
തിരുവനന്തപുരം : പശ്ചിമ ആഫ്രിക്കൻ രാജ്യമായ ബുർക്കിനോ ഫാസോയിൽ നിന്ന് ഡിഫൻഡർ ബക്കാരി കോനെയെ സ്വന്തം തട്ടകത്തിലെത്തിച്ച് ഐ.എസ്.എൽ ക്ളബ് കേരള ബ്ളാസ്റ്റേഴ്സ്.പ്രമുഖ ഫ്രഞ്ച്ക്ളബ് ഒളിമ്പിക് ലിയോണിന് വേണ്ടി കളിച്ചിട്ടുള്ള താരമാണ് 32കാരനായ കോനെ.
ബുർക്കിനോഫാസോയിൽ പ്രൊഫഷണൽ കരിയർ തുടങ്ങിയ കോനെ പിന്നീട് ഫ്രാൻസിലേക്ക് കുടിയേറുകയായിരുന്നു.രണ്ടാം ഡിവിഷനിലെ ഗ്വെയ്ഗാംപ് എന്ന ക്ളബിലൂടെ ഫ്രാൻസിൽ ചുവടുറപ്പിച്ച താരം 2009ൽ അവരുടെ കപ്പ് ഡി ഫ്രാൻസ് കിരീടനേട്ടത്തിൽ പ്രധാന പങ്കുവഹിച്ചു.2011ലാണ് ഒളിമ്പിക് ലിയോണിലൂടെ ഫസ്റ്റ് ഡിവിഷനിലേക്ക് എത്തിയത്.അഞ്ചുവർഷത്തോളം ലിയോണിൽ കളിച്ചു. നിരവധി കിരീടനേട്ടങ്ങളിൽ പങ്കാളിയായി.സ്ളാട്ടൻ ഇബ്രാഹിമോവിച്ച്, എഡിൻസൺ കവാനി തുടങ്ങിയ ലോകോത്തര സ്ട്രൈക്കർമാർക്കെതിരെ കളിച്ചു.യുവേഫ ചാമ്പ്യൻസ് ലീഗിലും യൂറോപ്പ ലീഗിലും ഉൾപ്പടെ 141 മത്സരങ്ങളിലാണ് ലിയോണിന്റെ കുപ്പായമണിഞ്ഞത്.
ലിയോണിൽ നിന്ന് കുറച്ചുനാൾ സ്പാനിഷ് ക്ളബ് മലാഗയ്ക്ക് വേണ്ടി കളിച്ചു.തുർക്കിയിലും റഷ്യയിലും കുറച്ചുസീസണുകൾ കളിച്ച ശേഷമാണ് ബ്ളാസ്റ്റേഴ്സിലേക്ക് എത്തിയിരിക്കുന്നത്. 19-ാം വയസിൽ ബുർക്കിനോ ഫാസോ ദേശീയ ടീമിൽ കളിച്ച താരമാണ്. 81 മത്സരങ്ങളിൽ രാജ്യത്തിന്റെ കുപ്പായമണിഞ്ഞ കോനെ ബുർക്കിനോ ഫാസോയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച മൂന്നാമത്തെ താരമാണ്.
സീനിയർ ഫ്രഞ്ച് താരം നിക്കോളാസ് അനൽക്കയിൽ നിന്ന് ഐ.എസ്.എല്ലിനെക്കുറിച്ച് ഒരുപാട് കേട്ടിട്ടുണ്ട്. ഇത്രയും ആരാധകരുള്ള ബ്ളാസ്റ്റേഴ്സിൽ കളിക്കാൻ അവസരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ട്. ഗോവയിലെത്തി ടീമിനൊപ്പം ചേരാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു
- ബക്കാരി കോനെ