
'ബെല്ലി ഡാൻസ്' എന്ന് കേട്ടാൽ മുഖം ചുളിക്കുന്ന ആൾക്കാരെയാകും നാം കൂടുതൽ കണ്ടിട്ടുണ്ടാകുക. 'അമിതമായ ലൈംഗികത' എന്ന കാരണം പറഞ്ഞാകും ഇത്തരക്കാർ ഈ കലാരൂപത്തോടുള്ള തങ്ങളുടെ അനിഷ്ടം വെളിവാക്കുക. എന്നാൽ പ്രാചീന ഈജിപ്തിൽ ഉദയം ചെയ്ത ഈ നൃത്തസംവിധാനത്തിന് ഏറെ സവിശേഷതകളും ആരോഗ്യം പ്രദാനം ചെയ്യാനുള്ള കഴിവുമുണ്ടെന്ന് അധികമാർക്കും അറിയാത്ത ഒരു കാര്യമാണ്.
പേശീ ബലം, കരുത്ത് എന്നീ ഗുണങ്ങളിൽ തുടങ്ങി, ശക്തമായ സാമൂഹിക ബന്ധങ്ങൾ വരെ ബെല്ലി ഡാൻസ് പരിശീലിക്കുന്നതിലൂടെ നമ്മുക്ക് നേടാൻ കഴിയും എന്നതാണ് സത്യം. ഒപ്പം സ്വന്തം ശരീരത്തെ കുറിച്ചുള്ള ആത്മവിശ്വാസം വർദ്ധിപ്പിക്കാനും, ശരീരഘടനയിൽ ഗുണപരമായ മാറ്റങ്ങൾ വരുത്താനും ഈ നൃത്തത്തിലൂടെ സാധിക്കുന്നതാണ്.
ഏറ്റവും മികച്ച എയ്റോബിക്/കാർഡിയോ വ്യായാമങ്ങളിൽ ഒന്നായ 'വയർ നൃത്ത'ത്തിന് മാനസിക സമ്മർദ്ദങ്ങൾ കുറച്ച്, ശരീരത്തിൽ എൻഡോർഫിൻ ഹോർമോണുകൾ വർദ്ധിപ്പിച്ച് നമ്മെ സന്തോഷത്തിലേക്ക് നയിക്കാനുമാകുമെന്ന് ഇപ്പോൾ ശാസ്ത്രവും സമ്മതിക്കുന്നു. മുൻപ് തങ്ങൾക്കുണ്ടായിരുന്ന സങ്കോചമെല്ലാം മാറ്റിവച്ച് ഇപ്പോൾ നിരവധി സ്ത്രീകളാണ് ഈ നൃത്തം പഠിക്കാനായി മുന്നോട്ട് വരുന്നത്.
ഇത്തരക്കാർക്ക് കൃത്യമായ മാർഗനിർദേശങ്ങളും പാഠങ്ങളും നൽകി അവരെ ബെല്ലി നൃത്തത്തിന്റെ ലോകത്തേക്ക് കൈപിടിച്ചുയർത്തിയ ആളാണ് മുംബയിക്കാരിയായ സഞ്ജന ശർമ്മ. 'വിവി ഡാൻസി'ൽ നിന്നും ബെല്ലി നൃത്തം പഠിച്ച സഞ്ജന 'കോഹ്ൾ ബെല്ലി ഡാൻസ് മൂവ്മെന്റി'ൽ നിന്നുമാണ് തന്റെ ഇൻസ്ട്രക്ടർ യോഗ്യത നേടിയെടുത്തത്.
കോഹ്ൾ ബെല്ലി ഡാൻസ് മൂവ്മെന്റിൽ സീനിയർ ഇൻസ്ട്രക്ടറായ ഈ പെൺകുട്ടിക്ക് ഇപ്പോൾ മുംബയിൽ ആകമാനം ഡാൻസ് അക്കാദമികളും ആയിരത്തിൽപരം വിദ്യാർത്ഥികളുമുണ്ട്. ഇക്കൂട്ടത്തിൽ നിരവധിവീട്ടമ്മമാരും പെടും. സഞ്ജനയുടെ അദ്ധ്യാപന സമീപനത്തിലെ ലാളിത്യത്തെ കുറിച്ചും സർഗാത്മകതയെക്കുറിച്ചും വാചാലരാകുന്ന സഞ്ജനയുടെ വിദ്യാർത്ഥികൾ തങ്ങൾ എത്തിപ്പെടേണ്ട സ്ഥലത്ത് തന്നെയാണ് എത്തിയതെന്നും സമ്മതിക്കുന്നുണ്ട്.
പഠനം ജീവിതാവസാനം വരെ തുടരുന്ന ഒരു പ്രക്രിയയാണെന്ന് പറഞ്ഞുവയ്ക്കുന്ന സഞ്ജന ബെല്ലി നൃത്തത്തെ ഒരു തപസ്യയായാണ് കാണുന്നത്. ബെല്ലി ഡാൻസിനെ ഒരു ഹോബിയായി മാത്രം കാണാൻ പാടില്ലെന്നും അതിനെ മികച്ച ഒരു ജീവിതരീതിയിലേക്കും ആരോഗ്യത്തിലേക്കുമുള്ള വഴിയായി കൂടിപരിഗണിക്കേണ്ടതുണ്ടെന്ന് കൂടി സഞ്ജന ഓർമ്മിപ്പിക്കുന്നുണ്ട്.