mafia-attacked-

കാട്ടാക്കട:പട്ടകുളം കല്ലാമത്ത് കഞ്ചാവ് മാഫിയ എ എസ് ഐ അടക്കമുളള പൊലീസ് സംഘത്തെ ആക്രമിച്ചത് അതിക്രൂരമായി. കാട്ടാക്കട സ്റ്റേഷനിലെ എ എസ് ഐ പി നവാസ്, ക്യാമ്പ് പൊലീസുകാരായ ടി.ആർ. ബിജു, എം. ശ്രീനാഥ് എന്നിവർക്കാണ് പരിക്കേറ്റത്. മൂവരും ചികിത്സയിലാണ്. പൊലീസ് വാഹനവും തകർത്തു. അക്രമത്തിന് നേതൃത്വം നൽകിയ രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കഴിഞ്ഞദിവസം രാത്രി ഏഴരയോടെയായിരുന്നു പ്രദേശത്തെ ഞെട്ടിച്ച സംഭവം നടന്നത്. പന്നിയോട് വാട്ടർടാങ്കിന് സമീപത്ത് മാരകായുധങ്ങളുമായി എത്തിയ സംഘം മദ്യപിച്ച് ബഹളംവയ്ക്കുന്നതായി പൊലീസിന് വിവരം ലഭിച്ചു. ഇതിനെത്തുടർന്ന് കാട്ടാക്കട എസ്.ഐ നിജാമിന്റെ നിർദ്ദേശപ്രകാരം പ്രദേശത്ത് നിരീക്ഷണത്തിലെത്തിയ പൊലീസ് സംഘം വഴിയിൽ കൂട്ടം കൂടി നിന്നവരോട് കാര്യം തിരക്കി. അതോടെ ഇവർ കൂടുതൽപ്പേരെ വിളിച്ചുവരുത്തുകയും പൊലീസ് സംഘത്തെ വളഞ്ഞിട്ട് ആക്രമിക്കുകയുമായിരുന്നു.

പൊലീസ് ജീപ്പിന്റെ മുന്നിലെയും വശത്തെയും ഗ്ളാസുകൾ അടിച്ചുപൊട്ടിട്ടു. തുടർന്ന് ബിജുവിനെ ഡ്രൈവിംഗ് സീറ്റിലേക്ക് ചേർത്തുനിറുത്തി ക്രൂരമായി മർദ്ദിച്ചു. എ എസ് ഐ പി നവാസിനെ ചവിട്ടി വീഴ്ത്തിയശേഷം വളഞ്ഞിട്ട് തല്ലി. ശ്രീനാഥിനെ കമ്പിവടികൊണ്ടായിരുന്നു ആക്രമിച്ചത്.

പിടിച്ചുനിൽക്കാൻ കഴിയില്ലെന്ന് വ്യക്തമായതോടെ ഒരുതരത്തിൽ ജീപ്പിൽ കയറിയ പൊലീസുകാർ അക്രമികളിൽ നിന്ന് ഊടുവഴികളിലൂടെ രക്ഷപ്പെടുകയായിരുന്നു. ഇവർ വിവരമറിയിച്ചതനുസരിച്ച് കൂടുതൽ പൊലീസ് സ്ഥലത്തെത്തി. പന്നിയോടുവച്ച് അക്രമികൾ വീണ്ടും പൊലീസിനെ നേരിടാൻ തയ്യാറായി എത്തിയെങ്കിലും വൻ പൊലീസ് സംഘത്തെ കണ്ടതോടെ പിന്തിരിഞ്ഞ് ഓടുകയായിരുന്നു.

പിന്തുടർന്ന പൊലീസ് അക്രമി സംഘത്തിലെ സഹോദരങ്ങളായ ഇലക്കോട് കുന്നിൽ വീട്ടിൽ ബി. ഹരികൃഷ്ണൻ, ബി. വിഷ്ണു എന്നിവരെ കസ്റ്റഡിയിലെടുത്തു.13 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്കായി അന്വേഷണം ഊർജ്ജിതമാക്കി. പൊലീസുകാരുമായി അടുത്തിടെയും വാക്കുതർക്കമുണ്ടായ സംഘമാണ് ഇതെന്നും പൊലീസ് പറഞ്ഞു. ഹരികൃഷ്ണൻ നിരവധി കേസുകളിൽ ശിക്ഷ അനുഭവിച്ചയാളാണ്.

കല്ലാമം ജംഗ്ഷനിലെ കുടിവെള്ള സംഭരണിക്ക് മുകളിൽ തമ്പടിക്കുന്ന കഞ്ചാവ് സംഘത്തിനെ അന്വേഷിച്ച് വിദൂര സ്ഥലങ്ങളിൽ നിന്നുപോലും കൗമാരക്കാർ എത്തുന്നത് പതിവാണ്. വാട്ടർടാങ്കും പരിസരവും ലഹരിമാഫിയയുടെ വിഹാര കേന്ദ്രമാണ്. എപ്പോഴും പത്തിലധികം യുവാക്കൾ ഇവിടെയുണ്ടാവും.സമീപത്തെ റബർതോട്ടത്തിൽ മദ്യപാനത്തിനും ലഹരിമരുന്ന് ഉപയോഗത്തിനുമായി ടാൻപോളിൻ ഷീറ്റുകൊണ്ട് നിർമ്മിച്ച പ്രത്യേക കേന്ദ്രങ്ങളും ഇവർ സ്ഥാപിച്ചിട്ടുണ്ട്. ആരെങ്കിലും പരാതിപ്പെട്ടാൽ അവരെ സംഘം ആക്രമിക്കുകയും ചെയ്യും.