china

ന്യൂഡൽഹി: ലോകമാകെ വളരെയധികം ദുരിതം വിതച്ച രോഗമാണ് കൊവിഡ്. 10 ലക്ഷത്തിലധികം പേരാണ് ലോകമാകെ ഈ രോഗത്തിന് കീഴടങ്ങിയത്. ലോകശക്തിയായ അമേരിക്ക പോലും കൊവിഡിന് മുന്നിൽ പതറുകയാണ്. ആരോഗ്യപരമായും; സാമ്പത്തികമായും. എന്നാൽ ഈ സമയത്തും ഗാർഹിക സ്വത്തിൽ വർദ്ധന വന്ന രണ്ട് രാജ്യങ്ങളേയുള‌ളൂ. കൊവിഡ് ആവിർഭവിച്ച ചൈനയും ഇന്ത്യയും. രാജ്യത്തെ ആഗോള സമ്പദ് നിരക്ക് 2019 അവസാനം മുതൽ ഈ വർഷം ജൂൺ വരെ 399.2 ട്രില്യണാണ്. മുൻപത്തെക്കാളും ഏതാണ്ട് ഒരു ട്രില്യണിന്റെ വർദ്ധനവ്. ക്രെഡി‌റ്റ് സൂയിസ് ഗ്രൂപ്പ് പുറത്തിറക്കിയ ആഗോള സമ്പദ് നിരക്കിലാണ് ഈ കണ്ടെത്തൽ.

ഇന്ത്യയിലും ചൈനയിലും ഗാർഹിക സ്വത്തിൽ മാ‌റ്റമൊന്നും മഹാമാരി മൂലം ഉണ്ടായില്ലെന്ന് സാമ്പത്തിക വിദഗ്‌ധൻ അന്തോണി ഷൊർറോക്‌സ് പറയുന്നു. കൊവിഡ് മൂലം പിന്നാക്കം പോയ ആഗോള സമ്പദ് നിരക്ക് മുന്നിലെത്താൻ അടുത്ത വർഷമാകണം. വടക്കേ അമേരിക്കൻ രാജ്യങ്ങളിലാണ് കൊവിഡ് മൂലം സാമ്പത്തികരംഗം വല്ലാതെ തകർന്നത്. അമേരിക്കയിൽ സമ്പത്തിന് 5 ശതമാനം കുറവാണ് ഓരോരുത്തരിലും ഉണ്ടാകുക. 2021ലും ആ നിലയിൽ തന്നെയാകും തുടരുക.

അതേസമയം ചൈനയിൽ ഗാർഹിക സമ്പത്ത് 4.4% വർദ്ധിച്ചു. ഇന്ത്യയിൽ ഇത് 1.6% ആണ്. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിൽ ഗാർഹിക സമ്പത്ത് കുത്തനെ ഇടിഞ്ഞു. 13 ശതമാനം കുറവാണ് ഇവിടെ രേഖപ്പെടുത്തിയത്. വ്യക്തിഗത സമ്പത്ത് 77,309 ഡോളറിൽ നിന്ന് 76,984 ഡോളറായി കുറഞ്ഞു. സ്വി‌റ്റ്‌സർലണ്ട്,നെതർലാന്റ്,തായ്‌പേയ്,ഹോങ്‌കോംഗ് എന്നീ രാജ്യങ്ങളിൽ ഗാർഹിക സമ്പത്ത് ഉയർന്നപ്പോൾ നോർവെയിലും യു.കെയിലും കുത്തനെ ഇടിഞ്ഞു.

51.9 മില്യൺ ആയി സമ്പത്ത് കുറഞ്ഞെങ്കിലും കോടീശ്വരന്മാരുടെ എണ്ണത്തിൽ ലോകത്തിൽ മാ‌റ്റമൊന്നുമുണ്ടായിട്ടില്ല. 50 മില്യൺ ഡോളറിലേറെ സമ്പത്തുള‌ള അതിസമ്പന്നരിൽ 120 പേരുടെ മാത്രമേ കുറവുണ്ടായുള്ളു. 1,75,570 പേരാണ് ഈ വിഭാഗത്തിലുള‌ളത്. ഇതിൽ ലോകത്ത് ഏ‌റ്റവുമധികം സമ്പത്തുള‌ളവരിൽ ഒരു ശതമാനവും ലോകത്തെ ആകെ കോടീശ്വരന്മാരിൽ 39 ശതമാനവും അമേരിക്കയിലാണ്. അമേരിക്കയിലെ ടെക് ലോകത്തിൽ ലക്ഷങ്ങൾക്കാണ് കൊവിഡ് മൂലം തൊഴിൽനഷ്ടം സംഭവിച്ചത്. എന്നാൽ ലോകത്തെ ഏ‌റ്റവും ധനികനായ ആമസോൺ ഗ്രൂപ്പ് ഉടമ ജെഫ് ബെസോസിന് 73 ബില്യൺ ഡോളർ സ്വത്ത് വർദ്ധിച്ചു. ഇപ്പോൾ 188 ബില്യൺ ആണ് ജെഫിന്റെ ആസ്‌തി. ഫേസ്‌ബുക്ക് ഉടമ മാർക് സുക്കർബർഗിന് 27 ബില്യൺ ഡോളർ സ്വത്ത് വർദ്ധിച്ച് 105 ബില്യൺ ഡോളറായി. സൂം വീഡിയോ ആപ്പിന്റെ സ്ഥാപകൻ എറിക് യുവാന്റെ ആസ്‌തി 22 ബില്യൺ ഡോളർ ആയി. ലോകത്തെ 500ഓളം അതിസമ്പന്നർക്ക് 970 ബില്യൺ സ്വത്ത് വരുമാനം വർദ്ധിച്ചിട്ടുണ്ട്.

ലോകത്തെ അതിസമ്പന്നരിൽ ഒരു ശതമാനത്തിനാണ് ആഗോള സ്വത്തിൽ 43 ശതമാനം കൈവശമുള‌ളത്. എന്നാൽ 10,000 ഡോളറിൽ കുറവ് സമ്പത്തുള‌ള 2.8 ബില്യൺ ജനങ്ങൾ ചേർന്ന് ലോക സമ്പത്തിന്റെ 1.4% മാത്രമാണ് സ്വന്തമായുള‌ളത്. വനിതാ ജീവനക്കാർ,യുവജനങ്ങൾ, ന്യൂനപക്ഷങ്ങൾ എന്നിവർക്ക് തൊഴിൽ, സാമ്പത്തിക നഷ്‌ടം രൂക്ഷമായി ബാധിച്ചു. ബിസിനസുകൾ, റസ്‌റ്റോറന്റുകൾ എന്നിവയുടെ പ്രവർത്തനത്തെ ബാധിച്ചതിനാലാണിത്. എന്നാൽ മുന്നേറുന്ന വിപണികളിൽ ചൈന തന്നെയാകും ലോകത്തെ ഒന്നാമനായി മാറുക.