
കോട്ടയം: ഇടതുമുന്നണിയിൽ വിശ്വാസമെന്ന് എൻ സി പി നേതാവും എം എൽ എയുമായ മാണി സി കാപ്പൻ. കേരള കോൺഗ്രസ് - എം ജോസ് വിഭാഗത്തെ ഇടതുമുന്നണി ഘടക കക്ഷിയാക്കാൻ തീരുമാനിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പാലാ സീറ്റിന്റെ കാര്യത്തിൽ ബലം പിടിക്കില്ലെന്ന് ജോസ് പറഞ്ഞിട്ടുണ്ടെന്നും ആശങ്കവേണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ടെന്നും ബാക്കി കാര്യങ്ങൾ എൻ സി പി ചർച്ചചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തേ ജോസ് വിഭാഗം ഇടതുമുന്നണിയോട് അടുക്കുന്ന ഘട്ടത്തിൽ എന്തുവന്നാലു പാലാസീറ്റ് വിട്ടുകൊടുക്കില്ലെന്ന് മാണി സി കാപ്പൻ പരസ്യമായി പറഞ്ഞിരുന്നു. ഒരുവേള അദ്ദേഹം യു ഡി എഫിനോട് അടുക്കുകയാണെന്നും പ്രചാരണമുണ്ടായിരുന്നു.
കഴിഞ്ഞദിവസം ചേർന്ന ഇടതുമുന്നണി യാേഗമാണ് ജോസ് വിഭാഗത്തെ ഘടകകക്ഷിയാക്കാൻ തീരുമാനിച്ചത്. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഈ തീരുമാനം ഏറെ പ്രയോജനം ചെയ്യുമെന്നാണ് എൽ ഡി എഫിന്റെ വിലയിരുത്തൽ.ഇടതു മുന്നണിയിലെ പതിനൊന്നാമത്തെ ഘടകകക്ഷിയാണ് ജോസ് വിഭാഗം.
ഇന്നലെ നടന്ന യോഗത്തിൽ ആമുഖമായി കൺവീനർ എ വിജയരാഘവനാണ് കേരള കോൺഗ്രസ്-എം യു ഡി എഫ് വിട്ട് എൽ ഡി എഫുമായി സഹകരിച്ച് പ്രവർത്തിക്കാൻ തീരുമാനിച്ചതായി അറിയിച്ചത്. അവരുടെ കത്ത് ലഭിച്ച സാഹചര്യത്തിൽ ഘടകകക്ഷികൾ അഭിപ്രായം വ്യക്തമാക്കാൻ മുഖ്യമന്ത്രി പിണറായി വിജയനും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആവശ്യപ്പെട്ടു. യു ഡി എഫിനെ രാഷ്ട്രീയമായി ദുർബലപ്പെടുത്തുന്ന തീരുമാനമാണിതെന്നും വ്യക്തമാക്കി. മുന്നണി പൊതുവായെടുക്കുന്ന തീരുമാനത്തിനൊപ്പം നിൽക്കുമെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. പിന്നാലെ സംസാരിച്ച ഘടകകക്ഷികളെല്ലാം കാനത്തിന്റെ അഭിപ്രായത്തെ പിന്തുണയ്ക്കുകയായിരുന്നു.