
കോഴിക്കോട് : കണ്ണഞ്ചേരിയിൽ ഇരുനില കെട്ടിടം തകർന്നു വീണ് ഒരാൾ മരിച്ചു. ഇന്ന് രാത്രി 8.15 ഓടെയാണ് അമ്പത് വർഷം പഴക്കമുള്ള കണ്ണഞ്ചേരി സ്‌കൂളിനു സമീപത്തെ ഓട് മേഞ്ഞ കെട്ടിടമാണ് തകർന്ന് വീണത്. കെട്ടിടത്തിനടിയിൽ കുടുങ്ങിയ കണ്ണഞ്ചേരി നടുവീട്ടിൽ രാമചന്ദ്രൻ (64) ആണ് മരിച്ചത്. രക്ഷാപ്രവർത്തകർ പുറത്തെടുത്ത് ഇയാളെ കോഴിക്കോട് ഗവ.മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ദീപാ ഫാൻസി ഷോപ്പ് ഉടമയാണ് രാമചന്ദ്രൻ.ഇദ്ദേഹത്തിന്റെ ഗോഡൗൺ ഈ കെട്ടിടത്തിലാണ്. കടയടച്ചശേഷം കടയ്ക്ക് മുന്നിൽ നിൽക്കുകയായിരുന്നു രാമചന്ദ്രൻ. ഫയർഫോഴ്‌സും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. കെട്ടിടത്തിന്റെ സ്ലാബിനടിയിൽ കുടുങ്ങിയ രാമചന്ദ്രനെ ജെ.സി.ബി ഉപയോഗിച്ച് സ്ലാബ് പൊളിച്ചു നീക്കിയാണ് പുറത്തെടു ത്തത്. ജില്ലാ കളക്ടർ എസ്. സാംബശിവറാവു, എം.കെ. രാഘവൻ എം.പി ,കൗൺസിലർ നമ്പിടി നാരായണൻ തുടങ്ങിയവർ സ്ഥലത്തെത്തി.
കണ്ണഞ്ചേരി നടുവീട്ടിൽ പരേതരായ വേലായുധന്റെയും സാവിത്രിയുടെയും മകനാണ് മരിച്ച രാമചന്ദ്രൻ. അവിവാഹിതനാണ്. സഹോദരങ്ങൾ: എൻ.വി. മണി, സദാശിവൻ, ഗോപാലകൃഷ്ണൻ, മീന, പുഷ്പലത.