
കൊവിഡ് വ്യാപനത്തിന് പിന്നാലെ താരങ്ങൾ ഉൾപ്പെടെ പലരും കൃഷിയിലേക്ക് തിരിഞ്ഞിരിക്കുകയാണ്. അത്തരത്തിൽ നടൻ സലീം കുമാറിന്റെ പാടത്ത് വിത്ത് വിതയ്ക്കുന്ന സംവിധായകൻ ലാൽ ജോസിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
ഇപ്പോഴിതാ വൻ ഓഫർ മുന്നിൽ വച്ചിട്ടാണ് ലാൽ ജോസ് വിത്ത് വിതച്ചതെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയിരിക്കുകയാണ് സലീം കുമാർ. ആ ഓഫർ എന്താണെന്നല്ലേ? കൊയ്ത്തു കഴിയുമ്പോൾ ഒരു കിലോ നെൽവിത്ത് ഒറ്റപ്പാലത്ത് എത്തിക്കാമെന്നാണ് ആ ഓഫർ. ഏകദേശം 1000 കിലോ നെൽ വിത്തിന് തനിക്ക് ഓർഡർ വന്നുവെന്ന് സലീം കുമാർ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ലാൽ ജോസും, "കൃഷ്ണാ കമൂദും "
**********************
ഏകദേശം 250ഓളം നെൽവിത്തുകൾ കേരളത്തിൽ പാരമ്പര്യമായ രീതിയിൽ കൃഷി ചെയ്തു വന്നിരുന്നു എന്നാണ് എന്റെ ഒരു ചെറിയ അറിവ്. എന്നാൽ കാലാന്തരത്തിൽ കേരളത്തിലെ ജനങ്ങൾക്ക് നെൽ കൃഷിയിൽ താല്പര്യം കാണിക്കാതെ വന്നപ്പോൾ പല നെൽവിത്തിനങ്ങളും കേരളത്തിലെ പാടങ്ങളിൽ നിന്ന് പായയും തെറുത്തു പോയി. എന്നാൽ വയനാട്ടിലെ ആദിവാസി ഗോത്രത്തിൽപ്പെട്ട ചില കർഷകരുടെ കയ്യിൽ എഴുപതോളം നെൽവിത്തുകളുടെ ഒരു ലൈബ്രറി തന്നെ ഉണ്ടെന്ന അറിവ് എന്നെ അത്ഭുതപ്പെടുത്തി, അങ്ങനെ കൃഷ്ണ കമൂദ് എന്ന ഔഷധ ഗുണമുള്ള നെൽവിത്തിനെക്കുറിച്ച് വയനാട്ടിലെ എന്റെ സുഹൃത്തും നെൽ കർഷകനുമായ ഷാജിയോട് പറയുകയും. അദ്ദേഹം എനിക്ക് ഒരു കിലോ നെൽവിത്ത് എനിക്ക് പാഴ്സൽ ആയി അയച്ചു തരികയും ചെയ്തു ( പൈസ വാങ്ങിയില്ല കൃഷി ചെയ്തു വിളവെടുപ്പ് കഴിയുമ്പോൾ ഞാൻ വാങ്ങിയ ഒരു കിലോ നെല്ല് തിരിച്ചു നൽകണം 😀 😀)
വയനാട്ടിലെ ശുദ്ധജലത്തിൽ വളരുന്ന കൃഷ്ണാ കമൂദ് ഒരിക്കലും പറവൂരിലെ ലവണാംശം ഉള്ള പൊക്കാളി പാടത്ത് വളരില്ല എന്നതിനാൽ എന്റെ വീടിന്റെ പിറകിൽ തന്നെ 2 സെന്റ് സ്ഥലത്ത് ഒരു പാടം ഒരുക്കി. വിത്ത് വിതക്കേണ്ട ദിവസം. ഒറ്റപ്പാലത്തു നിന്നും എറണാകുളത്തേക്കു പോവുകയായിരുന്ന ലാൽജോസ് എന്റെ വീട്ടിലെത്തി.അങ്ങനെ ഉച്ചയൂണ് എല്ലാം കഴിഞ്ഞു അദ്ദേഹത്തിന്റെ പുതിയ സിനിമയെക്കുറിച്ചും, എന്റെ കഥാപാത്രത്തെ കുറിച്ചും ഒക്കെ സംസാരിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ എന്റെ ഭാര്യക്ക് ലാൽ ജോസിനെ കൊണ്ട് വിത്ത് വിതയുടെ ഉദ്ഘാടനം നിർവഹിപ്പിക്കണമെന്ന്. അതിനായി ഒരു വൻ ഓഫർ അദ്ദേഹത്തിന് മുന്നിൽ വച്ചു. കൊയ്ത്തു കഴിയുമ്പോൾ ഒരു കിലോ നെൽവിത്ത് ഒറ്റപ്പാലത്ത് എത്തിക്കാം. ആ ഓഫറിൽ അദ്ദേഹം വീണു, വിത്തുവിതച്ചു.
രണ്ടു ദിവസം കഴിഞ്ഞപ്പോൾ അദ്ദേഹം തന്നെ ഫേസ്ബുക്ക് പേജിലൂടെ ഈ സംഭവം പങ്കുവച്ചു, അതു വായിച്ച് ഒരുപാട് പേർ എന്നെ വിളിച്ചു ഏകദേശം 1000 കിലോ നെൽ വിത്തിന് ഓർഡർ വന്നു.
ഒരു കിലോ നെല്ല് വിത്താണ് ഞാനാകെ വിതച്ചിരിക്കുന്നത്
അതിൽ ഒരു കിലോ ഷാജിക്ക് കടം വാങ്ങിയത് കൊടുക്കണം
ഒരു കിലോ ലാൽജോസിന് കൊടുക്കണം
ബാക്കി 998 കിലോക്ക്
ഞാൻ ഏതു പാടത്ത് പോയി കൊയ്യും എന്നാ ആലോചിച്ചിട്ട് ഒരു എത്തും പിടിയും കിട്ടുന്നില്ല.🤔
ഏതായാലും അദ്ദേഹത്തിന്റെ ആ പ്രവർത്തി കൊണ്ട് കുറച്ചുപേരെങ്കിലും നെൽ കൃഷിയെ കുറിച്ച് ചിന്തിച്ചല്ലോ
നന്ദി ലാൽജോസ്
നന്ദി ഷാജി