
രാവിലെ  എത്ര സന്തോഷത്തോടെ ഉണരുന്നു എന്നതിനനുസരിച്ചിരിക്കും അന്നത്തെ ദിവസം. അലാറത്തെ പഴിച്ചുകൊണ്ട് എണീറ്റാൽ തന്നെ മടുപ്പിലായിരിക്കും തുടക്കം. ചെയ്യാനുള്ള ജോലികൾ കൃത്യസമയത്ത് ചെയ്തു തീർക്കാൻ വേണ്ടിയാണ് അലാറം സെറ്റുചെയ്യുന്നത് എന്ന ബോധ്യം ആദ്യം മനസിലുണ്ടാവണം. ഇത് മറന്നുപോകുമ്പോഴാണ് പാവം അലാറത്തെ കുറ്റം പറഞ്ഞ് ഒരു ദിവസം തന്നെ നശിപ്പിക്കുന്നത്. ദൈവത്തോട് നന്ദി പറഞ്ഞ് ഉത്സാഹത്തോടെ ഉണരൂ. ആ ദിവസം നിങ്ങൾക്ക് വളരെ നല്ലതും സന്തോഷം നിറഞ്ഞതുമായിരിക്കും. വ്യായാമം നൽകുന്ന മാനസിക സന്തോഷം വളരെ വലുതാണ്. ഏറെ സമയമൊന്നും വേണ്ട ഇതിന്. 1030 മിനിറ്റ് വ്യായാമം പതിവാക്കുക. ധ്യാനം, യോഗ, നടത്തം, സൂര്യനമസ്കാരം, ഏതും നല്ലതുതന്നെ. ഇവയൊക്കെ ജീവിതത്തിന്റെ ഭാഗമാകുമ്പോൾ തന്നെ മനസിനും ശരീരത്തിനും കൈവരുന്ന ഊർജം മനസിലാകും. പക്ഷേ ഒരുദിവസം തുടങ്ങി ഒരാഴ്ച കഴിഞ്ഞ് അവസാനിപ്പിക്കാനാകരുത് ഇവയൊന്നും. ദിനചര്യകളായി കൊണ്ടുപോകാൻ ശ്രമിക്കണം ഇതെല്ലാം.