
ന്യൂഡൽഹി: രാജസ്ഥാനിലെ ബിക്കാനേറിനടുത്തുള്ള ഥാർ മരുഭൂമിയിലൂടെ 1.72 ലക്ഷം വർഷങ്ങൾക്കുമുമ്പ് നദി ഒഴുകിയിരുന്നുവെന്ന് ഗവേഷകർ. ഇപ്പോഴത്തെ നദിയിൽ നിന്ന് 200 കിമീ അകലെ മറ്റൊരു നദി കൂടി ഒഴുകിയിരുന്നുവെന്ന് വ്യക്തമാക്കുന്ന തെളിവുകളും ഇവർ ഹാജരാക്കി.
ജർമനിയിലെ മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻസ് ഓഫ് ഹ്യൂമൻ ഹിസ്റ്ററി, തമിഴ്നാട്ടിലെ അണ്ണാ സർവകലാശാല, ഐ.എസ്.ഇ.ആർ. കൊൽക്കത്ത എന്നിവിടങ്ങളിലെ ഗവേഷകരടങ്ങുന്ന സംഘം നടത്തിയ പഠനത്തിന്റെ കണ്ടെത്തലുകൾ ക്വാർട്ടനറി സയൻസ് റിവ്യൂസ് എന്ന ജേണലിൽ പ്രസിദ്ധീകരിച്ചു.
ഥാർ മരുഭൂമിയിലെ ഈ നദി ഇല്ലാതായത് ഗഗ്ഗർ - ഹക്ര പോലുള്ള രാജസ്ഥാനിലെ മറ്റു നദികളുടെ വരൾച്ചയ്ക്ക് കാരണമായിട്ടുണ്ട്. മരുഭൂമിയിലൂടെ ഒഴുകിയിരുന്ന നദിയുടെ സാന്നിധ്യം പ്രാചീന ശിലായുഗ (പാലിയോലിത്തിക്) ജനതയുടെ അതിജീവനത്തിന് സഹായിച്ചിരുന്നെന്നും കുടിയേറ്റത്തിന് ഒരു പ്രധാന ഘടകമായിരുന്നെന്നും ഗവേഷകർ പറയുന്നു.
ഇപ്പോഴത്തെ ഭൂപ്രകൃതിയിൽനിന്ന് വ്യത്യസ്തമായിരിക്കാം ഥാർ മരുഭൂമിയെന്നും ശിലായുഗത്തിൽ മനുഷ്യർ മരുഭൂമിയിൽ താമസിച്ചിരുന്നതായുള്ള തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും പഠനത്തിൽ പറയുന്നു.
പ്രദേശത്ത് ഇത്തേതിനേക്കാൾ മൺസൂൺ വളരെ ദുർബലമായിരുന്നിട്ടും അതിശക്തമായാണ് നദി ഒഴുകിയിരുന്നതെന്നും ആഫ്രിക്കയിൽനിന്ന് ഇന്ത്യയിലേക്കുള്ള ഹോമോ സാപിയൻസിന്റെ ആദ്യകാല കുടിയേറ്റവുമായി നദിക്ക് ബന്ധമുണ്ടെന്നും പഠനത്തിൽ ചൂണ്ടിക്കാട്ടുന്നു.
ഥാർ മരുഭൂമിക്ക് സമ്പന്നമായ ഒരു ചരിത്രമുണ്ട്.ശിലായുഗ ജനങ്ങൾ എങ്ങനെ ഈ വരണ്ട പ്രദേശത്ത് അതിജീവിച്ചെന്ന് കണ്ടെത്തുന്നതിനുള്ള തെളിവുകൾ ഞങ്ങൾ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്.
- മാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റിയൂട്ട് ഫോർ സയൻസ് ഓഫ് ഹ്യൂമൻ ഹിസ്റ്ററി ഗവേഷകൻ ജിംബോബ് ബ്ലിങ്ക്‌ഹോൺ
പണ്ട് ഥാറിൽ നദികളും അരുവികളും ഏതൊക്കെ വഴികളിലൂടെയാണ് ഒഴികിയിരുന്നതെന്ന് കണ്ടെത്താൻ ഈ പഠനത്തിന് സാധിക്കും. എന്നാൽ, അവയ്ക്ക് എത്ര പഴക്കമുണ്ടെന്ന് കണ്ടെത്താൻ, മരുഭൂമിയുടെ നടുവിലുള്ള നദിയുടെ ഉദ്ഭവത്തെക്കുറിച്ചും അത് ഒഴുകിയ വഴികളെക്കുറിച്ചും കണ്ടെത്തേണ്ടതുണ്ട്.
- അണ്ണാ സർവകലാശാലയിലെ ഗവേഷകൻ അച്യുതൻ