
പത്തനംതിട്ട: റാന്നി പെരുനാട്ടിൽ പമ്പാനദിയിൽ ഒഴുക്കിൽപ്പെട്ട് കാണാതായ ആൾക്കു വേണ്ടി തെരച്ചിൽ നടത്തുന്നതിനിടെ ഡിങ്കി ബോട്ട് മറിഞ്ഞ് അഗ്നിശമന സേനാംഗം മുങ്ങിമരിച്ചു. പത്തനംതിട്ട യൂണിറ്റിലെ ഫയർമാൻ തിരുവനന്തപുരം ഒറ്റശേഖരമംഗലം മണലുവിളാകം ശരത് ഭവനിൽ ആർ.ആർ. ശരത് (30) ആണ് മരിച്ചത്.
മാടമൺ ചുരപ്ളാക്കൽ വീട്ടിൽ ശിവനെ (55) ഇന്നലെ രാവിലെ മാടമൺ പമ്പ് ഹൗസിനു സമീപം ഒഴുക്കിൽപ്പെട്ട് കാണാതായിരുന്നു. ഡിങ്കി ബോട്ടിൽ തെരച്ചിൽ നടത്തിയ അഗ്നിശമനസേനാ സംഘത്തിൽ ശരത്തുമുണ്ടായിരുന്നു. വൈകിട്ട് നാല് മണിയോടെ ഡിങ്കി മറിഞ്ഞ് വെള്ളത്തിൽ വീണ ശരത് ഒഴുക്കിൽപ്പെടുകയായിരുന്നു. സഹപ്രവർത്തകർ മുങ്ങിയെടുത്ത് റാന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിൽ. പോസ്റ്റുമോർട്ടംകഴിഞ്ഞ് ഇന്ന് രാവിലെ പത്തനംതിട്ട അഗ്നിശമന സേനാ യൂണിറ്റിൽ പൊതുദർശനത്തിനു വച്ചശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
2015ൽ നിയമനം ലഭിച്ചതു മുതൽ ശരത് പത്തനംതിട്ട യൂണിറ്റിലാണ്. സ്കൂബാ ടീമിലുള്ള ശരത് വെള്ളത്തിൽ വീണ നിരവധി ആളുകളെ രക്ഷപ്പെടുത്തിയിട്ടുണ്ട്. അഖിലയാണ് ഭാര്യ. മൂന്ന് വയസുളള മകനുണ്ട്. കാണാതായ ശിവന്റെ മൃതദേഹം കണ്ടെത്തിയിട്ടില്ല.