india-covid

ന്യൂഡൽഹി: ലോകത്ത് ആകെ ആക്‌ടീവ് കൊവിഡ് രോഗികളുടെ എണ്ണത്തിൽ രണ്ടാമതായി തുടരുമ്പോഴും പ്രതിദിന കൊവിഡ് ബാധിതരുടെ കണക്കിൽ ഇന്ത്യയ്‌ക്ക് ആശ്വാസം. കഴിഞ്ഞ ദിവസങ്ങളിലെല്ലാം കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണത്തിൽ ക്രമാനുഗതമായ കുറവ് രാജ്യത്ത് രേഖപ്പെടുത്തി. 24 മണിക്കൂറിനിടെ 54,366 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. 690 പേർ മരണമടഞ്ഞു.എന്നാൽ രോഗമുക്തി നിരക്ക് പ്രതിദിനം ഉയരുന്നുണ്ട്. 73,979 ആണ് 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്‌തത്.

വാക്‌സിൻ വികസനത്തിനായി 50,000 കോടി രൂപയാണ് കേന്ദ്രം നീക്കി വച്ചിരിക്കുന്നത്. ഓരോ ഇന്ത്യക്കാരനും വാക്‌സിൻ കുത്തിവയ്‌പ്പിന് ചിലവാകുന്ന തുക 6 മുതൽ 7 ഡോളർ വരെ കണക്ക് കൂട്ടിയാണ് ഇത്ര വലിയ തുക വകയിരുത്തിയത്. ഈ വർഷം അവസാനമോ അടുത്ത വർഷം ആദ്യമോ വാക്‌സിൻ പുറത്തിറക്കാനാകുമെന്നാണ് കേന്ദ്ര സർക്കാർ കണക്കുകൂട്ടുന്നത്.

ഇന്ത്യയിൽ ആകെ ആക്‌ടീവ് കൊവിഡ് രോഗികളുടെ എണ്ണം 7.7 ലക്ഷമാണ്. ഒന്നാം സ്ഥാനത്തുള‌ള അമേരിക്കയിൽ ഇത് 8.4 ലക്ഷമാണ്. രാജ്യത്ത് ഇതുവരെ 1.1 ലക്ഷം ജനങ്ങൾ കൊവിഡ് ബാധിച്ച് മരണമടഞ്ഞു. കൂടുതൽ മരണം ഒഴിവാക്കാൻ കൃത്യമായ മാർഗ നിർദേശങ്ങൾ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണപ്രദേശങ്ങൾക്കും കേന്ദ്ര സർക്കാർ നൽകുന്നുണ്ട്. ഇന്ത്യയിലെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 77,61,312 ആയി. ഇതിൽ ഇപ്പോഴും പോസി‌റ്റീവായുള‌ളവർ 6,95,509 ആണ്. 69,48,497 പേർ കൊവിഡ് മുക്തി നേടിക്കഴിഞ്ഞു. കൊവിഡ് മുക്തി നിരക്ക് 89.5% ആയി. അതേസമയം 1,17,306 പേർ മരണത്തിന് കീഴടങ്ങി. മരണനിരക്ക് 1.5% ആണ്.

പ്രതിദിനം ടെസ്‌റ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുകയാണ്. 14,42,722 സാമ്പിളുകൾ 24 മണിക്കൂറിനിടെ പരിശോധിച്ചു. ആകെ പരിശോധിച്ച സാമ്പിളുകൾ 10,01,13,085 ആണ്. കൊവിഡ് ബാധിത സംസ്ഥാനങ്ങളിൽ മുന്നിലുള‌ള മഹാരാഷ്‌ട്രയിൽ പ്രതിദിനം കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം തുടർച്ചയായി അഞ്ചാം ദിവസവും 10,000ൽ കുറവ് രേഖപ്പെടുത്തി. 7539 പേർക്കാണ് 24 മണിക്കൂറിനിടെ കൊവിഡ് സ്ഥിരീകരിച്ചത്. 198 മരണവുമുണ്ടായി. പിന്നിലായി കേരളം, കർണാടക,പശ്ചിമ ബംഗാൾ,ഛത്തീസ്ഗഡ്, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലാണ്.

കേരളത്തിൽ പത്ത് വയസിൽ താഴെയുള‌ളവരിലും 60 വയസിന് മുകളിലുള‌ളവരിലും രോഗബാധ വർദ്ധിക്കുന്നതായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. രാജ്യത്ത് ആദ്യമായി കൊവിഡ് രേഖപ്പെടുത്തിയത് ജനുവരി മാസത്തിലാണ്. കേരളത്തിലായിരുന്നു അത്.

ആഗോളതലത്തിലെ കണക്ക് നോക്കിയാൽ 4.12 കോടി ജനങ്ങൾ രോഗബാധിതരായി. 11.3 ലക്ഷം ജനങ്ങൾ മരണമടഞ്ഞു. 8.18 ലക്ഷം കേസുകളും 2.2 ലക്ഷം മരണവുമുള‌ള അമേരിക്കയാണ് കൊവിഡ് രൂക്ഷമായി ബാധിച്ച രാജ്യം.