
ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന അവസാനവട്ട സംവാദത്തിനിടെ ഇന്ത്യയെ വിമർശിച്ച് യു.എസ് പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ഡോണൾഡ് ട്രംപ്. ഏറ്റവും മലിനമായ വായുവുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ എന്നായിരുന്നു ട്രംപിന്റെ വിമർശനം.
ട്രംപും ഡെമോക്രാറ്റ് സ്ഥാനാർത്ഥിയായ ജോ ബൈഡനും തമ്മിൽ നടന്ന സംവാദത്തിൽ കൊവിഡ് പ്രതിരോധം, വംശീയത, കാലാവസ്ഥ വ്യതിയാനം എന്നിവയായിരുന്നു പ്രധാന വിഷയങ്ങൾ. ആഴ്ചകള്‍ക്കുള്ളില്‍ കൊവിഡ് വാക്‌സിന്‍ തയ്യാറാകുമെന്ന അവകാശവാദവും ട്രംപിന്റെ ഭാഗത്തുനിന്നുണ്ടായി. എന്നാൽ ട്രംപിന്റേത് കഴമ്പില്ലാത്ത അവകാശവാദമാണെന്ന് ജോ ബൈഡൻ തിരിച്ചടിച്ചു.
വിദ്യാഭ്യാസ രംഗത്തെ പുരോഗതിക്ക് വേണ്ടി പണം ചിലവഴിക്കുന്നതില്‍ ട്രംപ് പരാജയപ്പെട്ടെന്ന് ബൈഡൻ വിമർശിച്ചു. ട്രംപിന് ചൈനയില്‍ രഹസ്യ ബാങ്ക് അക്കൗണ്ട് ഉണ്ടെന്ന് ബൈഡൻ ആരോപിച്ചു. ചൈനയിലെ തന്റെ ഓഫീസ് പ്രവര്‍ത്തനം അവസാനിപ്പിച്ചപ്പോൾ അക്കൗണ്ട് ക്ലോസ് ചെയ്തെന്ന് ട്രംപ് മറുപടി നല്‍കി.അതോടൊപ്പം ബൈഡനും മകനും ചൈന, ഇറാഖ് എന്നിവടങ്ങളിൽ നിന്നും പണം സമ്പാദിച്ചിട്ടുണ്ടെന്ന് അദ്ദേഹം തിരിച്ചടിച്ചു.
2016 മുതലുള്ള നികുതി രേഖകൾ ട്രംപ് പുറത്തുവിട്ടിട്ടില്ലെന്നും, രേഖകൾ പുറത്തുവിടണമെന്ന് ബൈഡൻ ആവശ്യപ്പെട്ടു. ലക്ഷക്കണക്കിന് ഡോളർ താൻ നികുതി അടയ്ക്കുന്നുണ്ടെന്ന് ട്രംപ് മറുപടി നൽകി.