
റോം : ഇറ്റാലിയിലെ സാർഡിനിയയിലെ കർഷകനായ ക്രിസ്‌റ്റ്യൻ മലോചിയ്ക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല. വളർത്തുനായയായ സ്പെലാഷിയ പ്രസവിച്ച അഞ്ച് കുഞ്ഞുങ്ങളിൽ ഒന്നിന്റെ നിറം പച്ച.! അതെ, പച്ച നിറത്തിലെ രോമങ്ങളോട് കൂടിയ ഓമന നായ്ക്കുട്ടൻ. പിന്നെ ഒന്നും നോക്കിയില്ല ' പിസ്താഷ്യോ ' എന്ന് പേരുമിട്ടു.
ഒക്ടോബർ 9നാണ് പിസ്താഷ്യോ ജനിച്ചത്. മറ്റ് കുഞ്ഞുങ്ങൾക്കെല്ലാം മിക്സ്ഡ് ബ്രീഡ് ഇനത്തിൽപ്പെട്ട അമ്മയുടേത് പോലെ വെളുത്ത രോമങ്ങളാണുള്ളത്. പച്ച നിറത്തിലെ രോമങ്ങളോട് കൂടി ജനിക്കുന്ന നായ്ക്കുട്ടികൾ വളരെ അപൂർവമാണ്. നായകളുടെ ഗർഭപാത്രത്തിലെ ബിലിവെർഡിൻ എന്ന പച്ച നിറത്തിലെ വർണവസ്തുവുമായി സമ്പർക്കത്തിൽ വരുന്നത് മങ്ങിയ നിറമുള്ള നായ്ക്കുട്ടികളിൽ പച്ചനിറത്തിന് കാരണമാകുമെന്നാണ് കരുതുന്നത്.

എന്നാൽ പിസ്താഷ്യോ എന്നും പച്ചനിറത്തിൽ ആയിരിക്കില്ല. ജനിച്ച ദിവസം മുതൽ തന്നെ പിസ്താഷ്യോയുടെ നിറം മങ്ങിവരികയാണ്. പ്രതീക്ഷയുടെയും ഭാഗ്യത്തിന്റെയും പ്രതീകമായ പച്ച നിറമാണ് പിസ്താഷ്യോയ്ക്ക്. ഈ കൊവിഡ് കാലത്ത് പിസ്താഷ്യോ തങ്ങൾക്ക് ഭാഗ്യം കൊണ്ടുവരുമെന്ന് വിശ്വസിക്കുന്നതായി ക്രിസ്‌റ്റ്യൻ മലോചിയും കുടുംബവും പറയുന്നു.