ipl

ദുബായ് : തോൽവികളിൽ മുങ്ങിക്കുളിക്കുന്ന രാജസ്ഥാൻ റോയൽസിനെ കീഴടക്കി സൺറൈസേഴ്സ് ഹൈദരാബാദും . ഇന്നലെ ദുബായ്‌യിൽ നടന്ന ഐ.പി.എൽ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ രാജസ്ഥാൻ ആറ് വിക്കറ്റ് നഷ്ടത്തിൽ154 റൺസിലൊതുങ്ങിയപ്പോൾ എട്ടുവിക്കറ്റുകളും 11 പന്തുകളും ബാക്കിനിറുത്തി സൺറൈസേഴ്സ് വിജയകാഹളം മുഴക്കി. സീസണിലെ ഏഴാം തോൽവിയോടെ രാജസ്ഥാൻ ഏഴാം സ്ഥാനത്തേക്ക് താഴ്ന്നപ്പോൾ സൺറൈസേഴ്സ് അഞ്ചാമതേക്കുയർന്ന് പ്ളേ ഓഫ് സാദ്ധ്യതകൾ സജീവമാക്കി.

പുറത്താകാതെ അർദ്ധസെഞ്ച്വറികൾ നേടുകയും മൂന്നാം വിക്കറ്റിൽ 140 റൺസിന്റെ അപരാജിത കൂട്ടുകെട്ടുയർത്തുകയും ചെയ്ത മനീഷ് പാണ്ഡെയും (83*) വിജയ്ശങ്കറുമാണ് (52*) ഹൈദരാബാദിന് ഏറെ അനിവാര്യമായിരുന്ന വിജയം നൽകിയത്. 16/2 എന്ന സ്കോറിൽ മൂന്നാം വിക്കറ്റിൽ ഒരുമിച്ച സഖ്യം 19-ാം ഓവറിലാണ് കളി വിജയിപ്പിച്ചത്. 47 പന്തുകൾ നേരിട്ട മനീഷ് എട്ടു സിക്സുകളും നാലുഫോറുകളുമാണ് അടിച്ചുകൂട്ടിയത്. 51 പന്തുകൾ നേരിട്ട വിജയ് ശങ്കർ ആറു ബൗണ്ടറികൾ പായിച്ചു. സീസണിൽ ആദ്യമായാണ് ഒരു കളി സൺറൈസേഴ്സ് ചേസ് ചെയ്ത് ജയിക്കുന്നത്.മനീഷാണ് മാൻ ഒഫ് ദ മാച്ച്.

കഴിഞ്ഞ മത്സരങ്ങളിലെ നിരാശപ്പെടുത്തലുകൾക്ക് ശേഷം മികവുകാട്ടാൻ ശ്രമിച്ച മലയാളി താരം സഞ്ജു സാംസണാണ് (36) റോയൽസ് നിരയിലെ ടോപ്പ്സ്കോററർ.ബെൻ സ്റ്റോക്സ്(30),റിയാൻ പരാഗ് (20),ഉത്തപ്പ(19),സ്മിത്ത് (19), ആർച്ചർ(16*) എന്നിവരുടെ പോരാട്ടമാണ് രാജസ്ഥാനെ 154ലെത്തിച്ചത്.

ടോസ് നേടിയ സൺറൈസേഴ്സ് ഹൈദരാബാദിന്റെ നായകൻ ഡേവിഡ് വാർണർ രാജസ്ഥാനെ ബാറ്റിംഗിന് ക്ഷണിക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തിലേതുപോലെ റോബിൻ ഉത്തപ്പയും സ്റ്റോക്സും ചേർന്നാണ് ഓപ്പണിംഗിന് ഇറങ്ങിയത്.സന്ദീപ് ശർമ്മ എറിഞ്ഞ ആദ്യ ഓവറിൽ മൂന്ന് റൺസ് മാത്രമാണ് റോയൽസിന് നേടാനായത്. അടുത്ത ഓവറിൽ ജാസൺ ഹോൾഡറെ ബൗണ്ടറി പറത്തിയ ഉത്തപ്പ മൂന്നാം ഓവറിൽ സന്ദീപിനെ സിക്സിന് പായിക്കുകയും ചെയ്തു. ഫോമിലേക്ക് എത്തുന്നതിന്റെ സൂചന നൽകിയ ഉത്തപ്പ പക്ഷേ അടുത്ത ഓവറിൽ ഹോൾഡറെ തുടർച്ചയായി രണ്ട് ബൗണ്ടറികൾ പായിച്ചശേഷം റൺഔട്ടായി മടങ്ങി.പന്തുതട്ടി​യി​ട്ട ശേഷം സിംഗി​ളി​ന് ക്ഷണി​ച്ച സ്റ്റോക്സ് പി​ന്നെ നോ പറഞ്ഞെങ്കി​ലും ഉത്തപ്പ തി​രി​കെയെത്തുംമുമ്പ് റൺ​ഔട്ടാക്കി​.

