chennai-super-kings-

ദുബായ് : ഐപിഎല്ലിലെ ഏറ്റവും കിടിലൻ ടീമുകളിലൊന്നായിരുന്ന ചെന്നൈ സൂപ്പർ കിംഗ്സിന് ഈ സീസണിലേറ്റ തിരിച്ചടി ടീമിന്റെ ഉടച്ചുവാർക്കലിൽ കലാശിക്കുമോ എന്ന് ഉറ്റുനോക്കുകയാണ് ആരാധകർ.ടീമിലെ സീനിയർ താരങ്ങളെ ഒഴിവാക്കിയാകും അടുത്ത സീസണിന് മഞ്ഞക്കുപ്പായക്കാർ ഇറങ്ങുകയെന്ന ശ്രുതി പരക്കുന്നുണ്ട്.

മൂന്ന് തവണ കിരീടം നേടിയിട്ടുള്ള ചെന്നൈ ഈ സീസണിൽ കളിച്ച പത്ത് മത്സരങ്ങളിൽ വിജയിച്ചത് മൂന്നെണ്ണത്തിൽ മാത്രമാണ്. ഐപിഎൽ പ്രാഥമിക ഘട്ടം അവസാനിച്ചിട്ടില്ലെങ്കിലും പ്ളേഓഫ് പ്രതീക്ഷകൾ അസ്തമിച്ച മട്ടിലാണ് അവസാനസ്ഥാനക്കാരായ ടീം. സാങ്കേതികമായി ഇനിയും പ്ലേ ഓഫ് സാധ്യതകൾ ബാക്കിയുണ്ടെങ്കിലും ഒരു തോൽവി കൂടിയായാൽ എല്ലാം തകിടം മറിയും.

തുടർ തോൽവികളുടെ ഉത്തരവാദിത്തം പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ് എറ്റെടുത്തെങ്കിലും ടീമിന്റെ മോശം അവസ്ഥയിൽ മാനേജ്മെന്റും കടുത്ത അതൃപ്തിയിലാണ്. മുതിർന്ന താരങ്ങളെ ടീമിൽനിന്ന് ഒഴിവാക്കുന്നതടക്കമുള്ള കടുത്ത തീരുമാനങ്ങളിലേക്കാണ് മാനേജ്മെന്റ് പോകുന്നതെന്നാണു പുറത്തുവരുന്ന വിവരം.കേദാർ ജാദവ് ഉൾപ്പെടെയുള്ളവരെ സംരക്ഷിക്കുന്ന ക്യാപ്ടൻ ധോണിയുടെ സമീപനത്തിനെതിരെയും വിമർശനമുയർന്നിട്ടുണ്ട്.

സീനിയർ സിറ്റിസൺസ്

2018, 2019 വർഷങ്ങളിലും ചെന്നൈയ്ക്കെതിരെ ‘വയസ്സൻ പട’ എന്ന വിമർശനം ഉയർന്നിരുന്നു. എന്നാൽ ടീം മികച്ച രീതിയിൽ കളിച്ചിരുന്നതുകൊണ്ടുതന്നെ ആരും ഇതു കാര്യമാക്കിയില്ല. 2020 സീസണിൽ സാഹചര്യങ്ങൾ ഇങ്ങനെയല്ല.

പരിചയ സമ്പന്നരാണെങ്കിലും കളിക്കാത്ത താരങ്ങളെ ഇനി ടീമിൽ നിലനിർത്തേണ്ടതില്ലെന്നാണ് സി.എസ്. കെ മാനേജ്മെന്റിന്റെ നിലപാട്. കഴിവുള്ള യുവതാരങ്ങളെ കണ്ടെത്താനുള്ള ശ്രമങ്ങളും ആരംഭിച്ചു കഴിഞ്ഞു.

ബാറ്റിംഗിലെ മെല്ലെപ്പോക്ക് കൊണ്ട് വിമർശനങ്ങൾ നേരിടുന്ന കേദാർ ജാദവിനെ

അടുത്ത സീസണിന് മുൻപ് ഒഴിവാക്കുമെന്നാണു പുറത്തുവരുന്ന വാർത്തകൾ.

ഷെയ്ൻ വാട്സന്‍, പിയുഷ് ചൗള, കേദാർ ജാദവ്, ഇമ്രാൻ താഹിർ എന്നിവരെയും ടീമിൽനിന്ന് ഒഴിവാക്കിയേക്കും.

സുരേഷ് റെയ്ന, ഹർഭജൻ സിംഗ് എന്നിവരുമായുള്ള കരാർ ഈ സീസൺ തുടങ്ങുന്നതിന് മുമ്പ് തന്നെ അവസാനിപ്പിച്ചിട്ടുണ്ട്.

രാജ്യാന്തര ക്രിക്കറ്റിൽനിന്നു വിരമിച്ച എം.എസ്. ധോണി തുടരുമോയെന്നതാണ് ആരാധകരുടെ സംശയം.2021വരെ ധോണിക്ക് സൂപ്പർ കിംഗ്സുമായി കരാറുണ്ട്. എന്നാൽ തുടർന്നും ഐ.പി.എൽ കളിക്കാൻ താൽപര്യമുണ്ടോയെന്ന കാര്യത്തിൽ ധോണി ഇതുവരെ പ്രതികരിച്ചിട്ടില്ല.

ധോണിയില്ലാത്ത ചെന്നൈയെ ആരാധകർക്ക് സങ്കൽപിക്കാൻ സാധിക്കാത്തതാണ്. ഇനുയുള്ള മത്സരങ്ങളിലും ധോണി മോശം ബാറ്റിംഗ്തുടർന്നാൽ ഐ.പി.എൽ കരിയറും അവസാനിക്കുമെന്നാണു ക്രിക്കറ്റ് വിദഗ്ധർ പറയുന്നത്.