
തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളിൽ പിന്നിലിരിക്കുന്നയാൾക്ക് ഹെൽമെറ്റ് ഇല്ലെങ്കിലും വാഹനമോടിക്കുന്നയാളിന്റെ ഡ്രൈവിംഗ് ലൈസൻസ് നഷ്ടമാകും. കേന്ദ്ര മോട്ടോർവാഹന നിയമത്തിലെ പുതിയ ഭേദഗതിപ്രകാരം ലൈസൻസിന് അയോഗ്യത കല്പിക്കാനുള്ള അധികാരം ഉദ്യോഗസ്ഥർക്കുണ്ടെന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ എം.ആർ. അജിത്കുമാർ അറിയിച്ചു. കേന്ദ്രനിയമത്തിലെ 1000 രൂപ പിഴ 500 രൂപയായി സംസ്ഥാനം കുറച്ചിരുന്നു. എന്നാൽ മൂന്നുമാസത്തേക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള വ്യവസ്ഥ പിൻവലിച്ചിട്ടില്ല. 
കേന്ദ്ര മോട്ടോർവാഹന നിയമത്തിലെ ശുപാർശ അടുത്തമാസം ഒന്നുമുതൽ ശക്തമായി നടപ്പാക്കാനാണ് അധികൃതരുടെ തീരുമാനം. ഹെൽമറ്റ് ധരിക്കാത്തവരുടെ ലൈസൻസ് മൂന്നുമാസത്തേക്കാണ് റദ്ദാക്കുന്നത്. മോട്ടോർവാഹന നിയമം ലംഘിക്കുന്നവരെ റോഡ് സുരക്ഷാ ക്ളാസിനും സാമൂഹ്യസേവനത്തിനും അയയ്ക്കണമെന്നും ഉത്തരവിലുണ്ട്. ഇതും നടപ്പാക്കും.
ഈ വർഷം ഫെബ്രുവരിയിലാണ് കേന്ദ്രസർക്കാർ പുതിയ മോട്ടോർ വാഹന നിയമങ്ങൾ പ്രഖ്യാപിച്ചത്.1988ലെ മോട്ടോർ വാഹന നിയമത്തിൽ കാര്യമായ ഭേദഗതികൾ വരുത്തിയായിരുന്നു പുതിയ നിയമങ്ങൾ ഉണ്ടാക്കിയത്.