
എത്രയും പ്രിയപ്പെട്ട ഏട്ടന്,
ഈ കത്ത് എട്ടനവിടെ കിട്ടുമെന്നറുപ്പില്ല, ഒരു പക്ഷേ കിട്ടിയില്ലെന്നുമിരിക്കും. ഏതായാലും മൊബൈലിൽ ഏട്ടനെ കിട്ടാറില്ലല്ലോ. മരുഭൂമിയിലെ ഏതോ ലേബർ ക്യാമ്പിൽ ആശങ്കയും ഭീതിയുമായ് എന്ന് നാട്ടിലെത്താൻ കഴിയുമെന്ന വിചാരത്തോടെ കഴിയുന്ന നൂറുകണക്കിനാൾക്കൊപ്പമാണെന്നറിയാം. പുതിയ രോഗലക്ഷണങ്ങൾ ആരിലെങ്കിലും കണ്ടെത്തിയോ? ഭക്ഷണമൊക്കെ കിട്ടുന്നുണ്ടോ? ഒത്തിരി സ്വപ്‌നങ്ങളുമായ് പോന്നിട്ട് അതൊന്നും പൂർത്തിയാക്കാനാവാതെ മടങ്ങി വരണമെന്നോർത്ത് ഏട്ടൻ വിഷമിക്കരുത്. എത്രയും വേഗമിങ്ങെത്തിയാൽ മതി. ഈശ്വരൻ അനുഗ്രഹിക്കട്ടെ.
ഞങ്ങൾക്കിവിടെ ബുദ്ധിമുട്ടൊന്നുമില്ല. ലോക്ക് ഡൗണാണെങ്കിലും സർക്കാരിന്റെയും നാട്ടുകാരുടെയും സഹകരണം മൂലം ദിവസങ്ങൾ കഴിഞ്ഞു പോകുന്നുണ്ട്. സ്‌കൂളവധിയായതിന്റെ ആഘോഷത്തിലാണ് അപ്പുവും അമ്മുവും. ഇപ്പോൾ കുറേശ്ശെ കൂട്ടുകാരെ മിസ് ചെയ്യുന്നുണ്ട്. എന്നാലും കുഴപ്പമില്ല. അപ്പൂപ്പൻ ഇഷ്‌ടം പോലെ കഥകൾ പറഞ്ഞും കളിപ്പിച്ചും കൂടെയുണ്ട്. വീടിന്റെ പണി പൂർത്തിയാക്കിയില്ലെങ്കിലും കയറിത്താമസിക്കാവുന്ന മട്ടിലായിട്ടുണ്ട്. ഏട്ടനെത്തിയിട്ട് നമുക്കങ്ങോട്ട് മാറാമെന്ന് കരുതുന്നു. കടമൊക്കെ നമുക്ക് കുറേശ്ശെ വീട്ടാവുന്നതേയുള്ളൂ. ഒന്നിനെക്കുറിച്ചും ആധി വേണ്ട. ഒക്കെ ശരിയാകും. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഇവിടെ വ്യാപനം കുറവാണ്. എന്നാലും അഞ്ചും പത്തും രോഗികൾ ദിവസവും കൂടുന്നുണ്ട്. അത്രയും തന്നെയാളുകൾ സുഖം പ്രാപിക്കുന്നുവെന്നതാണ് ആശ്വാസം.
നാലഞ്ചുമാസങ്ങൾ കഴിയുമ്പോഴേക്കും ഭക്ഷ്യവിളകൾ കിട്ടാനും ബുദ്ധിമുട്ടുണ്ടായേക്കും. ഇപ്പോൾ കൃഷിയൊന്നും നടക്കുന്നില്ലല്ലോ. ഇവിടിപ്പോ പലരും വീടുകളിൽ തന്നാലാവുന്ന കൃഷിയൊക്കെ ചെയ്‌തു തുടങ്ങിയിട്ടുണ്ട്. അച്‌ഛനും കൊച്ചുമക്കളും രംഗത്തിറങ്ങിയിട്ടുണ്ട്. രാവിലെയും വൈകിട്ടും നനയ്‌ക്കലും ശുശ്രൂഷിയ്‌ക്കലുമാണ്. ഏട്ടൻ കൂടെയുണ്ടായിരുന്നെങ്കിലെന്ന് ആശിച്ചു പോകയാണ്. ഏട്ടൻ മൂന്നുവർഷം മുമ്പ് നട്ടമാവിൽ നിറയെ പൂക്കൾ ഉണ്ടായെങ്കിലും ഇന്നലെ പെയ്‌ത വേനൽ മഴയിൽ എല്ലാം ഉതിർന്നു വീണു.
