
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഇന്നത്തെ കൊവിഡ് ബാധിതരുടെ എണ്ണം 838. ഇതിൽ 628 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായിരുന്നതെന്നും സംസ്ഥാന ആരോഗ്യ വകുപ്പിന്റെ പത്രക്കുറിപ്പിൽ പറയുന്നു. അതേസമയം ഇന്ന് ജില്ലയിൽ രോഗമുക്തി ഉണ്ടായവരുടെ എണ്ണം 909 ആണ്. നിലവിൽ തിരുവനന്തപുരത്ത് രോഗം മൂലം ചികിത്സയിലുള്ളവരുടെ എണ്ണം 9176 ആയി ചുരുങ്ങിയിട്ടുണ്ട്.
തിരുവനന്തപുരത്ത് പ്രതിദിന രോഗബാധിതരുടെ എണ്ണം കുറയുന്നത് ശുഭസൂചനയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിലൂടെ അഭിപ്രായപ്പെട്ടു. കഴിഞ്ഞ കുറേ ദിവസങ്ങളായി ആയിരത്തിന് താഴെയാണ് ജില്ലയിലെ രോഗബാധിതരുടെ എണ്ണമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ജില്ലയിൽ മരണപ്പെട്ടത് അഞ്ച് പേർക്ക് രോഗം ഉണ്ടായിരുന്നതായി ഇന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. തിരുവനന്തപുരം കരമന സ്വദേശി ഹരിഹരന്‍ (56), മുട്ടട സ്വദേശി കുട്ടപ്പന്‍ (72), വെമ്പായം സ്വദേശി ശശിധരന്‍ (70), മരുതൂര്‍ സ്വദേശി നാസര്‍ (56), ആറ്റിങ്ങല്‍ സ്വദേശി അനില്‍ (47)എന്നിവർക്കാണ് രോഗം ഉണ്ടായിരുന്നതായി ആലപ്പുഴ എൻ.ഐ.വി സ്ഥിരീകരിച്ചത്. ഇതോടെ ജില്ലയിൽ രോഗം മൂലം മരണപ്പെട്ടവരുടെ എണ്ണം 371 ആയിട്ടുണ്ട്.