
''എന്താ മോനേ മൂലയ്ക്ക് മാറി നിൽക്കുന്നത് ഇങ്ങോട്ട് വരൂ...""
ബ്ലാഞ്ചി കഫിയർ എന്ന വനിത ആ കുട്ടിയോട് പറഞ്ഞു.
സിയാറ്റിലെ വ്യൂറിഡ്ജ് എലിമെന്ററി സ്കൂളിലെ ലൈബ്രേറിയൻ ആയിരുന്നു ബ്ലാഞ്ച് കഫിയർ. അന്തർമുഖനും ആത്മവിശ്വാസമില്ലാത്തവനുമായ ആ കുട്ടിയുടെ പേര് നമുക്കിന്നറിയാം. ബിൽഗേറ്റ്സ്!
ലജ്ജാലുവും അപകർഷതാബോധവുമുള്ള ആ പയ്യൻ അവന്റെ വൃത്തിയില്ലാത്ത കൈയക്ഷരത്തെ വെറുത്തിരുന്നു. മാതാവിന്റെ സ്നേഹവാത്സല്യങ്ങളോടെ അവർ അവനെ അരികത്തേക്ക് വിളിച്ചപ്പോൾ അവന്റെ അകം നിറഞ്ഞു. അവൻ ആ സ്നേഹവതിയുടെ അരികിലേക്ക് ചെന്നു. ഉജ്ജ്വലമായ കഴിവുകളുള്ള കുട്ടിയാണ് തന്റെ മുന്നിൽ നിൽക്കുന്നതെന്ന് അവന്റെ കണ്ണുകളിലെ പ്രകാശം അവരോട് പറഞ്ഞു. അവന്റെ ഉള്ളിലെ ജ്ഞാനതൃഷ്ണ അവർ മനസിലാക്കി. അവന്റെ ഉൾക്കനം അവനെത്തന്നെ ബോദ്ധ്യപ്പെടുത്തണമെന്ന് വാത്സല്യനിധിയായ ആ ലൈബ്രേറിയൻ തീരുമാനിച്ചു.
വായനയോട് തീവ്രമായ അഭിനിവേശമുണ്ടായിരുന്ന വിജ്ഞാനദാഹിയായ ബിൽഗേറ്റ്സിന് അത് പുറത്ത് പ്രകടിപ്പിക്കാനുള്ള ആത്മവിശ്വാസമുണ്ടായിരുന്നില്ല. പുസ്തകങ്ങളെ കുറിച്ച് ചോദിക്കാനും അത് തിരഞ്ഞുപിടിക്കാനും അന്തർമുഖനായ അവന് പ്രയാസമായിരുന്നു. ഏത് പുസ്തകമാണ് വായിക്കേണ്ടതെന്നതിനെക്കുറിച്ച് അവന് ചിന്താകുഴപ്പവും ഉണ്ടായിരുന്നു.
അവനെ അരികിൽ വിളിച്ച് പുസ്തകങ്ങളെക്കുറിച്ചും വായനയുടെ അത്ഭുതലോകത്തെക്കുറിച്ചും അവർ പറഞ്ഞുകൊടുത്തു. പുസ്തകങ്ങൾ തിരഞ്ഞുപിടിക്കാൻ സഹായിച്ചു. ഏതൊക്കെ പുസ്തകങ്ങൾ വായിക്കണമെന്ന് ഉപദേശിച്ചു. അവന്റെ ഇഷ്ടവിഷയങ്ങളെക്കുറിച്ച് ചോദിച്ചറിഞ്ഞു. അതിനുള്ള ഗ്രന്ഥങ്ങൾ വായിക്കാൻ പ്രോത്സാഹിപ്പിക്കുകയും പുസ്തകങ്ങൾ നൽകുകയും ചെയ്തു. ഒരു പുസ്തകത്തെക്കുറിച്ച് അവൻ പറയുമ്പോൾ ഇഷ്ടപ്പെടാനുള്ള കാരണം അവർ വ്യക്തമായി ചോദിച്ചു മനസിലാക്കും. കൂടുതൽ അറിവ് ലഭിക്കുന്നതിനുള്ള ഉപായവും വായനയുടെ രീതിശാസ്ത്രവുമൊക്കെ ആ സ്നേഹമയിയായ ലൈബ്രേറിയൻ അവനെ പഠിപ്പിച്ചു. പുസ്തകങ്ങളുടെ അത്ഭുതലോകത്തുനിന്നും വിജ്ഞാനത്തിന്റെ മാസ്മരികത എന്തെന്ന് അവൻ അറിഞ്ഞു. അഗാധമായ ജ്ഞാനത്തിന്റെ ഉടമയായി ബിൽഗേറ്റ്സ് മാറിയത് അങ്ങനെയാണ്. ജീവിതവിജയത്തിന്റെ ഓരോ പടവുകളിൽ നിന്നും പുതിയ ജ്ഞാനമേഖലകളിലേക്ക് കയറാൻ പ്രേരിപ്പിച്ചത് ബ്ളാഞ്ചെയായിരുന്നു.
