vibha-tomar

ജയ്‌പൂർ: ലോക്ക്ഡൗണിൽ രാജ്യമാകെ നിശ്ചലമായപ്പോൾ, ഒരുനേരത്തെ ഭക്ഷണത്തിനോ കുടിവെള്ളത്തിനോ പോലും വകയില്ലാതെ വലഞ്ഞത് ആയിരക്കണക്കിന് തെരുവുനായ്ക്കളാണ്. മാലിന്യമോ, ഭക്ഷണാവശിഷ്ടങ്ങളോ പോലും ലഭിക്കാതായതോടെ പാവം മിണ്ടാപ്രാണികൾ ശരിക്കും വലഞ്ഞു.

രാജ്യതലസ്ഥാനത്ത് പട്ടിണികൊണ്ട് നട്ടം തിരിഞ്ഞ തെരുവ് നായ്ക്കളുടെ അടുത്തേക്ക് അവൾ എത്തി. ആവോളം പാലും ബ്രഡും ബിസ്കറ്റുമായി. മുറിവേറ്റ നായ്ക്കൾക്ക് മരുന്നു നൽകി, നായ്ക്കുട്ടികളെ താലോലിച്ച് , അപകടത്തിൽ നിന്ന് രക്ഷനേടാൻ കഴുത്തിൽ റിഫ്ളക്ടീവ് ടേപ്പുകൾ ഒട്ടിച്ച് വിഭ തോമർ എന്ന വിദ്യാർത്ഥി തെരുവ് നായ്ക്കളുടെ രക്ഷകയായി.

സഹജീവി സ്‌നേഹത്തിന്റെ മികച്ച മാതൃകയാണ് ഈ വെ‌റ്ററിനറി ബിരുദ വിദ്യാർത്ഥിനി പകർന്നു നൽകുന്നത്.

രാജസ്ഥാനിലെ സിക്കറിലെ ആരവല്ലി വെ‌റ്ററിനറി കോളേജിലെ നാലാംവർഷ വിദ്യാർത്ഥിനിയായ വിഭ തോമർ ആണ് ഈ മിടുക്കി. തെരുവിൽ അലയുന്ന നായ്‌ക്കൾക്ക് അപകടത്തിൽ നിന്നും രക്ഷനേടാൻ തിളങ്ങുന്ന റിഫ്ളക്‌ടീവ് ടേപ്പ് ബാൻഡുകൾ കഴുത്തിൽ കെട്ടി നൽകി വിഭ. ഇതിലൂടെ രാത്രിയിൽ നായ്‌ക്കളെ കാണാതെ വന്നിടിച്ച് അപകടമുണ്ടാകുന്നത് കുറയാൻ സഹായിക്കുമെന്നാണ് വിഭയുടെ കണക്ക് കൂട്ടൽ. ലോക്‌ഡൗൺ സമയത്ത് വാഹന ഗതാഗതം നിരോധിച്ച സമയത്ത് നായ്‌ക്കൾ റോഡിലൂടെ സ്വാതന്ത്ര്യത്തോടെ നടക്കാൻ തുടങ്ങി. എന്നാൽ വാഹനഗതാഗതം അനുവദിച്ചതോടെ ചീറിപ്പാഞ്ഞെത്തുന്ന വാഹനം തട്ടി നിരവധി നായ്‌ക്കൾക്ക് ജീവൻ നഷ്‌ടമായി. ഇതിന് പരിഹാരമായാണ് വിഭ ഈ മാർഗം കണ്ടെത്തിയത്.

തെരുവ്നായ്‌ക്കൾക്ക് വിശപ്പക‌റ്റാനും വിഭ സഹായമേകുന്നുണ്ട്. ദിവസവും നായ്‌ക്കൾക്ക് ഇഷ്‌മുള‌ള ഭക്ഷണം പൊതിയിലാക്കി ഇവയ്‌ക്ക് നൽകും. നഗരത്തിലെ നായ്‌ക്കൾക്ക് വിഭയോട് വളരെയധികം സ്‌നേഹമാണെന്ന് സ്ഥലവാസികൾ പറയുന്നു.