
വാഷിംഗ്ടൺ:അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ നിർണായകവും അവസാനത്തേതുമായ സംവാദം ഇന്ന് നടക്കും. രണ്ടാം തവണയും ഭാഗ്യം തേടുന്ന റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും അമേരിക്കൻ പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപും മുൻ വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയുമായ ജോ ബൈഡനും നാഷ് വില്ലെയിലെ ബെൽമോണ്ട് സർവകലാശാലയിൽ നടക്കുന്ന സംവാദത്തിൽ പങ്കെടുക്കാൻ ഒരുങ്ങിയിരിക്കുകയാണ്. ഇന്ത്യൻ സമയം 6 30 നാണ് സംവാദം നടക്കുന്നത്.
വ്യക്തിപരമായ വിമർശനങ്ങളുടേയും, ബഹളത്തിന്റേയും പേരിൽ ആദ്യ സംവാദം വിവാദമായിരുന്നു. ട്രംപിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് രണ്ടാം സംവാദം റദ്ദാക്കി.
കർശനമായ നിയന്ത്രണങ്ങളോടെയായിരിക്കും സംവാദം നടക്കുക. ഈ തീരുമാനം ട്രംപിനെ ചൊടിപ്പിച്ചിട്ടുണ്ട്. ഇതിനെതിരെ മോഡറേറ്റർക്കെതിരെ വിമർശനവുമായി ട്രംപ് രംഗത്തെത്തി. വ്യക്തിപരമായ വിമർശനങ്ങൾ കൂടിയാൽ മൈക്ക് ഒഫ് ചെയ്യാനാണ് കമ്മിഷന്റെ തീരുമാനം.
അതേസമയം, ബുധനാഴ്ച മുതൽ പ്രചാരണ പ്രവർത്തനങ്ങളിൽ മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയും സജീവമായി. ഒബാമയുടെ സാന്നിദ്ധ്യം ജോ ബൈഡനും വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി കമല ഹാരിസിനും ഏറെ ഗുണകരമാകുമെന്നാണ് വിലയിരുത്തൽ.