
പാലക്കാട്: വാളയാർ കേസിൽ പൊലീസിനെതിരെ പെൺകുട്ടികളുടെ അമ്മ. പറഞ്ഞ മൊഴി അല്ല രേഖപ്പെടുത്തിയതെന്നും, ഒപ്പിട്ട ശേഷം പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായതെന്നും അമ്മ പറഞ്ഞു.കഴിഞ്ഞദിവസം പാലക്കാട് വനിതാ സെല്ലിലെ രണ്ട് ഉദ്യോഗസ്ഥർ പെൺകുട്ടികളുടെ വീട്ടിലെത്തി മൊഴിയെടുത്തിരുന്നു.
മൂത്ത കുട്ടി കൊല്ലപ്പെട്ടു എന്ന് പറഞ്ഞപ്പോൾ മരിച്ചു എന്നാണ് പൊലീസുകാർ രേഖപ്പെടുത്തിയതെന്ന് കുട്ടികളുടെ അമ്മ പറയുന്നു.ഇളയ കുട്ടിയുടെ മരണത്തിൽ ദുരൂഹത പ്രകടിപ്പിച്ചെങ്കിലും ഇത് രേഖപ്പെടുത്തിയില്ലെന്നും അമ്മ ആരോപിക്കുന്നു.
കേസിലെ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള പോക്‌സോ കോടതി വിധി വന്ന് ഒരു വർഷം പൂർത്തിയാകുന്ന വേളയിലാണ് പൊലീസിന്റെ മൊഴിയെടുപ്പ്.ജില്ലാ പൊലീസ് മേധാവി അറിയാതെയാണ് ഇത്തരമൊരു മൊഴിയെടുപ്പ് നടന്നതെന്ന് റിപ്പോർട്ടുകളുണ്ട്.