vehicle

തിരുവനന്തപുരം: ഗതാഗത നിയമങ്ങൾ ലംഘിക്കുന്നവർ വാഹന പരിശോധനയ്ക്കിടെ പൊലീസിനെ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ ഉണ്ടാകുന്ന അപകടങ്ങൾക്ക് അറുതി വരുത്തുകയെന്ന ലക്ഷ്യത്തോടെ വാഹനങ്ങളുടെ രേഖകൾ പരിശോധിക്കുന്നത് ഓട്ടോമാറ്റിക്ക് സംവിധാനത്തിലൂടെ ആക്കാൻ മോട്ടോർ വാഹന വകുപ്പ് ഒരുങ്ങുന്നു. ഇതിനായി വാഹനങ്ങളുടെ നമ്പർ പ്ളേറ്റ് സ്വയം തിരിച്ചറിയുന്ന കാമറകൾ സംസ്ഥാനത്തുടനീളം മോട്ടോർ വാഹന വകുപ്പ് സ്ഥാപിക്കും. വാഹനപരിശോധന കണ്ട് പെട്ടെന്ന് വാഹനങ്ങൾ നിറുത്തുന്നതുൾപ്പെടെ അപകടത്തിനു വഴിയൊരുക്കുന്ന സന്ദർഭങ്ങളിൽ ഭൂരിഭാഗവും ദുരന്തത്തിന് ഇരയാകുന്നത് ഇരുചക്ര വാഹനയാത്രക്കാരാണ്.

700 കാമറകൾ

വാഹനങ്ങളുടെ നമ്പർ കൃത്യമായും മിഴിവോടെയും തിരിച്ചറിയാൻ കഴിയുന്ന 700 അത്യാധുനിക കാമറകളാണ് സേഫ് കേരള പദ്ധതിയുടെ കീഴിൽ14 ജില്ലകളിലായി സ്ഥാപിക്കുന്നത്. ഓരോ ജില്ലകളിലും കൺട്രോൾ റൂമുകളും സ്ഥാപിക്കും. ജനുവരി അവസാനത്തോടെ ഈ സംവിധാനം പൂർണ തോതിൽ പ്രവർത്തിച്ചു തുടങ്ങും. ഈ കാമറകൾ പകർത്തുന്ന വാഹനങ്ങളുടെ നമ്പർ പ്ളേറ്റിന്റെ ചിത്രങ്ങൾ പകർത്തുന്നതിനൊപ്പം ഡിജിറ്റലായി അവയുടെ രേഖകൾ പരിശോധിക്കുകയും ചെയ്യും. വ്യാജ രജിസ്ട്രേഷൻ നമ്പറും ഇതിലൂടെ കണ്ടെത്താനാകുമെന്ന് ജോയിന്റ് ട്രാൻസ്‌പോർട്ട് കമ്മിഷണർ പുത്തലത്ത് രാജീവൻ പറഞ്ഞു.

വാഹനങ്ങളുടെ നമ്പർ പ്ളേറ്റിന്റെ ചിത്രം കാമറ പകർത്തി കഴിഞ്ഞാൽ ഞൊടിയിടയിൽ അവ അതത് കൺട്രോൾ റൂമുകളിലേക്ക് അയയ്ക്കും. ഇതോടെ ഉടൻ തന്നെ വാഹനത്തിന്റെ രജിസ്ട്രേഷൻ വിവരങ്ങൾ,​ നികുതി അടവ്,​ ഇൻഷ്വറൻസ്,​ മലിനീകരണ പരിശോധനാ സർട്ടിഫിക്കറ്റ്,​ വ്യാവസായിക വാഹനങ്ങളുടെ പെർമിറ്റ്,​ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്,​ വാഹനം കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്നതടക്കമുള്ള എല്ലാ വിവരങ്ങളും വിലയിരുത്തും.

നിർമ്മിത ബുദ്ധിയും

കാമറ പകർത്തുന്ന വാഹനത്തിന്റെ നമ്പർ പ്ളേറ്റിന്റെ ചിത്രം നിർമ്മിത ബുദ്ധിയുടെ (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്)​ സഹായത്തോടെ വിശകലനം ചെയ്ത് മുൻകൂട്ടി തയ്യാറാക്കി വച്ചിരിക്കുന്ന വാഹനങ്ങളുടെ രൂപവുമായി ഒത്തുനോക്കുന്ന സംവിധാനത്തിനും രൂപം നൽകും. ഇതിലൂടെ വ്യാജ നമ്പറുകൾ വേഗത്തിൽ കണ്ടെത്താനാകുമെന്നതാണ് മേന്മ. നിയമലംഘനം നടത്തിയ വാഹനത്തിന്റെ നമ്പറും കുറ്റം എന്താണെന്നതും അടക്കം വിശദീകരിക്കുന്ന സന്ദേശം ഇ-മെയിൽ,​ എസ്.എം.എസ് മുഖേന ഉടമസ്ഥനെ അറിയിക്കും. ദേശീയ തലത്തിലുള്ള ഏകീകൃത മോട്ടോർ വെഹിക്കിൾ ഡേറ്റാബേസിന്റെ സഹായത്തോടെയാണ് വാഹനത്തിന്റെ പരിശോധനകൾ നടത്തുക. രജിസ്ട്രേഷൻ,​ ടാക്‌സ്,​ ഇൻഷ്വറൻസ് തുടങ്ങിയവ എല്ലാം തന്നെ ഇപ്പോൾ വാഹൻ സാരഥി സോഫ്‌റ്റ്‌വെയറിൽ ലഭ്യമാണ്. വാഹനങ്ങളുടെ മലിനീകരണ സർട്ടിഫിക്കറ്റ് കൂടി സോഫ‌്‌റ്റ്‌വെയറിൽ ഉൾപ്പെടുത്തുന്ന ജോലികൾ നടന്നുവരുകിയാണ്. നവംബർ ഒന്നോട് കൂടി സ്വകാര്യ ഏജൻസികൾ പുക സർട്ടിഫിക്കറ്റ് നൽകുന്നത് അവസാനിപ്പിക്കും. സ്വന്തം സോഫ്റ്റ്‌വെയർ ഉപയോഗിച്ച് മോട്ടോർ വെഹിക്കിൾ വകുപ്പ് തന്നെയാകും പുകയുടെ അളവ് നിശ്ചയിക്കുക. തുടർന്ന് ഓൺലൈനായി സർട്ടിഫിക്കറ്റും ലഭിക്കും. ഇതിലൂടെ പുക പരിശോധനാ സർട്ടിഫിക്കറ്റുകളിൽ കൃത്രിമം കാണിക്കുന്നത് തടയാനാകും.