exam1

തിരുവനന്തപുരം: മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് സർക്കാർ നിയമനങ്ങളിലും വിദ്യാലയ പ്രവേശനത്തിലും പത്ത് ശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്താനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനം നടപ്പിലാക്കുമ്പോൾ ദളിത്-പിന്നാക്ക സമുദായങ്ങൾക്ക് പൊതു വിഭാഗത്തിൽ നേരിടുന്നത് ഭീമമായ നഷ്ടം.

പട്ടികവിഭാഗ- പിന്നാക്ക സമുദായങ്ങൾക്ക് നിലവിൽ 50 ശതമാനം സംവരണമാണുള്ളത്. ഇതിൽ ഒരു കുറവും വരുത്തില്ലെന്നും, 50 ശതമാനം ഓപ്പൺ ക്വാട്ടയിൽ (പൊതുവിഭാഗം) നിന്നുള്ള പത്ത് ശതമാനമാണ് സാമ്പത്തിക സംവരണത്തിനായി നീക്കിവയ്ക്കുന്നതെന്നുമാണ് സർക്കാരിന്റെ വാദം. ഇത് ശരിയാണെന്ന് ഒറ്റ നോട്ടത്തിൽ തോന്നാം. എന്നാൽ, ചതിക്കുഴി ഒളിഞ്ഞിരിക്കുന്നത് സാമ്പത്തിക സംവരണത്തിന് സർക്കാർ നടപ്പിലാക്കുന്ന നടപടിക്രമങ്ങളിലാണ്.

സർക്കാരിന്റെ വാദമനുസരിച്ചാണെങ്കിൽ, 50 ശതമാനം ഓപ്പൺ ക്വാട്ടയിൽ നിന്നാണ് സാമ്പത്തിക സംവരണത്തിന് പത്ത് ശതമാനം നീക്കിവയ്ക്കേണ്ടത്. മൊത്തം 100 ഒഴിവുകളിലേക്കാണ് നിയമനമെങ്കിൽ, അതിൽ 50 എണ്ണം സാമുദായിക സംവരണത്തിന്. ശേഷിച്ച 50ൽ പത്ത് ശതമാനം, അതായത് 5 ഒഴിവുകളിലാണ് സാമ്പത്തിക സംവരണം നടപ്പാക്കേണ്ടത്.എന്നാൽ, സർക്കാരിന്റെ പ്രഖ്യാപനത്തിന് വിരുദ്ധമായി,മൊത്തം 100 ഒഴിവുകളിൽ നിന്ന് പത്ത് ശതമാനമാണ് മാറ്റുന്നത്. ഇതുമൂലം,100 നിയമനങ്ങളിൽ പത്തെണ്ണം (സംവരണം ചെയ്തതിന്റെ ഇരട്ടി) ലഭിക്കുന്നത് മുന്നാക്ക സംവരണത്തിനാവും. സർക്കാർ-ഉദ്യോഗസ്ഥ തലത്തിലെ ഒത്തുകളിമൂലം, ഫലത്തിൽ 20 ശതമാനം സംവരണസീറ്റുകൾ ഈ വിഭാഗക്കാർക്കും കൈവരും.

ദേവസ്വം ബോർഡുകളിലെ നിയമനങ്ങളിലും സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിലെ വിദ്യാർത്ഥി പ്രവേശനത്തിലും അർഹതപ്പെട്ടതിന്റെ ഇരട്ടി സംവരണമാണ് ഇത്തരത്തിൽ മുന്നാക്കക്കാർക്കായി നീക്കിവച്ചത്. വരുന്ന പി.എസ്.സി നിയമനങ്ങളിലും, മെഡിക്കൽ-എൻജിനിയറിംഗ് പ്രവേശനത്തിലും ഇതേ മാനദണ്ഡമാവും നടപ്പിലാക്കുക.

തിരിമറി യൂണിറ്റ് നിർണയത്തിലും

പി.എസ്.സി നിയമനങ്ങളിൽ ഓരോ റാങ്ക് ലിസ്റ്റിലെയും 20 ഒഴിവുകൾ വീതം ഒരു യൂണിറ്റായി കണക്കാക്കിയാണ് മെരിറ്റ്,സംവരണ നിയമനക്രമം നിശ്ചയിക്കുന്നത്. 1,3,5 തുടങ്ങി 19 വരെയുളള പത്ത് ഒഴിവുകൾ പൊതു വിഭാഗത്തിനും 2,4,6 തുടങ്ങി 20 വരെയുള്ള പത്ത് ഒഴിവുകൾ സംവരണത്തിനും.

ഇനി, പത്ത് ശതമാനം സാമ്പത്തിക സംവരണം നടപ്പിലാക്കുമ്പോൾ പൊതു വിഭാഗത്തിലെ പത്ത് സീറ്റിൽ രണ്ടെണ്ണം (യഥാർത്ഥത്തിൽ നൽകേണ്ടത് ഒരെണ്ണം) ഈ വിഭാഗത്തിനാവും. ഒന്നു മുതൽ 19 വരെയുള്ള പൊതുവിഭാഗത്തിലെ 9,19 എന്നീ ഒഴിവുകളാണ് നീക്കിവയ്ക്കുന്നതെന്ന് കരുതുക. ആദ്യത്തെ 9,19 റാങ്കുകളിൽ ദളിത്-പിന്നാക്ക വിഭാഗക്കാർ വന്നാൽ, മെരിറ്റ് ക്വാട്ടയിലെ അർഹതപ്പെട്ട നിയമനത്തിൽ നിന്ന് അവർ പുറന്തള്ളപ്പെടും. പകരം, റാങ്കിൽ അവർക്ക് പിന്നിലുള്ള മുന്നാക്ക സംവരണക്കാർക്കാവും നിയമനം.