മക്കൾ രണ്ടുപേരും മിടുക്കരാണ് കേട്ടോ. സ്‌കൂളിൽ നിന്ന് വന്നാൽ അവരോട് പഠിക്കാൻ പറയേണ്ട കാര്യമില്ല. അമ്മുവാണെങ്കിൽ ഹോം വർക്ക് ചെയ്യാതെ ഒന്നും കഴിക്കാൻ പോലും വരില്ല. അപ്പു നന്നായി ചിത്രങ്ങൾ വരയ്‌ക്കും. അവൻ വലിയ ചിത്രകാരനാകുമെന്നാണ് അവന്റെ മാഷ് പറയുന്നത്. അമ്മു നന്നായി പാടും. നൃത്തത്തിലും താത്പര്യമുണ്ട്. ഏട്ടനിങ്ങെത്തിയിട്ടുവേണം അവളെ നൃത്തം പഠിക്കാനയയ്‌ക്കാൻ. നമ്മുടെ നായക്കുട്ടി വലുതായി. നല്ല അനുസരണയും സ്നേഹവുമുണ്ട്. സ്നേഹം പ്രകടിപ്പിക്കൽ ഒത്തിരി കൂടുതലാണെന്ന കുഴപ്പമേയുള്ളൂ. രാത്രി മുഴുവൻ നല്ല ശ്രദ്ധയാണ്. ഒരു ജീവിയേയും വളപ്പിൽ പ്രവേശിപ്പിക്കില്ല. അടുത്തവീട്ടിലെ പൂച്ചയിവിടെ വരുന്നതിൽ അമർഷമില്ല. പക്ഷേ അതിനെന്തെങ്കിലും ഭക്ഷണം കൊടുത്താൽ അവൻ മുറുമുറുക്കും. ഒരുദിവസം നോക്കുമ്പോൾ ഒരു വവ്വാലിനെ കൊന്നിട്ടിരിക്കുന്നു. എങ്ങനെയതിനെ പിടിച്ചതെന്നറിയില്ല.
രണ്ടുപേരും അപ്പൂപ്പന്റെ ഇടവും വലവുമായിട്ട് കിടക്കുകയാണ്. പഞ്ചതന്ത്രകഥകളും രാമായണവുമൊക്കെ അവർ കേട്ടുപഠിക്കുന്നുണ്ട്. അച്‌ഛൻ അമ്മ പോയതിനു ശേഷം കുറേനാൾ മൗനത്തിലായിരുന്നുവല്ലോ. എല്ലാറ്റിനും നിഴലുപോലെ കൂടെയുണ്ടായിരുന്ന ഇണയെ പെട്ടെന്ന് നഷ്‌ടപ്പെട്ടത് അച്‌ഛന് വലിയ ഷോക്കായിരുന്നു. ഇപ്പോൾ കുഞ്ഞുങ്ങൾ അപ്പൂപ്പനെ തിരിച്ചുകൊണ്ടു വന്നിട്ടുണ്ട്. ഞാനും അച്‌ഛനെ നന്നായി നോക്കുന്നുണ്ടെന്ന് ഏട്ടനറിയാമല്ലോ? ഇന്നും ചോദിച്ചു.
''മോളേ അവൻ സുഖമായിരിക്കുന്നുണ്ടോ? എന്നു വരാൻ പറ്റും?""
ഏട്ടന് കുഴപ്പമൊന്നുമില്ല. വരാനൊരുങ്ങുകയാണെന്ന് പറഞ്ഞെങ്കിലും അച്‌ഛനത്ര വിശ്വാസമായെന്നു തോന്നുന്നില്ല.
ഏട്ടനിവിടെയെത്താനുള്ള വിമാനടിക്കറ്റിനുള്ള ദിർഹാംസ് ഉണ്ടോ? സ്വന്തം ചെലവിൽ വരേണ്ടി വരുമെന്നാണ് സർക്കാർ പറയുന്നത്. ഏട്ടൻ ആരോടെങ്കിലും കടം വാങ്ങി ടിക്കറ്റെടുത്താൽ മതി. അതിന് കടം തരാനാരെങ്കിലും വേണ്ടേ... എല്ലാവരും ബുദ്ധിമുട്ടിലായിരിക്കുമല്ലോ. കുറേ നാളായി പണിയില്ലാതെ കഴിയുകയല്ലേ... ഞങ്ങൾ പ്രാർത്ഥിക്കുന്നുണ്ട്. ഈ പരീക്ഷണമൊക്കെ നമ്മൾ അതിജീവിക്കും. ഇവിടെ വന്നുകഴിഞ്ഞാൽ ക്വാറന്റെനാണോ, നിരീക്ഷണത്തിലാണോ എന്നൊന്നും പറയാൻ പറ്റുകേല. എന്നാലും സാരമില്ല. ഏട്ടനിങ്ങെത്തിയാൽ മതി. പിന്നെ വേറൊരു കാര്യം കൂടി പറയാനുണ്ട് ഏട്ടനോട്, ഇപ്പോൾ ഗൾഫിൽ നിന്നും വരുന്നവരെ ഒരു പ്രത്യേക കണ്ണിലാണ് കാണുന്നത്. ഓടിക്കൂടി സമ്മാനങ്ങൾ പങ്കുവച്ചിരുന്നവരൊക്കെ അവരെ അകറ്റി നിറുത്തുകയാണ്. സാമൂഹിക അകലത്തെക്കാളും പേടി സാമ്പത്തിക അകലത്തെയാണിവർക്ക്. വീട്ടിനും ജന്മനാടിനും വേണ്ടി കഷ്‌ടപ്പെട്ടവരാണ് നമ്മുടെ സാമ്പത്തിക ഭദ്രതയ്‌ക്ക് കാരണമായിരുന്നവരാണ്. എന്നൊക്കെ നേതാക്കൾ സംസാരിക്കുന്നുണ്ടെങ്കിലും അതിൽ എത്ര ആത്മാർത്ഥതയുണ്ടെന്നുള്ളത് കണ്ടറിയേണ്ട കാര്യമാണ്.