തുടർന്ന് ക്രീസി​ലെത്തി​യ സഞ്ജു കഴി​ഞ്ഞ ഇന്നിംഗ്സുകളി​ലെ തെറ്റുകൾ ആവർത്തി​ക്കാതി​രി​ക്കാൻ ശ്രദ്ധയോടെയാണ് തുടങ്ങി​യത്. എന്നാൽ സന്ദീപ് എറി​ഞ്ഞ അഞ്ചാം ഓവറി​ൽ തുടർച്ചയായി​ രണ്ട് ബൗണ്ടറി​കൾ പായി​ച്ചു. പവർ പ്ളേ പൂർത്തി​യാകുമ്പോൾ റോയൽസ് 47/1 എന്ന നിലയിലായിരുന്നു.സിംഗിളുകളിലൂടെയും ഡബിളുകളിലൂടെയും നടരാജനെയും റാഷിദ് ഖാനെയും നേരിട്ട സഞ്ജുവും സ്റ്റോക്സും ആദ്യ പത്തോവറിൽ 74 റൺസിലെത്തിച്ചു.12-ാം ഓവറിൽ തന്റെ മുഖത്തിന് നേർക്കുവന്ന ഹോൾഡറുടെ ബൗൺസർ മിഡ്‌വിക്കറ്റിലൂടെ സിക്സാക്കി മാറ്റിയ സഞ്ജുവിന് പക്ഷേ തൊട്ടടുത്ത പന്തിൽ പുറത്താകേണ്ടിവന്നു. ഹോൾഡറുടെ ഓഫ് കട്ടർ സ്ക്വയറിലേക്ക് കളിക്കാൻ ശ്രമിച്ച സഞ്ജുവിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ച് ക്ളീൻ ബൗൾഡാവുകയായിരുന്നു.26 പന്തുകൾ നേരിട്ട സഞ്ജു മൂന്ന് ഫോറും ഒരു സിക്സുമടക്കമാണ് 36 റൺസെടുത്തത്.

അടുത്ത ഓവറിന്റെ ആദ്യപന്തിൽ റാഷിദ് ഖാൻ സ്റ്റോക്സിനെയും ബൗൾഡാക്കിയതോടെ റോയൽസ് 86/3 എന്ന നിലയിലായി.32 പന്തുകൾ നേരിട്ട സ്റ്റോക്സ് രണ്ട് ബൗണ്ടറികൾ മാത്രമാണ് പായിച്ചത്.പകരം ക്രീസിലെത്തിയ കഴിഞ്ഞ കളിയിലെ ഹീറോ ജോസ് ബട്ട്ലർക്ക് (9) അധികം പിടിച്ചുനിൽക്കാനായില്ള. 16-ാം ഓവറിൽ വിജയ് ശങ്കറിന്റെ പന്തിൽ നദീമിന് ക്യാച്ച് നൽകി ബട്ട്‌ലർ മടങ്ങി.

19 റൺസെടുത്ത സ്മിത്ത് 19-ാം ഓവറിലെ ഹോൾഡറുടെ ആദ്യപന്ത് ​മനീഷ് പാണ്ഡെയ്ക്ക് ക്യാച്ച് നൽകി പുറത്തായി.തൊട്ടടുത്ത പന്തിൽ റിയാൻ പരാഗ് വാർണർക്കും ക്യാച്ച് നൽകി.

മറുപടി​ക്കി​റങ്ങി​യ സൺറൈസേഴ്സിന് നായകൻ വാർണറെയും (4) സഹഓപ്പണർ ബെയർ സ്റ്റോയെയും (10) തുടക്കത്തിലേ നഷ്ടമായിരുന്നു. പേസർ ജൊഫ്ര ആർച്ചറാണ് ആദ്യ ഓവറിൽ വാർണറെയും മൂന്നാം ഓവറിൽ ബെയർസ്റ്റോയെയും പുറത്താക്കിയത്.തുടർന്ന് ക്രീസിലൊരുമിച്ച മനീഷ് പാണ്ഡെയും വിജയ്ശങ്കറും ചേർന്ന് വിജയത്തിന് അടിത്തറയിടുകയായിരുന്നു.