
തിരുവനന്തപുരം: ഭരണപക്ഷ യൂണിയന്റെ അന്യായമായ ഇടപെടലുകളും തെറ്റായ പൊതു സ്ഥലമാറ്റങ്ങളിലും വൈദ്യുതി ബോർഡ് ഓഫീസർമാർക്കിടയിൽ വലിയ അതൃപ്‌തി. നടപടികളിൽ മനംമടുത്ത് ബോർഡിലെ ഉന്നത എഞ്ചിനീയർ വോളണ്ടറി റിട്ടയർമെന്റിന് അപേക്ഷ നൽകിയിരിക്കുകയാണ്. തിരുവനന്തപുരം വൈദ്യുതി ഭവനിലെ ചീഫ് എൻജിനീയർമാരായ ശോശാമ്മ കുരുവിള, വിഷ്ണു ശർമ , എക്സിക്യൂട്ടിവ് എഞ്ചിനീയർ ശ്രീലത, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ അമ്പിളി, ഷൊർണൂർ സർക്കിൾ ഡെപ്യൂട്ടി ചീഫ് എൻജിനീയർ സുരേഷ് ബാബു, നോർത്ത് ചീഫ് എൻജിനീയർ ഓഫീസിലെ ഡെപ്യൂട്ടി ചീഫ് എൻജിനീയർ എലിസബത്ത് എന്നിവരാണ് വോളണ്ടറി അപേക്ഷ നൽകിയിരിക്കുന്നത്. ഭരണകക്ഷി യൂണിയനിൽ പോലും അതൃപ്‌തിയുണ്ടെന്ന് കെ.എസ്.ഇ.ബി ഓഫീസേഴ്സ് സംഘ് ആരോപിക്കുന്നു.
ഇത്തവണ സീനിയർ സൂപ്രണ്ടുമാരുടെ സ്ഥലം മാറ്റത്തിലാണ് ഏറെ അപാകതകളും.വിവിധ തസ്‌തികകളിലെ സ്ഥലംമാറ്റ അപാകതകളെ തുടർന്ന് ഹൈക്കോടതിയിൽ കേസും നടക്കുന്നുണ്ട്. ഓഫീസർമാരുടെ മനോവീര്യം തകർക്കുന്ന സമ്മർദ്ദ നടപടികൾ തുടർന്നാൽ കെ.എസ്.ഇ.ബി ഓഫീസേഴ്സ് സംഘ് ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രസിഡന്റ് യു.വി.സുരേഷും ജനറൽ സെക്രട്ടറി പ്രസാദ് പുത്തലത്തും പറഞ്ഞു.