എന്തെങ്കിലും ഭാഗ്യത്തിന് ഈ കത്ത് ഏട്ടന്റെ കൈയിൽ കിട്ടിയാൽ ഇവിടത്തെ വിവരങ്ങളറിഞ്ഞ് സന്തോഷിക്കുമല്ലോ എന്നോർത്താണ് ഞാൻ ഇത്രയൊക്കെ നീട്ടിയെഴുതുന്നത്. വേനൽചൂട് കാരണം ജനാല തുറന്നിട്ടിരിക്കുയാണ്. നിലാവെളിച്ചം മുറിയിലെത്തുന്നുണ്ട്. മക്കൾ സുഖമായുറങ്ങുന്നു. അച്‌ഛനപ്പുറത്തെ മുറിയിലേക്ക് പോയിരിക്കുന്നു. അപ്പുവിന്റെ നേരിയ ശബ്‌ദത്തിലുള്ള കൂർക്കംവലി കേൾക്കാം. ഏട്ടന്റേന്ന് കിട്ടിയതാണ്. അമ്മു ഉറക്കത്തിൽ എന്തോ സ്വപ്‌നം കണ്ട് ചിരിക്കുന്നുണ്ട്. എനിക്കും ഉറക്കം വരുന്നുണ്ട്. സ്വപ്‌നത്തിൽ വരണേ ഏട്ടാ, അതിന് ടിക്കറ്റ് എടുക്കേണ്ടല്ലോ.
ജനാലയിലൂടെ വെയിൽ മുഖത്തേയ്‌ക്കടിച്ചപ്പോഴാണ് എഴുന്നറ്റത്. രാത്രി മുഴുവൻ ഒരു ചലച്ചിത്രത്തിലെ സീനുകൾ കാണുന്നതുപോലെ സ്വപ്‌നം കാണുകയായിരുന്നു. ദൈവമേ അച്‌ഛനെഴുന്നേറ്റിട്ടുണ്ടാവുമോ?
''മോളെ, ഈ കട്ടൻചായ കുടിച്ചോളൂ."
ചായ വാങ്ങുന്നതിനിടയിൽ ചോദിച്ചു. ''അച്ഛനെന്തേ എന്നെ വിളിക്കാതിരുന്നത്?""
''സാരമില്ല എന്നും മോളല്ലേ ആദ്യമെഴുന്നേൽക്കുന്നത്.""
അപ്പു മുറ്റത്തെ മാവിൽ ചില്ലകളിൽ ഓടിക്കളിക്കുന്ന അണ്ണാനെ നോക്കി നിൽക്കുകയാണ്. അമ്മു ഇന്നലെ നട്ട പയറുവിത്ത് മുളച്ചോ എന്നു നോക്കുകയും! പെട്ടെന്ന് അച്‌ഛനോട് ചോദിച്ചു.
''അച്‌ഛാ പോസ്റ്റ് ഓഫീസിൽ ആളുണ്ടാവുമോ? ഈ കത്ത് പോസ്റ്റ് ചെയ്യാൻ കൊടുത്തയയ്‌ക്കാമോ?""
അച്‌ഛൻ ഒന്നും മിണ്ടാതെ കുറച്ചുനേരം എന്റെ മുഖത്തേക്ക് നോക്കി നിന്നു. എന്നിട്ട് മെല്ലെ പറഞ്ഞു.
''കൊടുത്തയയ്‌ക്കാം മോളേ." അച്‌ഛന്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നത് ശ്രദ്ധിച്ചു.
''അച്‌ഛാ ഏട്ടന്റെ പടത്തിൽ ആരാ പൂക്കളർപ്പിച്ചത്?""