
ചെന്നൈ: ട്രാൻസ്‌ജെൻഡറിനെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.കോയമ്പത്തൂരിലെ ട്രാൻസ്‌ജെൻഡർ അസോസിയേഷൻ പ്രസിഡന്റും ആക്ടിവിസ്റ്റുമായ സംഗീതയാണ് കൊല്ലപ്പെട്ടത്. കോയമ്പത്തൂർ പൊലീസ് അന്വേഷണം തുടങ്ങി.
അടുത്തിടെ സംഗീത ആർഎസ് പുരത്ത് ട്രാൻസ് കിച്ചൺ എന്ന പേരിൽ ട്രാൻസ്‌ജെൻഡേഴ്സ് മാത്രം ജോലി ചെയ്യുന്ന ഹോട്ടൽ തുടങ്ങിയിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് ആളുകൾ ഇവരെ അവസാനമായി കണ്ടത്.വീട്ടിൽ നിന്നും ദുർഗന്ധം വന്നതോടെ അയൽവാസികൾ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
പൊലീസെത്തി വീട് തുറന്നുനോക്കിയപ്പോഴാണു മൃതദേഹം കണ്ടെത്തിയത്. പ്ലാസ്റ്റിക് ട്രമ്മിനകത്ത് തള്ളി പുതപ്പ് കൊണ്ടു പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം. കഴുത്തിൽ ആഴത്തിൽ മുറിവുണ്ടായിരുന്നു.സംഗീതയുടെ മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. സംഗീതയ്ക്ക് ആരെങ്കിലുമായി ശത്രുതയുണ്ടോ എന്നാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്.