modi

പാട്ന: ബീഹാറിൽ തിരഞ്ഞെടുപ്പ് ചൂട് ഏറിവരുന്നതിനിടെ നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പ്രചരണത്തിനായി സംസ്ഥാനത്തെത്തിച്ചേരും. ഏറെ രാഷ്ട്രീയ വിവാദങ്ങൾക്കിടയിൽ നേതാക്കളുടെ സന്ദർശനം ഇരു കക്ഷികൾക്കും വലിയ പ്രതീക്ഷകളാണ് നൽകുന്നത്. പ്രീയ നേതാക്കളുടെ വരവ് പ്രവർത്തകരിലും ഏറെ ആവേശം നൽകിയിട്ടുണ്ട്.

ഒക്ടോബർ 28 ന് ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടക്കുന്ന വിവിധ നിയമസഭാ മണ്ഡലങ്ങളിൽ നിന്നുള്ള എൻ.‌ഡി‌.എ നോമിനികളുടെ പിന്തുണ തേടുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഡെഹ്രി-ഓൺ സോൺ , ഗയ, ഭാഗൽപൂർ എന്നിവിടങ്ങളിലായി വാഹന പ്രചരണ യാത്ര നടത്തും. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ മോദിക്കൊപ്പം ഡെഹ്രി, ഭാഗൽപൂർ എന്നിവിടങ്ങളിൽ നടക്കുന്ന റാലികളിൽ പങ്കെടുക്കുമെന്നും ബി.ജെ.പി വൃത്തങ്ങൾ അറിയിച്ചു.

എൻ.ഡി.എയിൽ നിന്നും ഭരണം തിരിച്ചുപിടിക്കാൻ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും നാളെ പ്രചരണത്തിനിറങ്ങുന്നുണ്ട്. കോൺഗ്രസ് യു.പി.എ നേതാക്കൾക്കൊപ്പം നവാഡയിലെ ഹിസുവ, ഭാഗൽപൂർ ജില്ലയിലെ കഹൽഗാവ് എന്നിവിടങ്ങളിൽ രാഹുൽ ഗാന്ധി പ്രചരണ റാലി നടത്തും. മുൻ കോൺഗ്രസ് അദ്ധ്യക്ഷൻ ശക്തിസിംഗ് ഗോഹിലും മറ്റുമുതർന്ന നേതാക്കളും രാഹുലിനെ അനുഗമിക്കും.

ബീഹാർ തെരഞ്ഞെടുപ്പിനായി കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്, ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ, ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവർ വിവിധ സ്ഥലങ്ങളിയായി പ്രചരണപരിപാടികൾ സംഘടിപ്പിച്ചു. തെരഞ്ഞെടുപ്പിനുള്ള പാർട്ടിയുടെ പ്രകടനപത്രികയിൽ ബീഹാർ ജനതയ്ക്ക് സൗജന്യമായി കൊവിഡ് വാക്സിൻ നൽകുമെന്ന വാഗ്ദാനം ഏറെ വിവാദമായതിന് പിന്നാലെയാണ് മോദിയും രാഹുലും തിരഞ്ഞെടുപ്പ് പ്രചരണത്തിനായി ബീഹാറിലേക്ക് വരുന്നത്.