു. അത് അച്ഛൻ മരിച്ചിടുംവരെ അറിഞ്ഞിരുന്നുമില്ല. വർഷങ്ങൾക്കിപ്പുറം വന്നുകൂടാനിടയുള്ള ജീവിതസാഹചര്യങ്ങളെപ്പറ്റി അന്നൊന്നും ചിന്തിച്ചിരുന്നുമില്ല.
ഒരമ്മയുടെ സാന്നിദ്ധ്യം ഏറെ അനിവാര്യമാണെന്ന് തോന്നിയ അവസരത്തിലാണ് സരസ്വതി ടീച്ചർ പറഞ്ഞ വളരെ പ്രത്യേകതകളുള്ള ആ അമ്മയെക്കുറിച്ച് ഉമ ഓർത്തത്. അമേരിക്കയിൽ ജോലിചെയ്യുന്ന  മകൻ സുരക്ഷിതത്വമോർത്താണത്രേ തന്റെ അമ്മയെ വൃദ്ധസദനത്തിലാക്കിയത്! ഒരുപാടാലോചനകൾക്കൊന്നും ഇടകൊടുക്കാതെ ഉമ അന്നുതന്നെ ഹരിയെ വിളിച്ചു ചോദിച്ചു ആ അമ്മയെ ഒപ്പം കൂട്ടിയാലോ എന്ന്. ചിന്തകളുടെ വൈവിദ്ധ്യതകളിൽ ഒരിക്കൽ പോലും കടന്നുവന്നിട്ടില്ലാത്ത ആ ആശയത്തിൽ ഹരിയും സന്തോഷവാനായിരുന്നു. ആ അമ്മയ്ക്കുകൂടി സമ്മതമാണെങ്കിൽ എനിക്ക് നിന്നേക്കാൾ സന്തോഷമായിരിക്കും എന്ന് ഹരി ഉമയ്ക്ക് മറുപടി കൊടുത്തു.
അങ്ങനെയൊരു സായാഹ്നത്തിൽ ഉമ മകളേയും കൂട്ടി വൃദ്ധസദനത്തിലെത്തി. പ്രിയപ്പെട്ട എന്തെല്ലാമൊക്കെയോ ഉമ കൈയിൽ കരുതിയിരുന്നു. ദൂരെനിന്നുതന്നെ ഉമ ആ അമ്മയെ കണ്ടു. സപ്തതിയുടെ നിറവെഴുന്ന മുഖത്ത് പ്രിയപ്പെട്ട ആരുടെയോ ഛായ നിഴലിട്ടുനിന്നിരുന്നു. സരസ്വതിടീച്ചർ ഉമയെ ആ അമ്മയ്ക്ക് പരിചയപ്പെടുത്തി.
''ഒരു മകളോടൊപ്പം കഴിയുന്നത് ഞാൻ ഈയിടെയായി സ്വപ്നം കാണാറുണ്ട് കുട്ടീ... ഉപേന്ദ്രൻ സമ്മതിച്ചാൽ ഞാനിപ്പോൾ തന്നെ മോൾക്കൊപ്പം വരാം...""
എന്നു പറഞ്ഞുകൊണ്ട് അമ്മ ഉമയുടെ കരം കവർന്നു.
സരസ്വതി ടീച്ചർ എന്തുപറഞ്ഞു സമ്മതിച്ചിട്ടാവുമോ എന്തോ, കോളേജിൽ ഉച്ചയൂണിനുശേഷം കുട്ടികളെഴുതിയ അസൈൻമെന്റിൽ മുഖം പൂഴ്ത്തിയിരുന്ന ഉമയെ വിളിച്ചുണർത്തിക്കൊണ്ട് ഫോണിൽ ആ നമ്പർ തെളിഞ്ഞത്.
''എന്റെ അമ്മയ്ക്ക് ഒരു മകളെ കിട്ടാൻ പോകുന്നുവെന്നറിഞ്ഞു. ആരായാലും നിങ്ങൾ ഒരുപാട് നന്മകൾ ഉള്ളവരായിരിക്കും. എനിക്ക് സമ്മതമാണ്. എന്റെ അമ്മ ടീച്ചറിന്റെ അമ്മ കൂടിയാവുന്നത്.""
ആവശ്യത്തിലേറെ സമ്പത്തുള്ള അമ്മയ്ക്ക് പണം ഒരാവശ്യമേയല്ല. എങ്കിലും സരസ്വതി ടീച്ചറിന്റെ ഉപദേശത്തിൽ ഹരി നിയമങ്ങളുടെ ഏതൊക്കെയോ കടലാസിൽ ഒപ്പുവച്ചു. അങ്ങനെ ഹരിയുടെയും ഉമയുടെയും മകളുടെയും ഒപ്പം വിലമതിക്കാനാവാത്തൊരാൾ വന്നുചേർന്നു.
