
ചിന്തിക്കുന്നവന്  ജീവിതം ഔഷധം പോലെയാണ്. എന്തെല്ലാം പോഷകങ്ങൾ അതിലടങ്ങിയിട്ടുണ്ടെന്ന് അവൻ ചിന്തിച്ചെന്ന് വരാം. ചിന്താരഹിതനായ കഴുത വഴിയിൽ കാണുന്നതൊക്കെ മണത്തും പാതി കടിച്ചും ഭാരം ചുമന്നും ജീവിതമൊടുക്കുന്നു. കടുത്ത ഇടതുപക്ഷചിന്തകനാണ് സലാംസാർ. കണ്ണിൽകണ്ടതിനെയൊന്നും അന്ധമായി വിഴുങ്ങില്ല. കണ്ണുകൊണ്ട് കണ്ടില്ലെന്ന് കരുതി അന്ധമായി വിമർശിക്കുകയുമില്ല. ഇങ്ങനെയുള്ളവരാണ്  ഇടതുപക്ഷത്തിന്റെ നിക്ഷേപകരെന്ന് പ്രസ്ഥാനത്തിലുള്ള പലരും പറയാറുണ്ട്. അല്ലാതെ സർവ്വതിനെയും എതിർക്കുന്നവർ ചെലവാളികളാണ്. അവർ ആശയസമ്പാദ്യമെല്ലാം വയറ്റുപ്പിഴപ്പിനായി ചെലവിട്ടുതീർക്കും. എല്ലാകാലത്തും പുത്തനാശയങ്ങൾ സമ്പാദിക്കുന്നവരും നിക്ഷേപിക്കുന്നവരുമുണ്ട്. മറുവശത്ത് മുൻഗാമികൾ സമ്പാദിച്ചുവയ്ക്കുന്നത് വിറ്റ് തിന്നുന്നവരും. ഒരിക്കൽ ക്ലാസെടുക്കുന്നതിനിടയിൽ സലാം സാർ പറഞ്ഞവാക്കുകളുടെ അർത്ഥം എത്രയോ കാലത്തിനുശേഷമാണ് മനസിലായത്.അദ്ധ്യാപകരെ പരീക്ഷിക്കുകയും വട്ടം കറക്കുകയും ചെയ്യുന്നത് വിനോദമാക്കിയ ഗോപി ഒരിക്കൽ ചോദിച്ചു. എല്ലാകാലത്തേക്കുമായി ഒന്നിനെ അനുകൂലിക്കാനോ അതുപോലെ വിമർശിക്കാനോ കഴിയുമോ?
സലാം സാർ ആദ്യമൊന്നു പുഞ്ചിരിച്ചു. എല്ലാകാലത്തേക്കുമായി ഒരു വസ്ത്രം ധരിക്കാനോ ദിവസം മൂന്നുവട്ടം പുതുവസ്ത്രം ധരിക്കാനോ ഗോപിക്ക് കഴിയുമോ? അതോടെ ഗോപി വിളറിയ ചിരിയോടെ അടങ്ങി. മാക്സിംഗോർക്കി പാവങ്ങളുടെ മനസുകണ്ട ചിന്തകനും എഴുത്തുകാരുമായിരുന്നു. അലക്സി  പെഷ്കോവ് എന്നായിരുന്ന് മുൻപേര്. അടിച്ചുപൊളിച്ചു  ജീവിക്കുന്ന കുമാരന്മാരെയും യുവാക്കളെയും അദ്ദേഹം വെറുത്തിരുന്നു. ഇക്കൂട്ടരാണ് നാടിന്റെ ശാപമെന്നും അദ്ദേഹം വിശ്വസിച്ചു. പാവങ്ങളോട്  ദീനാനുകമ്പയും സുഖകാംക്ഷികളായ യുവാക്കളോട് അന്ധമായ വെറുപ്പും മാക്സിം ഗോർക്കിക്ക് ഉണ്ടായിരുന്നു.
ഒരിക്കൽ  ഒരു വെടിത്തോക്ക് അദ്ദേഹത്തിന് കിട്ടി. അതിന്റെ വിവിധവശങ്ങൾ പരിശോധിച്ചു. പരീക്ഷണാർത്ഥം നെഞ്ചിലേക്ക് അമർത്തിവച്ച് നിറയൊഴിച്ചു. അത്യുഗ്രമായ ശബ്ദം. ഹൃദയത്തിലൂടെയല്ല ശ്വാസകോശത്തിലൂടെയായിരുന്നു വെടിയുണ്ടയുടെ പാച്ചിൽ. ആശുപത്രിയിൽ മരണത്തോട് മല്ലടിച്ച്  കിടക്കുകയാണ് മാക്സിം ഗോർക്കി. താൻ എതിർത്തതും അനുകൂലിച്ചതും സ്നേഹിച്ചതും വെറുത്തതുമായ ആശയങ്ങളും ചിന്തകളും അരികിലുള്ളതുപോലെ തോന്നി. ഇടയ്ക്ക് മയക്കത്തിൽ നിന്ന് ഉണർന്നപ്പോൾ താൻ ഏറ്റവും കൂടുതൽ വെറുത്ത യുവാക്കളും കുമാരന്മാരുമാണ് എന്തിനും സന്നദ്ധരായി നിൽക്കുന്നത്. അപ്പോൾ മാസ്കിം ഗോർക്കിയുടെ കണ്ണുകൾ ഈറനായി. ഇനി താൻ വെറുത്ത അവർക്കുവേണ്ടിയും ജീവിക്കണമെന്ന ചിന്ത അദ്ദേഹത്തിൽ മുളപൊട്ടി. അന്ധമായ വിമർശനം അന്ധമായ ആരാധന. ഘോരാന്ധകാരം, മദ്ധ്യാഹ്നം ഇതിനിടയിൽ കടന്നുപോകുന്ന എത്രയോ സമയമുണ്ട്. അതിനെയും അറിയണം. എങ്കിലേ സമഗ്രമായ ജീവിതവീക്ഷണമാകൂ. സലാം സാറിന്റെ വാക്കുകൾ വിശാലമായ ഒരു മൈതാനംപോലെ എന്നും നീണ്ടുനിവർന്നുകിടക്കുന്നു. കണ്ണടച്ചല്ല അനുകൂലിക്കേണ്ടതും എതിർക്കേണ്ടതും എന്ന പാഠം ആ മൈതാനം തന്നതാണ്.
(ഫോൺ: 9946108220)