cm

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗമുക്തി നേടിയ ഒരു ശതമാനം ആളുകളിൽ പോസ്റ്റ് കൊവിഡ് സിൻഡ്രോം കണ്ടെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് ഭേദമായവരുടെ ശരീരത്തിൽ വൈറസിന്റെ സാന്നിദ്ധ്യം ഇല്ലെങ്കിലും ചിലരിൽ വെെറസ് ബാധയേറ്റ അവയവങ്ങൾക്ക് അവശത നേരിടാൻ സാധ്യതയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

പോസ്റ്റ് കൊവിഡ് സിൻഡ്രത്തിന്റെ ഭാഗമായി ശ്വാസകോശം, വൃക്ക തുടങ്ങിയവയിൽ വ്യതിയാനം മാറാൻ സമയമെടുക്കുമെന്നും അത്തരക്കാർക്ക് ദീർഘകാല ക്ഷീണവും ഹൃദ്രോഗ സാധ്യതയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനാൽ ടെസ്റ്റ് നെഗറ്റീവായാലും ഒരാഴ്ച കൂടി നിരീക്ഷണത്തിൽ തുടരാൻ ശ്രമിക്കണമെന്ന് മുഖ്യമന്ത്രി നിർദ്ദേശിച്ചു.

രോഗം ഭേദമായാലും ആരോഗ്യകരമായ ഭക്ഷണം കഴിക്കണം.ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം. അവശത നീണ്ടുനിൽക്കുന്നവർ ഡോക്ടർമാരുടെ സേവനം തേടണം. ഹൈപ്പർ ടെൻഷൻ പോലുള്ള രോഗമുള്ളവർ കൊവിഡിന് ശേഷം കൂടുതൽ കരുതൽ കാണിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആവശ്യമായ വിശ്രമത്തിന് ശേഷമേ കായികാധ്വാനമുള്ള ജോലികളടക്കം ചെയ്യാൻ പാടുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡ് വന്ന് പോകുന്നതാണ് നല്ലത്തെന്ന് കരുതുന്ന ചിലരുണ്ടെന്നും അത്തരം പ്രവണത നല്ലതല്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.