ഒരിക്കൽ ബിൽഗേറ്റ്സ് ഇങ്ങനെ പറയുകയുണ്ടായി..
''എന്റെ കൗതുകങ്ങളെയും അറിയാനുള്ള ആകാംക്ഷയെയും ക്ഷമയോടെ മനസിലാക്കി എന്റെ ജ്ഞാനത്തിന്റെ ഉദാത്തലോകത്തേക്ക് നയിച്ചത് അവരായിരുന്നു..""
നൂറ് വയസ് കഴിഞ്ഞാണ് ബ്ലാഞ്ചെ മരിച്ചത്. നൂറാം ജന്മദിത്തിന് കുറേദിവസങ്ങൾക്ക് മുമ്പ് ബിൽഗേറ്റ്സിന് അവരെ കാണാനും തന്റെ സ്നേഹവും നന്ദിയും കടപ്പാടും അറിയിക്കാനും കഴിഞ്ഞു. തന്നോട് കാണിച്ച സ്നേഹവും കരുതലുമാണ് അപകർഷതാബോധത്തെ അതിജീവിച്ച് വായനയുടെയും അതുവഴി വിജ്ഞാനത്തിന്റെയും വിശാലലോകത്തേക്ക് എത്താൻ സഹായിച്ചതെന്ന് അവരുടെ സമീപത്തിരുന്ന് അത്യാദരവോടെ പറഞ്ഞു. അങ്ങനെ, ആരുമറിയാതെ തികച്ചും സാധാരണക്കാരിയായി മരിച്ചുപോകേണ്ടിയിരുന്ന  ബ്ലാഞ്ച് കഫിയർ മഹാനായ ബിൽഗേറ്റ്സിന്റെ കൃതജ്ഞതാപൂർണമായ  ഓർമ്മ കൊണ്ട് ലോകം മുഴുവൻ അറിയപ്പെട്ടു.
ജീവിതവിജയത്തിന്റെ  ഉത്തുംഗശ്രേണിയിൽ  എത്തിയിട്ടുള്ള മിക്കവർക്കും ഇതുപോലുള്ള സഹായങ്ങളും പ്രചോദനവും കിട്ടിയിട്ടുള്ളവരായിരിക്കും. ജീവിതലക്ഷ്യം കണ്ടെത്താനും ദിശാബോധം നൽകാനും ' മെന്റർ "ആയി ആരെങ്കിലും ഉണ്ടെങ്കിൽ വിജയത്തിലേക്കുള്ള പാത സുഖകരമായിരിക്കും. എല്ലാവരുടെ ജീവിതത്തിലും അങ്ങനെ സ്വാധീനം ചെലുത്തിയ വ്യക്തികൾ ഉണ്ടാവും. അവരെ ചിലരൊക്കെ ഇപ്പോൾ മറന്നുകാണും. ഒരിടത്ത് ശാന്തമായിരുന്ന് ഭൂതകാലത്തിലേക്ക് നോക്കുക. ഇന്നത്തെ സന്തോഷകരമായ ജീവിതം ലഭിക്കാൻ പ്രചോദനവും അവസരവും പിന്തുണയും നൽകിയ ആരെങ്കിലുമുണ്ടോ? അവരെ വേണ്ടവിധത്തിൽ നന്ദിയും സ്നേഹവും  അറിയിച്ചിട്ടുണ്ടോ? അത്തരമൊരു ആത്മപരിശോധനയിലൂടെ നാം കൃതജ്ഞതാഭരിതരാവും. അങ്ങനെ ആരെങ്കിലുമുണ്ടെങ്കിൽ അവരെ എത്രയും വേഗത്തിൽ നിങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുക. ഒരു മനുഷ്യനെന്ന നിലയിൽ നാം അത്രയുമെങ്കിലും ചെയ്യണ്ടേ?