അമ്മ തന്റെ പ്രാർത്ഥനയിൽ തന്നെ കൂടി ഉൾപ്പെടുത്തി എന്നറിഞ്ഞപ്പോൾ ഉമയ്ക്ക് അവളുടെ ചിറകുകളുടെ ശക്തി കൂടുന്നതായി അനുഭവപ്പെട്ടു. മോളുടെ മുടിയിൽ എണ്ണതേച്ച് കോതിയൊതുക്കുന്ന അമ്മയെ കണ്ടപ്പോൾ പണ്ട് വീടിന്റെ പടിക്കലെവിടെയോ കളഞ്ഞുപോയൊരു ബാല്യത്തെ ഉമ ഗൃഹാതുരതയോടെ ഓർത്തു. അവരൊന്നിച്ച് ക്ഷേത്രത്തിൽപോയി. ബിഗ് ബസാറിൽ നിന്നും സാധനങ്ങൾ വാങ്ങി. മരുന്നുകഴിക്കാൻ പിണങ്ങി  മോളോടൊത്തു കളിച്ചു. ഇടയിലെപ്പോഴോ മകനെപ്പറ്റി ആകുലപ്പെട്ടു. അവനെന്നെ കാണാതിരുന്നാൽ കരയുമായിരുന്ന കുട്ടിയായിരുന്നു. ഒരിക്കൽ മാത്രം അവനെ പിരിഞ്ഞു നിൽക്കേണ്ടിവന്നു. അന്ന് എന്റെ  സാരിയും നെഞ്ചോടുചേർത്തായിരുന്നു അവൻ ഉറങ്ങിയിരുന്നത്. മുതിർന്നപ്പോൾ പഠനം, ഗവേഷണം, ജോലി ഒക്കെയായി എന്നിൽ നിന്നും അകന്നുപോയതുപോലെ... തിരക്കുപിടിച്ച  ഉദ്യോഗസ്ഥനായി. പക്ഷേ... ആ പക്ഷേയിൽ ഒരമ്മയുടെ പ്രതീക്ഷയുടെ നഷ്ടം നിറഞ്ഞ് വാക്കുകൾ നിശബ്ദമായി പോകുന്നതറിഞ്ഞു.
''ഒക്കെ ശരിയാകുമമ്മേ, സമാധാനിക്കുക""
ആ വാഗ്ദാനത്തോടെ ഉമ അമ്മയെ നെഞ്ചോട് ചേർത്തണച്ചു. അപ്പോഴൊക്കെ ഉമ മനസിൽ ചോദിച്ചുകൊണ്ടേയിരുന്നു; പ്രിയപ്പെട്ടൊരമ്മയെ ഒറ്റയ്ക്കാക്കി ദൂരെദൂരെ ചേക്കേറുവാൻ മാത്രം എന്ത് നിസഹായതയാവും ആ മകനെ വേട്ടയാടുന്നത്? അടർത്തി മാറ്റുവാൻ പറ്റാത്ത മറ്റൊരു സ്നേഹത്തിന്റെ കുരുക്ക് അയാളെ ബന്ധിച്ചിട്ടുണ്ടാകുമോ? ഏതു പ്രായത്തിലും ഏതൊരാളെയും കുരുക്കിയിടാൻ പതുങ്ങിയിരുപ്പാണല്ലോ വെറുപ്പിനേക്കാൾ കുരുക്കുന്ന സ്നേഹത്തിന്റെ വള്ളികൾ... അപ്രതീക്ഷിതവും അനിർവചനീയവുമായ എത്രയോ ആകസ്മിതകളുടെ ആകെ തുകയാണ് ജീവിതം! ഉമ അമ്മയെ അപ്പോഴും ചേർത്തുപിടിച്ചിരുന്നു. അന്ന് വാട്സാപ്പിലെ കണിക്കൊന്ന പൂക്കളുടെ പ്രൊഫൈൽ തപ്പി ഉമ ഇത്രമാത്രം കുറിച്ചിട്ടു:
''മറ്റുവിഷമങ്ങളില്ലെങ്കിൽ നിങ്ങൾക്ക് വേണ്ടിമാത്രം ജീവിക്കുന്ന അമ്മയെ കാണാൻ വരണമെന്ന്""
ഒരുപാടു ചിന്തകൾക്കിടം കൊടുക്കാതെ ഉമ ആ കുറിപ്പിന്റെ വലതുവശത്തെ ആരോ മാർക്കിൽ വിരൽതൊട്ടു. മഞ്ഞയിൽ കറുത്ത പുള്ളികളുള്ള ആ ചിത്രശലഭം പറന്നുപോകെ, പ്രത്യാശയുടെ ചിറകൊച്ച ഉമയ്ക്ക് അനുഭവപ്പെട്ടു. പ്രതീക്ഷയുടെ നിറമൊക്കെ മങ്ങി മറന്നു തുടങ്ങിയൊരു നാളിൽ, വീട്ടുപടിക്കൽ വന്നു നിന്നൊരാൾ ചിരപരിചിതത്വത്തോടെ,ചോദിച്ചു.
''ടീച്ചർക്കെന്നെ മനസിലായോ...?""
ആമുഖങ്ങളില്ലാത്ത ആ ചോദ്യം കേൾക്കെ ഓർമ്മകൾ പോലും ഓർമ്മകളാവുന്ന തുരുത്തിൽ നിന്നെന്നപോലെ ഉമ അദ്ദേഹത്തെ തിരിച്ചറിഞ്ഞു.
''ഈ അതിഥിയെ കാത്തിരിക്കുകയായിരുന്നു ഞാനിത്ര നാളും"
പറഞ്ഞുതുടങ്ങിയപ്പോഴേക്കും ഉപേന്ദ്രന്റെ ശബ്ദം കേട്ടുവല്ലോ മോളേ...എന്നുപറഞ്ഞുകൊണ്ട് മുറിക്കുള്ളിൽ നിന്നും അമ്മ നടന്നുവരുന്നുണ്ടായിരുന്നു. ഹൃദയംഗമമായൊരു പുനഃസമാഗമത്തിന്റെ ഫലശ്രുതിയും അതിന്റെ പ്രസാദമാധുര്യവുമോർത്ത് തനിക്ക് വാക്കുകൾ നഷ്ടപ്പെടുന്നതായി ഉമയറിഞ്ഞു.